കെ.ചിറ്റിലപ്പിളി ഫൗണ്ടേഷന്റെ എന്റെ വീട് പദ്ധതിയില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച വീടുകളുടെ താക്കോല്‍ ദാനം ഫൗണ്ടേഷന്‍ ചെയര്‍മാന്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി എറണാകുളം കാക്കനാട് ചിറ്റിലപ്പിള്ളി സ്‌ക്വയറില്‍ നിര്‍വ്വഹിക്കുന്നു.  
News & Views

ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്റെ എന്റെ വീട് പദ്ധതിയില്‍ 1,000 വീടുകള്‍; മാതൃകാ പദ്ധതിക്ക് സ്വപ്‌ന സാഫല്യം

വീടില്ലാത്ത ആയിരങ്ങള്‍ ഉണ്ടെന്നത് സങ്കടപ്പെടുത്തുന്ന യാഥാര്‍ത്ഥ്യമെന്ന് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി

Dhanam News Desk

ഭവന രഹിതര്‍ക്ക് ആശ്വാസത്തിന്റെ തണലൊരുക്കുന്ന കെ.ചിറ്റലപ്പിള്ളി ഫൗണ്ടേഷന്റെ എന്റെ വീട് പദ്ധതിക്ക് ആയിരത്തിന്റെ നിറവ്. എറണാകുളം ജില്ലയില്‍ ആറ് വീടുകളുടെ നിര്‍മാണം പൂര്‍ത്തിയായതോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ആയിരം നിര്‍ധന കുടുംബങ്ങള്‍ക്കാണ് വീടെന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമായത്. കെ ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയുടെ നേതൃത്വത്തില്‍ പുതിയ ആറ് വീടുകളുടെ താക്കേല്‍ദാനം എറണാകുളം കാക്കനാട് ചിറ്റിലപ്പിള്ളി സ്‌ക്വയറില്‍ നടന്ന ചടങ്ങില്‍ നിര്‍വ്വഹിച്ചു.

ആയിരം വീടുകള്‍ ലഭിച്ചവരില്‍ ഏറെ പേരും ചടങ്ങിനെത്തിയിരുന്നു. സ്വാതന്ത്ര്യം നേടി വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും നമ്മുടെ നാട്ടില്‍ വീടില്ലാതെ ആയിരക്കണക്കിനാളുകള്‍ കഴിയുന്നുണ്ടെന്നത് സങ്കടപ്പെടുത്തുന്ന യാഥാര്‍ത്ഥ്യമാണെന്ന് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി പറഞ്ഞു. അത്തരം ആളുകള്‍ക്ക് ഒരു കൈത്താങ്ങ് എന്ന നിലയിലാണ് എന്റെ വീട് പദ്ധതി തുടങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.


കൂടുതല്‍ വീടുകള്‍ കോഴിക്കോട് ജില്ലയില്‍

കോഴിക്കോട് ജില്ലയിലാണ് എന്റെ വീട് പദ്ധതിയിലൂടെ കൂടുതല്‍ പേര്‍ക്ക് വീടുകള്‍ ലഭിച്ചത്. 235 വീടുകളാണ് നല്‍കിയത്. കൊല്ലം ജില്ലയില്‍ 164 വീടുകളും തൃശൂരില്‍ 96 വീടുകളും നിര്‍മാണം പൂര്‍ത്തിയാക്കി മലപ്പുറം (87) തിരുവനന്തപുരം (80), ആലപ്പുഴ (64), പാലക്കാട് (62), വയനാട് (61), കോട്ടയം (45), എറണാകുളം (32), കണ്ണൂര്‍ (30), കാസര്‍കോട് (24), ഇടുക്കി (11), പത്തനംതിട്ട (9) എന്നിങ്ങനെയാണ് മറ്റു ജില്ലകളില്‍ പൂര്‍ത്തിയാക്കിയ വീടുകളുടെ എണ്ണം. മാതൃഭൂമിയുമായി ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. വീടൊന്നിന് നാല് ലക്ഷം രൂപയാണ് ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്‍ നല്‍കുന്നത്. അഞ്ച് ഗഡുക്കളായിട്ടാണ് ഈ തുക നല്‍കുന്നത്.

കേരളത്തിന് മാതൃകയാകേണ്ട പദ്ധതി

വരുമാനത്തിന്റെ നല്ലൊരു പങ്കും സമൂഹത്തിനായി മാറ്റിവെക്കുന്ന കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയുടെ സമീപനം കേരളത്തിന് ആകെ മാതൃകയാകണമെന്ന് ചടങ്ങില്‍ മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ എം.വി. ശ്രേയാംസ് കുമാര്‍ പറഞ്ഞു. മാതൃഭൂമി മാനേജിങ് എഡിറ്റര്‍ പി.വി. ചന്ദ്രന്‍, കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. ജോര്‍ജ് സ്ലീബ, ജോയിന്റ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ബി. ജയരാജ്, മാതൃഭൂമി ഡയറക്ടര്‍ - ഓപ്പറേഷന്‍സ് ദേവിക എം.എസ്, കെ ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്‍ സോഷ്യല്‍ ഇനിഷ്യേറ്റീവ്സ് ഡയറക്ടര്‍ എം.എസ്. വിനോദ്, വര്‍മ ആന്‍ഡ് വര്‍മ ചാര്‍ട്ടേഡ് അക്കൗണ്ട്സ് ജോ. മാനേജിങ് പാര്‍ട്ണര്‍ വി. സത്യനാരായണ്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT