ലോക ഹെപ്പറ്റൈറ്റിസ് ദിനത്തോടനുബന്ധിച്ച് വി.പി.എസ് ലേക്‌ഷോര്‍ ആശുപത്രിയിൽ സംഘടിപ്പിച്ച പൊതുജന ബോധവത്കരണ പരിപാടി ഗ്രൂപ്പ് സി.ഇ.ഒ അഭിഷേക് പൊഡുരി ഉദ്ഘാടനം ചെയ്യുന്നു. ഡോ. വിഷ്ണു ഗിരീഷ്, ഡോ. മായ പീതാംബരൻ, ഡോ. അജിത് സി. കുര്യാക്കോസ്, ലക്ഷ്മൺ സേതുരാമൻ, ഡോ. റോയ് ജെ. മുക്കട, ഡോ. സുർത റാം വിഷ്ണോയ് എന്നിവർ സമീപം. 
News & Views

രാജ്യത്ത് നൂറിൽ രണ്ടുപേർക്ക് ഹെപ്പറ്റൈറ്റിസ് ബി/സി രോഗബാധ; നേരത്തേയുള്ള പരിശോധനയും വാക്സിനേഷനും നിർണായകമെന്ന് വിദഗ്ധർ

ജീവിതത്തിൽ ഒരിക്കലെങ്കിലും പരിശോധനയും വാക്സിനേഷനും ഉറപ്പാക്കണമെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്

Dhanam News Desk

ലോകാരോഗ്യ സംഘടന 2030-ഓടെ ഹെപ്പറ്റൈറ്റിസ് ഉന്മൂലനം ലക്ഷ്യമിടുമ്പോൾ, ഇന്ത്യയിൽ ഹെപ്പറ്റൈറ്റിസ് ബി/സി ബാധിതരുടെ എണ്ണം വൻതോതിൽ ഉയരുന്നതായി കൊച്ചിയിലെ ബോധവത്കരണ പരിപാടിയിൽ ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടി. അമ്മയിൽ നിന്ന് കുഞ്ഞിലേക്ക്, അണുവിമുക്തമല്ലാത്ത സിറിഞ്ചുകൾ, സുരക്ഷിതമല്ലാത്ത ലൈംഗികബന്ധം എന്നിവയിലൂടെ വൈറസ് പകരുന്ന സാഹചര്യത്തിൽ പ്രായപൂർത്തിയായവർ ജീവിതത്തിൽ ഒരിക്കലെങ്കിലും പരിശോധന നടത്തുകയും വാക്സിനേഷൻ ഉറപ്പാക്കുകയും ചെയ്യണമെന്നും അവർ നിർദേശിച്ചു.

രാജ്യത്ത് നൂറിൽ രണ്ടുപേർ വീതം ക്രോണിക് ഹെപ്പറ്റൈറ്റിസ്-ബി അല്ലെങ്കിൽ ഹെപ്പറ്റൈറ്റിസ്-സി രോ​ഗബാധിതരാണെന്ന് ആരോഗ്യ വിദഗ്ധർ. ലോക ഹെപ്പറ്റൈറ്റിസ് ദിനാചരണത്തോടനുബന്ധിച്ച് കൊച്ചി വി.പി.എസ് ലേക്‌ഷോർ ആശുപത്രിയിൽ സംഘടിപ്പിച്ച പൊതുജന ബോധവത്കരണ പരിപാടിയിലാണ് ആശങ്കാജനകമായ കണക്കുകൾ പുറത്തുവിട്ടത്.

ഇന്ത്യയിൽ ഏകദേശം 4 കോടി ആളുകൾക്ക് ഹെപ്പറ്റൈറ്റിസ്-ബിയും, 60 ലക്ഷം മുതൽ 1.2 കോടി വരെ ആളുകൾക്ക് ഹെപ്പറ്റൈറ്റിസ്-സിയും ബാധിച്ചിട്ടുണ്ട്. ആഗോളതലത്തിൽ 28 കോടി ആളുകളിലാണ് ഈ രോഗബാധയുള്ളതെന്നും വിദഗ്ധർ വ്യക്തമാക്കി.

ബോധവത്കരണവും പരിശോധനയും അനിവാര്യം

രോഗം തിരിച്ചറിയപ്പെടാതെ പോകുന്നതാണ് പലപ്പോഴും ഹെപ്പറ്റൈറ്റിസ് ബാധ ഗുരുതരമാകാൻ കാരണമെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത വി.പി.എസ് ലേക്‌ഷോർ ഗ്രൂപ്പ് സി.ഇ.ഒ അഭിഷേക് പൊഡുരി പറഞ്ഞു. ബോധവത്കരണവും കൃത്യസമയത്തെ പരിശോധനയുമാണ് രോഗപ്രതിരോധത്തിന് ഏറ്റവും പ്രധാനമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

2030-ഓടെ ഹെപ്പറ്റൈറ്റിസ് ഉന്മൂലനം ചെയ്യുകയെന്നതാണ് ലോകാരോഗ്യ സംഘടന ലക്ഷ്യമിടുന്നതെന്ന് ഗ്യാസ്ട്രോഎൻട്രോളജി വിഭാഗം മേധാവിയും സീനിയർ കൺസൾട്ടന്‍റുമായ ഡോ. റോയ് ജെ. മുക്കട പറഞ്ഞു. ഹെപ്പറ്റൈറ്റിസിനെതിരായ വാക്സിനേഷൻ എല്ലാവർക്കും അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ശരീരത്തിൽ പ്രവേശിച്ച് വർഷങ്ങൾ കഴിഞ്ഞാലും ഹെപ്പറ്റൈറ്റിസ് ബി/സി വൈറസുകൾ തിരിച്ചറിയാൻ കഴിഞ്ഞെന്നുവരില്ലെന്നും അതിനാൽ കൃത്യമായ സ്ക്രീനിംഗ് അത്യാവശ്യമാണെന്നും ഗ്യാസ്ട്രോഎൻട്രോളജി വിഭാഗം സീനിയർ കൺസൾട്ടന്‍റ് ഡോ. മായ പീതാംബരൻ വ്യക്തമാക്കി. അമ്മയിൽ നിന്ന് കുഞ്ഞിലേക്ക്, അണുവിമുക്തമാക്കാത്ത സിറിഞ്ചുകൾ, ടാറ്റു ചെയ്യുന്ന സൂചികൾ, സുരക്ഷിതമല്ലാത്ത ലൈംഗികബന്ധം എന്നിവയിലൂടെയും ഈ വൈറസ് പകരാനുള്ള സാധ്യതയുണ്ടെന്നും അവർ പറഞ്ഞു.

തുടക്കം വൈറൽ പനി പോലെ...

ഭക്ഷണം, വെള്ളം എന്നിവയിലൂടെ പകരുന്ന ഹെപ്പറ്റൈറ്റിസ് എ/ഇ എന്നിവ വൈറൽ പനിയായാണ് സാധാരണ ആരംഭിക്കുന്നതെന്ന് ഗ്യാസ്ട്രോഎൻട്രോളജി വിഭാഗം കൺസൾട്ടന്‍റ് ഡോ. അജിത് സി. കുര്യാക്കോസ് പറഞ്ഞു. പനി കുറയുമ്പോൾ മഞ്ഞപ്പിത്തത്തിന്‍റെ ലക്ഷണങ്ങളുണ്ടാകും. കൃത്യമായ ചികിത്സയിലൂടെ 99 ശതമാനം ആളുകളിലും ഇത് ഭേദമാകും. എന്നാൽ ലിവർ സിറോസിസ് ബാധിതർ, ഗർഭിണികൾ, രോഗപ്രതിരോധ ശേഷി കുറഞ്ഞവർ എന്നിവരിൽ ഈ രോ​ഗം ഗുരുതരമാകാൻ സാധ്യതയുണ്ട്.

ഹെപ്പറ്റൈറ്റിസ് ബാധിതർക്ക് നല്ല ഭക്ഷണവും വിശ്രമവും അനിവാര്യമാണെന്ന് ഹെപ്പറ്റോളജി സർവിസസ് ഇൻചാർജും കൺസൾട്ടന്‍റുമായ ഡോ. വിഷ്ണു ഗിരീഷ് പറഞ്ഞു. അനാവശ്യ മരുന്നുകളുടെ ഉപയോഗം ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയേക്കാം. പ്രായപൂർത്തിയായവർ ജീവിതത്തിൽ ഒരിക്കലെങ്കിലും ഹെപ്പറ്റൈറ്റിസ് ബി/സി പരിശോധന നടത്തണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.

ചടങ്ങിൽ മെഡിക്കൽ സൂപ്രണ്ട് ഡോ. സുർത റാം വിഷ്ണോയ് നന്ദി പറഞ്ഞു. ഗ്രൂപ്പ് സി.ഒ.ഒ ലക്ഷ്മൺ സേതുരാമൻ, ഗ്യാസ്ട്രോഎൻട്രോളജി സീനിയർ കൺസൾട്ടന്‍റ് ഡോ. പ്രദീപ് ജോർജ് മാത്യു, കോംപ്രിഹെൻസിവ് ലിവർ കെയർ ഇൻസ്റ്റിറ്റ്യൂട്ട് സീനിയർ കൺസൾട്ടന്‍റ് ഡോ. ഫദ്ൽ എച്ച്. വീരാൻകുട്ടി തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT