കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് ഫിക്കിയുമായി സഹകരിച്ച് രാജ്യാന്തര കാർഗോ ബിസിനസ് സമ്മിറ്റ് സംഘടിപ്പിക്കുന്നു. ജനുവരി 31, ഫെബ്രുവരി 1 തീയതികളിൽ സിയാൽ കൺവൻഷൻ സെന്ററിൽ നടക്കുന്ന സമ്മിറ്റിൽ വാണിജ്യ കൂടിക്കാഴ്ചകൾ, എക്സിബിഷൻ, പാനൽ ചർച്ചകൾ എന്നിവ നടക്കും. സിയാലിനെ ആഗോള എയർ കാർഗോ ഹബ്ബാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് സമ്മിറ്റ് സംഘടിപ്പിക്കുന്നത്.
31 ന് രാവിലെ ഒൻപതരയ്ക്ക് വിഷയാവതരണത്തോടെ സമ്മിറ്റിനു തുടക്കമാകും. പത്ത് മണിക്ക് നടക്കുന്ന പാനൽ ചർച്ചയിൽ താരിഫ് ആൻഡ് ട്രേഡ് എഗ്രിമെൻറ്, റീഡിഫൈനിംഗ് ഗ്ലോബൽ ട്രേഡ് എന്ന വിഷയത്തിൽ ചർച്ച നടക്കും. 11 മണിക്ക് റോൾ ഓഫ് എയർ കാർഗോ ഇൻ ഡ്രൈവിംഗ് ഇന്ത്യാസ് ട്രേഡ് എന്ന വിഷയത്തിലും 12 മണിക്ക് മൾട്ടി മോഡൽ ട്രാൻസ്പോർട്ട് ഓപ്പറേഷൻസ് എന്ന വിഷയത്തിലും പാനൽ ചർച്ചകൾ നടക്കും.
ഉച്ചയ്ക്ക് ശേഷം രണ്ട് മണിക്ക് റെഗുലേറ്ററി കംപ്ലയൻസ് ആൻഡ് ട്രേഡ് ഫെസിലിറ്റേഷൻ ഫോർ ഫാസ്റ്റർ കാർഗോ ഡെലിവറി എന്ന വിഷയത്തിലും മൂന്നിന് റീഡിഫൈനിംഗ് ദി റോൾ ഓഫ് ഇ കൊമേഴ്‌സ് പ്ലെയേഴ്‌സ് ആൻഡ് കൊറിയർ ഫ്രീറ്റ് ഏജൻസീസ് എന്ന വിഷയത്തിൽ പാനൽ ചർച്ച നടക്കും.
ഫെബ്രുവരി 1ന് രാവിലെ 11.30 ന് നടക്കുന്ന പ്ലീനറി സെഷൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും. സിയാൽ എം.ഡി എസ്. സുഹാസ്, വ്യവസായ മന്ത്രി പി. രാജീവ് എന്നിവർ പങ്കെടുക്കും. കാർഗോ രംഗത്തെ മികച്ച കമ്പനികളെ ചടങ്ങിൽ പുരസ്കാരം നൽകി ആദരിക്കും.
എയർലൈൻസ്, ഫ്രെയ്റ്റ് ഫോർവേഡേഴ്സ്, കസ്റ്റംസ് ബ്രോക്കേഴ്സ്, കയറ്റുമതി / ഇറക്കുമതി, കാർഗോ ഓട്ടമേഷൻ സപ്ലൈയർമാർ, ലോജിസ്റ്റിക്സ് സ്കിൽ ഡെവലപ്മെൻ്റ് സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നീ മേഖലകളിൽ നിന്നുള്ള 54 എക്സിബിഷൻ സ്റ്റാളുകളുമുണ്ടാകും. ബിസിനസ് സമ്മിറ്റിൽ പങ്കെടുക്കുന്നതിനായി 9746903555 എന്ന ഫോൺ നമ്പറില്‍ മുൻ കൂട്ടി രജിസ്റ്റർ ചെയ്യണം.
ചരക്ക് നീക്കത്തിന് മൾട്ടിമോഡൽ കണക്റ്റിവിറ്റിയായി മാറുക എന്നതാണ് സിയാൽ ലക്ഷ്യമിടുന്നതെന്ന് സിയാൽ ജനറൽ മാനേജരും കാർഗോ വിഭാഗം മേധാവിയുമായ സതീഷ് കുമാർ പൈ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സിയാൽ കോർപ്പറേറ്റ് കമ്യൂണിക്കേഷൻസ് മേധാവി പി.എസ് ജയൻ, ഫിക്കി കേരള മേധാവി സാവിയോ മാത്യു തുടങ്ങിയവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
Read DhanamOnline in English
Subscribe to Dhanam Magazine