കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അതിവേഗ ഇമിഗ്രേഷന്‍ പദ്ധതിയ്ക്ക് തുടക്കം. ഉദ്യോഗസ്ഥ സഹായമില്ലാതെ ഇമിഗ്രേഷന്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പദ്ധതി ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷന്‍ - ട്രസ്റ്റഡ് ട്രാവലര്‍ പ്രോഗ്രാമിനാണ് (FTI-TTP) തുടക്കമായത്.
ആഭ്യന്തര യാത്രക്കാര്‍ക്ക് ബോര്‍ഡിങ് പാസ് രഹിത പ്രവേശനമൊരുക്കുന്ന ഡിജി-യാത്ര സംവിധാനം നേരത്തെ തന്നെ സിയാലില്‍ പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. എഫ്.ടി.ഐ - ടി.ടി.പി സംവിധാനത്തിലൂടെ രാജ്യാന്തര യാത്രക്കാര്‍ക്ക് 20 സെക്കന്‍ഡുകള്‍ കൊണ്ട് ഇമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാനാവുമെന്ന് അധികൃതര്‍ വിശദീകരിച്ചു.
അറൈവല്‍, ഡിപ്പാര്‍ച്ചര്‍ മേഖലകളിലായി നാല് വീതം ബയോമെട്രിക് ഇ -ഗേറ്റുകള്‍ ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷനായി സജ്ജീകരിച്ചിട്ടുണ്ട്. ഇന്ത്യക്കാര്‍ക്കും ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ (ഒ.സി.ഐ.) കാര്‍ഡുടമകള്‍ക്കും ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രത്യേക പോര്‍ട്ടല്‍ വഴി അപേക്ഷ സമര്‍പ്പിക്കാം.
പാസ്പോര്‍ട്ട് ഉള്‍പ്പെടെയുള്ള രേഖകള്‍ വിജയകരമായി അപ്‌ലോഡ് ചെയ്താല്‍ അടുത്ത ഘട്ടമായ ബയോമെട്രിക് എൻറോൾമെന്റിലേക്കു കടക്കാം. മുഖവും വിരലടയാളവും രേഖപ്പെടുത്താനുള്ള എൻറോൾമെന്റ് കൗണ്ടറുകള്‍ കൊച്ചി വിമാനത്താവളത്തില്‍ പ്രവര്‍ത്തിക്കുന്ന എഫ്.ആര്‍.ആര്‍.ഒ ഓഫീസിലും ഇമിഗ്രേഷന്‍ കൗണ്ടറുകളിലും ഒരുക്കിയിട്ടുണ്ട്.
ഒറ്റത്തവണ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കുന്നവര്‍ക്ക് പിന്നീടുള്ള എല്ലാ രാജ്യാന്തര യാത്രകള്‍ക്കും സ്മാര്‍ട് ഗേറ്റുകള്‍ ഉപയോഗപ്പെടുത്താം. ഇതോടെ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ വരി നിന്നുള്ള കാത്തുനില്‍പ്പും ഒഴിവാകും.
സ്മാര്‍ട് ഗേറ്റില്‍ ആദ്യം പാസ്പോര്‍ട്ട് സ്‌കാന്‍ ചെയ്യണം. രജിസ്റ്ററേഷന്‍ നടത്തിയിട്ടുണ്ടെങ്കില്‍ ഗേറ്റുകള്‍ താനെ തുറക്കും. തുടര്‍ന്ന് രണ്ടാം ഗേറ്റിലെ ക്യാമറയില്‍ മുഖം കാണിക്കാം. സിസ്റ്റം നിങ്ങളുടെ മുഖം തിരിച്ചറിയുന്നതോടെ ഗേറ്റ് തുറക്കുകയും ഇമിഗ്രേഷന്‍ നടപടി പൂര്‍ത്തിയാവുകയും ചെയ്യും.
Read DhanamOnline in English
Subscribe to Dhanam Magazine