കേരളത്തിലെ മത്സ്യമേഖലയില്‍ പുതിയ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും നിലവിലുള്ളവ വികസിപ്പിക്കുന്നതിനുമുള്ള സാധ്യതകള്‍ പരിചയപ്പെടുത്തി കൊച്ചിയിലെ ഐസിഎആര്‍-സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി (സിഫ്റ്റ്) സംസ്ഥാനതല ശില്‍പശാല സംഘടിപ്പിച്ചു. പ്രധാനമന്ത്രി മത്സ്യ കിസാന്‍ സമൃദ്ധി സഹ്-യോജന (PM-MKSSY) പദ്ധതിയുടെ ഭാഗമായി നടന്ന ശില്‍പശാലയില്‍ കേരളത്തില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ട 65 മത്സ്യമേഖലാ സംരംഭകര്‍ പങ്കെടുത്തു.
'പിഎംഎംകെഎസ്എസ്‌വൈ: മത്സ്യമേഖലയിലെ പുതിയ ബിസിനസ് സാധ്യതകള്‍' എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ശില്‍പശാല നബാര്‍ഡ് ചീഫ് ജനറല്‍ മാനേജര്‍ നാഗേഷ് അനുമല ഉദ്ഘാടനം ചെയ്തു. സിഫ്റ്റ് ഡയറക്ടര്‍ ഡോ. ജോര്‍ജ് നൈനാന്‍ അധ്യക്ഷത വഹിച്ചു.
മത്സ്യമേഖലയില്‍ ആധുനിക സാങ്കേതികവിദ്യയുടെ പ്രയോഗം വര്‍ധിപ്പിക്കുക, മൂല്യവര്‍ധിത മത്സ്യോല്‍പന്നങ്ങളുടെ വികസനം പ്രോത്സാഹിപ്പിക്കുക, സംരംഭകര്‍ക്ക് സ്ഥാപനതലത്തിലുള്ള സാമ്പത്തിക സഹായം ലഭ്യമാക്കുക എന്നിവയായിരുന്നു ശില്‍പശാലയുടെ പ്രധാന ലക്ഷ്യങ്ങള്‍.
തിരഞ്ഞെടുക്കപ്പെട്ട സംരംഭകര്‍ക്ക് സാങ്കേതിക പരിശീലനത്തിനൊപ്പം വായ്പാ സൗകര്യങ്ങളെക്കുറിച്ചുള്ള മാര്‍ഗനിര്‍ദേശവും സംരംഭക പദ്ധതികള്‍ തയാറാക്കുന്നതിനുള്ള പിന്തുണയും നല്‍കുന്ന രീതിയിലാണ് പരിപാടി സംഘടിപ്പിച്ചത്.
മത്സ്യമേഖലയിലെ സംരംഭകത്വ സാധ്യതകള്‍, വിവിധ സാമ്പത്തിക സഹായ പദ്ധതികള്‍, പുതിയ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള പിന്തുണാ സംവിധാനങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ സാങ്കേതിക സെഷനുകള്‍ നടന്നു.
നാഷണല്‍ ഫിഷറീസ് ഡെവലപ്മെന്റ് ബോര്‍ഡിലെ പ്രതിനിധികള്‍ പ്രധാനമന്ത്രി മത്സ്യ കിസാന്‍ സമൃദ്ധി സഹ്-യോജന പദ്ധതിയുടെ വിവിധ ഘടകങ്ങളും ആനുകൂല്യങ്ങളും വിശദീകരിച്ചു. ബാങ്ക് പ്രതിനിധികള്‍ സ്ഥാപനതല വായ്പാ സൗകര്യങ്ങളെക്കുറിച്ചും മാര്‍ഗനിര്‍ദേശം നല്‍കി.
ഗവേഷണ സ്ഥാപനങ്ങള്‍, ധനകാര്യ ഏജന്‍സികള്‍, മത്സ്യമേഖലയിലെ മറ്റ് പങ്കാളികള്‍ എന്നിവരുമായി നേരിട്ട് ആശയവിനിമയം നടത്താനും പുതിയ ബിസിനസ് സാധ്യതകള്‍ മനസ്സിലാക്കാനും സംരംഭകര്‍ക്ക് ശില്‍പശാല അവസരമൊരുക്കി.
സിഫ്റ്റ് പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. ആശാലത എസ്, കേരള ഫിഷറീസ് ആന്‍ഡ് ഓഷ്യന്‍ സ്റ്റഡീസ് സര്‍വകലാശാല രജിസ്ട്രാര്‍ ഡോ. ദിനേശ് കൈപ്പിള്ളി, കിസാന്‍ സമൃദ്ധി ഓര്‍ഗനൈസിങ് സെക്രട്ടറി മുരളീധരന്‍, ബ്ലൂ പേള്‍ ഫിഷ് ഫാര്‍മര്‍ പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷന്‍ ഡയറക്ടര്‍ ഡോ. പി. വിവേകാനന്ദന്‍ എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ സംസാരിച്ചു.
Read DhanamOnline in English
Subscribe to Dhanam Magazine