ഈ മാസം രണ്ട് വലിയ പദ്ധതികൾ കമ്മിഷൻ ചെയ്യാനൊരുങ്ങി കൊച്ചി വിമാനത്താവളം. വിമാനത്താവള ഓപ്പറേഷണൽ മേഖലയുടെ സുരക്ഷയ്ക്കായി ഒരുക്കിയ അത്യാധുനിക ഇല്‌ക്ട്രോണിക് കവചവും ഇന്റർനാഷണൽ ടെർമിനലിൽ വിസ്തൃതിയും സുഖസൗകര്യങ്ങളും വർധിപ്പിച്ച് പുതുക്കിയ ലോഞ്ചുമാണ് ഉദ്ഘാടനത്തിന് തയാറായിരിക്കുന്നത്.
ഈ സംവിധാനങ്ങളുടെ ഉദ്ഘാടനം നാളെ (സെപ്റ്റംബർ 26) രാവിലെ 10.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ നിർവഹിക്കും. സിയാലിന്റെ ആകര്‍ഷകമായ പദ്ധതിയായ 0484 എയ്‌റോ ലോഞ്ചിന്റെ ഉദ്ഘാടനം സെപ്റ്റംബർ ഒന്നിനായിരുന്നു.
വിമാനത്താവള ഓപ്പറേഷണൽ മേഖലയ്ക്ക് ' പെരിമീറ്റർ ഇൻട്രൂഷൻ ഡിറ്റക്ഷൻ സിസ്റ്റ'ത്തിന്റെ (PIDS) സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. 12 കിലോമീറ്റര്‍ നീളമുളള ചുറ്റുമതിലിൽ വൈദ്യുതി വേലി, ഫൈബർ ഒപ്റ്റിക് വൈബ്രേഷൻ സെൻസർ, തെർമൽ ക്യാമറകൾ തുടങ്ങിയവ ഘടിപ്പിച്ചിട്ടുണ്ട്.
ഈ സംവിധാനങ്ങളിലൂടെ ചുറ്റുമതിലിലും കാനകളിലുമുണ്ടാകുന്ന നേരിയ കമ്പനങ്ങളും താപ വ്യതിയാനവും തത്സമയം കൺട്രോൾ സെന്ററിലേയ്ക്ക് അയ്ക്കാന്‍ സാധിക്കും. ഇത്രയും സമഗ്രമായ സുരക്ഷാ കവചം ഇന്ത്യയില്‍ ഏര്‍പ്പെടുത്തുന്നത് ഇതാദ്യമാണ്. 30 കോടി രൂപയാണ് ചെലവിലാണ് പദ്ധതി പൂര്‍ത്തീകരിച്ചിരിക്കുന്നത്. ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസ് ലിമിറ്റഡ് ആണ് ഈ സാങ്കേതിക സൗകര്യങ്ങൾ സജ്ജമാക്കിയിരിക്കുന്നത്.
ചുറ്റുമതിലില്‍ മാരകമല്ലാത്ത വൈദ്യുതി വേലികളാണ് സ്ഥാപിക്കുക, നുഴഞ്ഞുകയറ്റ ശ്രമങ്ങൾ കണ്ടെത്തുന്നതിനായാണ് ചുറ്റുമതിലിനൊപ്പം ഫൈബർ ഒപ്റ്റിക് വൈബ്രേഷൻ സെൻസറുകൾ വെക്കുന്നത്. വിമാനത്താവളത്തിലെ ഡ്രെയിനേജിലൂടെ അനധികൃത പ്രവേശനം തടയുന്നതിനാണ് ഡ്രെയിനേജ് ഇൻട്രൂഷൻ ഡിറ്റക്ഷൻ സിസ്റ്റം സ്ഥാപിച്ചിരിക്കുന്നത്. രാവും പകലും തുടർച്ചയായി നിരീക്ഷണം നടത്തുന്നതിനായി 86 തെർമൽ ക്യാമറകളും ചുറ്റുമതിലില്‍ സ്ഥാപിച്ചിട്ടുണ്ട്.
ടെർമിനൽ-3 ന്റെ പുറപ്പെടല്‍ മേഖലയില്‍ പുതുതായി അധിക ലോഞ്ചിന്റെ നിർമാണവും പൂര്‍ത്തിയായി. ഇതോടെ ലോഞ്ചിന്റെ വിസ്തൃതി 14,000 ചതുരശ്രയടിയിൽ നിന്ന് 21,000 ചതുരശ്രയടിയായി വർധിച്ചിരിക്കുകയാണ്. വലിയ തിരക്കേറിയ സമയത്തും സൗകര്യപ്രദമായ ലോഞ്ച് അനുഭവം ഇത് യാത്രക്കാര്‍ക്ക് പ്രദാനം ചെയ്യുന്നു. അർഹതയുള്ള ക്രെഡിറ്റ്/ ഡെബിറ്റ് കാർഡ് ഉടമകള്‍ ദീർഘകാലമായി ആവശ്യപ്പെടുന്നതാണ് ഇക്കാര്യം.
അതേസമയം, സെപ്റ്റംബർ ഒന്നിന് കമ്മിഷൻ ചെയ്ത 0484 എയ്‌റോ ലോഞ്ചിൽ ഒക്ടോബർ രണ്ടാം വാരത്തോടെ ബുക്കിങ് ആരംഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
1,000 കോടി രൂപ മുതൽമുടക്കിൽ വിമാനത്താവള പ്രവർത്തനങ്ങളിലും അടിസ്ഥാന സൗകര്യങ്ങളിലും വ്യാപകമായ മാറ്റങ്ങൾ കൊണ്ടുവരാൻ ലക്ഷ്യമിട്ടുള്ള വികസന പദ്ധതികള്‍ക്കാണ് കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (സിയാൽ) തയാറെടുക്കുന്നത്. മൂന്ന് വർഷം കൊണ്ട് പദ്ധതികള്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
സാങ്കേതിക പുരോഗതി, യാത്രക്കാരുടെ സംതൃപ്തി തുടങ്ങിയവ ഗണ്യമായി മെച്ചപ്പെടുത്തുന്ന 163 പദ്ധതികളാണ് സിയാല്‍ ആവിഷ്കരിച്ചിരിക്കുന്നത്. എയറോനോട്ടിക്കൽ, നോൺ എയറോനോട്ടിക്കൽ മേഖലകളില്‍ വ്യാപിച്ചു കിടക്കുന്നതാണ് പദ്ധതികള്‍. ഡിജി യാത്ര, ഇ-ഗേറ്റ് ഫോർ ഇമിഗ്രേഷൻ, സെൽഫ് ബാഗേജ് സ്കാനിംഗ് സംവിധാനങ്ങൾ, ഐടി ഇൻഫ്രാസ്ട്രക്ചർ മെച്ചപ്പെടുത്തല്‍ തുടങ്ങിയവ ഉൾപ്പെടെയുളള പദ്ധിതകള്‍ക്കായി 250 കോടി രൂപ ചെലവാണ് പ്രതീക്ഷിക്കുന്നത്.
സിയാലിന്റെ പ്രവര്‍ത്തനം 24ാം വർഷത്തിലേക്ക് കടക്കുകയാണ്. 10 കോടി യാത്രക്കാരാണ് ഇതിനോടകം എയര്‍പോര്‍ട്ടിന്റെ സേവനം പ്രയോജനപ്പെടുത്തിയത്. കേരളത്തിന്റെ വിമാന യാത്രയുടെ 62 ശതമാനവും കൈകാര്യം ചെയ്യുന്നത് സിയാലാണ്.
2023-24 കാലയളവിൽ 1,014.21 കോടി രൂപയുടെ വിറ്റുവരവും 286.29 കോടി പ്രവർത്തന ചെലവുമാണ് സിയാല്‍ രേഖപ്പെടുത്തിയത്. വിമാനത്താവളത്തിന്റെ നികുതിക്ക് ശേഷമുള്ള ലാഭം 412.58 കോടി രൂപയാണ്.
Read DhanamOnline in English
Subscribe to Dhanam Magazine