News & Views

വാക്ക് പാലിച്ച് വി.ഡി.എസ് സർക്കാർ; ഇന്ദിര ​ഗ്യാരന്റികളിൽ രണ്ടെണ്ണം ഉടൻ; ധനസ്ഥിതിയെ കുറിച്ച് ധവളപത്രം പുറത്തിറക്കും

യു.ഡി.എഫ് സർക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗത്തിൽ സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര, വയോജന വകുപ്പ്, വിവിധ തൊഴിലാളി വിഭാഗങ്ങൾക്ക് വേതനവർധന എന്നിവ പ്രഖ്യാപിച്ചു

Dhanam News Desk

പുതിയതായി ചുമതലയേറ്റെടുത്ത മുഖ്യമന്ത്രി വി.ഡി സതീശന്റെ നേതൃത്വത്തിലുള്ള യു.ഡി.എഫ് സർക്കാരിന്റെ ആദ്യ മന്ത്രിസഭായോ​ഗം പൂർത്തിയായി. തിരഞ്ഞെടുപ്പ് വാ​ഗ്ദാനങ്ങളിൽ നിന്നും തെരഞ്ഞെടുത്ത പ്രധാന പദ്ധതികൾ നടപ്പാക്കുന്നതിന്റെ പ്രഖ്യാപനവും പ്രഥമ മന്ത്രിസഭാ യോ​ഗത്തിനുശേഷം നടന്ന വാർത്ത സമ്മേളനത്തിൽ മുഖ്യമന്ത്രി പങ്കുവെച്ചു. ഇതിൽ ഏവരും ഉറ്റുനോക്കിയിരുന്ന കെ.എസ്.ആർ.ടി.സി ബസുകളിലെ സ്ത്രീകളുടെ സൗജന്യ യാത്ര, ജൂൺ 15 മുതൽ നടപ്പാക്കും. ഇതിന്റെ വിശദാംശങ്ങൾ വൈകാതെ അറിയിക്കുമെന്നും വി.ഡി. സതീശൻ പറഞ്ഞു.

വയോജനങ്ങൾക്കായി പ്രത്യേക വകുപ്പ് രൂപീകരിക്കാനും യു.ഡി.എഫ് സർക്കാരിന്റെ ആദ്യ മന്ത്രിസഭാ യോ​ഗത്തിൽ തീരുമാനമായി. മുതിർന്നവരുടെ വിഷയം മാതൃകാപരമായി കൈകാര്യം ചെയ്യുന്ന ജപ്പാനിലെ രീതികൾ കൂടി പഠിച്ചശേഷം അടുത്ത 2-3 മാസത്തിനകം വകുപ്പിന്റെ പ്രവർത്തനം വിപുലപ്പെടുത്തും. രാജ്യത്ത് ആദ്യമായാണ് വയോജനങ്ങൾക്കായി പ്രത്യേക വകുപ്പ് രൂപീകരിക്കുതെന്നും മുഖ്യമന്ത്രി സതീശൻ പറഞ്ഞു.

മറ്റ് പ്രധാന പ്രഖ്യാപനങ്ങൾ

ആശ വർക്കർമാരുടെ ഓണറേറിയം തുക ആദ്യഘട്ടമായി 3,000 രൂപ വർധിപ്പിച്ചു. ഇവരുടെ വിരമിക്കൽ ആനുകൂല്യങ്ങളിലും മാറ്റം വരുത്തുമെന്നും മുഖ്യമന്ത്രി സതീശൻ വ്യക്തമാക്കി. സർക്കാരിന്റെ നിലവിലെ ധനസ്ഥിതി മനസ്സിലാക്കിക്കൊണ്ടാണ് ഈ വർധനവെന്നും സർക്കാരിന്റെ സാമ്പത്തികശേഷി മെച്ചപ്പെടുന്ന മുറയ്ക്ക് ഇവരുടെ വേതനം പരിഷ്കരിക്കുന്ന കാര്യം മറന്നുപോകില്ലെന്നും അദ്ദേഹം കൂട്ടിച്ചേ‌ർത്തു.

അതുപോലെ അങ്കണവാടി ജീവനക്കാരുടെ വേതനം 1,000 രൂപ ഉയർത്തി നിശ്ചയിച്ചു. ആദ്യഘട്ടമായാണ് 1,000 രൂപ കൂട്ടിയതെന്നും മുഖ്യമന്ത്രി സതീശൻ വ്യക്തമാക്കി. പാചക തൊഴിലാളികളുടെ വേതനവും 1,000 രൂപ വർധിപ്പിച്ചതായും പ്രീപ്രൈമറി ടീച്ചർ, ആയമാർ എന്നിവരുടെ വേതനവും 1,000 രൂപ വീതം കൂട്ടിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. അടുത്ത മന്ത്രിസഭാ യോഗം ഈ ബുധനാഴ്ച (മേയ് 20) നടക്കും. കൂടുതൽ തീരുമാനങ്ങൾ പ്രതീക്ഷിക്കാമെന്ന സൂചനയും അദ്ദേഹം പങ്കുവെച്ചു.

നിയമസഭാ സമ്മേളനം 22-ന്

തിരഞ്ഞെടുപ്പ് വേളയിൽ യു.ഡി.എഫ് മുന്നോട്ടുവെച്ച പ്രധാന വാ​ഗ്ദാനമായ 5 ഇന്ദിര ​ഗ്യാരന്റികളിൽ രണ്ടെണ്ണമാണ് മുൻ​ഗണനാ അടിസ്ഥാനത്തിൽ നടപ്പിലാക്കാൻ പോകുന്നതെന്നും ബാക്കിയുള്ളവ വകുപ്പുകളിൽ നിന്നും കൂടുതൽ വിശാദാംശം ലഭിച്ചശേഷം പരി​ഗണിക്കുന്നതാണെന്നും മുഖ്യമന്ത്രി സതീശൻ അറിയിച്ചു. കേരളത്തിന്റെ നിലവിലെ സാമ്പത്തികസ്ഥിതി ജനങ്ങളെ അറിയിക്കുന്നതിനായി ധവളപത്രം പുറത്തിറക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം മേയ് 21-ന് ആരംഭിക്കും. മേയ് 29-നായിരിക്കും ​ഗവർണറുടെ നയപ്രഖ്യാപനം. ജി. സുധാകരനെ പ്രോ ടേം സ്പീക്കര്‍ ആയി നിയോ​ഗിച്ചു. ഇന്ന് രാവിലെ 10.15-ഓടെയാണ്, തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി വി.ഡി സതീശനും 20 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏറ്റെടുത്തത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT