News & Views

മത്തി, അയല, കിളിമീന്‍, കണവ... കേരള തീരത്ത് മിന്നുംതാരം ഇവരില്‍ ആരാണെന്ന് അറിയാമോ? മീന്‍പിടിത്തത്തില്‍ കസറിയത് ഈ ജില്ലകള്‍

രാജ്യത്തെ ആകെ സമുദ്ര മത്സ്യോത്പാദനം 35.7 ലക്ഷം ടൺ. കേരളത്തിന്റേത് 6.24 ലക്ഷം ടൺ.

Dhanam News Desk

2025-ൽ ഇന്ത്യൻ തീരങ്ങളിൽ നിന്നും പിടിച്ചത് 35.7 ലക്ഷം ടൺ സമുദ്ര മത്സ്യമാണെന്ന് കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സി.എം.എഫ്.ആർ.ഐ) റിപ്പോർട്ട്. തൊട്ടുമുമ്പത്തെ വർഷവുമായി (2024) താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയിലെ മത്സ്യ ലഭ്യതയിൽ 3 ശതമാനത്തിന്റെ വർധനവുണ്ടായെന്നും സി.എം.എഫ്.ആർ.ഐ റിപ്പോർട്ടിൽ സൂചിപ്പിച്ചു.

രാജ്യത്ത് ഏറ്റവുമധികം സമുദ്ര മത്സ്യം പിടിച്ചത് തമിഴ്‌നാടാണ്. 6.85 ലക്ഷം ടൺ. പ്രതികൂല കാലാവസ്ഥയും മത്സ്യബന്ധന നിരോധന കാലയളവ് നീട്ടിയതിനാലും ഗുജറാത്ത് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. രണ്ട് ശതമാനം വർധനവോടെ കേരളം മൂന്നാം സ്ഥാനം നിലനിർത്തിയിട്ടുണ്ട്.

കേരളത്തിൽ മത്തി ലഭ്യത വർധിച്ചു

കേരളത്തിൽ വൻ സ്വീകാര്യതയുള്ള മത്സ്യയിനമായ മത്തിയുടെ ലഭ്യതയിൽ വാർഷികമായി 13 ശതമാനം വർധന രേഖപ്പെടുത്തി. 2013-ന് ശേഷമുള്ള മത്തിയുടെ ഏറ്റവും ഉയർന്ന ലഭ്യതയാണിത്. അതുപോലെ 1.68 ലക്ഷം ടണ്ണുമായി കേരള തീരത്തുനിന്നും ഏറ്റവുമധികം പിടിച്ച മത്സ്യവും മത്തിയാണ്. ഇതിനു തൊട്ടുമുമ്പുള്ള വർഷം 1.49 ലക്ഷം ടൺ മത്തിയാണ് കിട്ടിയത്. അതേസമയം കഴിഞ്ഞ വർഷം കേരളത്തിലെ ആകെ സമുദ്ര മത്സ്യ ലഭ്യത 6.24 ലക്ഷം ടണ്ണാണ്.

മത്തിക്ക് പുറമെ, കിളിമീൻ, കണവ, കൂന്തൽ, നീരാളി ഇനങ്ങളുടെ ലഭ്യതയിലും വർധനവുണ്ടായി. എന്നാൽ, തിരിയാൻ, ചെമ്മീൻ, പാമ്പാട എന്നീ സമുദ്ര മത്സ്യങ്ങളുടെ ലഭ്യത കുറഞ്ഞു. അയല (62,269 ടൺ), കൊഴുവ (43,917 ടൺ), കിളിമീൻ (43,184 ടൺ), ചെമ്മീൻ (40,443 ടൺ) എന്നിവയാണ് കേരളത്തിൽ കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ ലഭിച്ച മത്സ്യയിനങ്ങൾ.

എറണാകുളം മുന്നിൽ

ശക്തമായ മഴയും ചരക്കു കപ്പൽ അപകടവും കാരണം മേയ്, ജൂൺ മാസങ്ങളിൽ തെക്കൻ ജില്ലകളിലെ മത്സ്യബന്ധന ദിവസത്തിൽ കുറവുണ്ടായി. സംസ്ഥാനത്ത് എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതൽ മീൻ ലഭിച്ചത്. കൊല്ലം, കോഴിക്കോട് ജില്ലകളാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളത്. ഹാർബറുകളിൽ കൊല്ലം ജില്ലയിലെ നീണ്ടകരയാണ് മുന്നിൽ. എറണാകുളം ജില്ലയിലെ മുനമ്പം ആണ് രണ്ടാമത്.

അതേസമയം രാജ്യത്താകെ അയലയാണ് ഏറ്റവും കൂടുതൽ ലഭിച്ച മത്സ്യം (2.70 ലക്ഷം ടൺ). സമുദ്ര മത്സ്യോത്പാദനത്തിൽ കർണാടകയിൽ 44 ശതമാനവും മഹാരാഷ്ട്രയിൽ 18 ശതമാനവും വർധനവ് രേഖപ്പെടുത്തി.

വിപണന കാര്യക്ഷമതയിൽ കേരളം ഒന്നാമത്

സമുദ്ര മത്സ്യ മേഖലയിൽ നിന്നുള്ള വരുമാനത്തിലും വർധനയുണ്ടായി. ഇന്ത്യയിലാകെ ലാൻഡിംഗ് സെന്ററുകളിൽ 69,254 കോടി രൂപയും (10.45 ശതമാനം വർധനവ്) ചില്ലറ വിപണിയിൽ 97,702 കോടി രൂപയും (8.43 ശതമാനം വർധനവ്) വിറ്റുവരവുണ്ടായി. കേരളത്തിൽ ലാൻഡിംഗ് സെന്ററുകളിലെ മൂല്യം 12,665 കോടി രൂപയും (17.8% വർധനവ്), ചില്ലറ വിപണിയിലേത് 16,681 (11.1% വർധനവ്) കോടി രൂപയുമാണ്. രാജ്യത്ത് ഒന്നാമതാണ് (72.83 ശതമാനം).

സി.എം.എഫ്.ആർ.ഐ.യിലെ ഫിഷറി റിസോഴ്‌സസ് അസസ്‌മെന്റ്, ഇക്കണോമിക്‌സ് ആന്റ് എക്സ്റ്റൻഷൻ വിഭാഗമാണ് വാർഷിക സമുദ്രമത്സ്യ ലഭ്യത കണക്കാക്കി റിപ്പോർട്ട് തയ്യാറാക്കിയത്.

അതേസമയം അനുകൂലമായ പാരിസ്ഥിതിക ഘടകങ്ങളാണ് മത്തി പോലുള്ള ചെറിയ മീനുകൾക്ക് ഗുണകരമായതെന്ന് സി.എം.എഫ്.ആർ.ഐ ഡയറക്ടർ ഡോ. ഗ്രിൻസൺ ജോർജ് പറഞ്ഞു. നിയന്ത്രിത രീതിയിലുള്ള മത്സ്യബന്ധനവും സഹായകരമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സി.എം.എഫ്.ആർ.ഐയിലെ വിവിധ ഗവേഷണ വിഭാഗം മേധാവികളായ ഡോ. ജെ. ജയശങ്കർ, ഡോ ശോഭ ജോ കിഴക്കൂടൻ, ഡോ. കെ.എസ് ശോഭന, ഡോ. ജോസ്‍ലീൻ ജോസ്, ഡോ. വി.വി.ആർ സുരേഷ്, ഡോ. കൃപേഷ് ശർമ എന്നിവരും വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT