News & Views

ആകാശത്തും 'സഹകരണ' വിപ്ലവം: ₹3,500 പറക്കാം; വരുന്നൂ കേരളത്തിന്റെ സ്വന്തം 'കോ-കേരളം' എയര്‍ലൈന്‍; പക്ഷേ കടമ്പ കടക്കാതെ എയര്‍ കേരളയും അല്‍ഹിന്ദും

ഒരു വര്‍ഷം വിമാനത്തില്‍ ആരും കയറിയില്ലെങ്കില്‍ പോലും പരമാവധി 32 കോടി രൂപ മാത്രമായിരിക്കും നഷ്ടം വരികയെന്നാണ് പ്രാഥമിക വിലയിരുത്തല്‍

Dhanam News Desk

കേരളത്തിന് സ്വന്തമായി ഒരു വിമാനക്കമ്പനി എന്ന ദീര്‍ഘകാലത്തെ സ്വപ്നത്തിന് വീണ്ടും ചിറകുമുളയ്ക്കുന്നു. ഇത്തവണ സഹകരണ മേഖലയുടെ കരുത്തിലാണ് 'കോ-കേരളം' (Co Keralam) എന്ന പേരില്‍ പുതിയ റീജണല്‍ എയര്‍ലൈന്‍ പദ്ധതി യാഥാര്‍ത്ഥ്യമാക്കാന്‍ അണിയറയില്‍ നീക്കങ്ങള്‍ സജീവമാകുന്നത്. അതിവേഗ ട്രെയിനുകളിലെ യാത്രയ്ക്ക് തുല്യമായ കുറഞ്ഞ നിരക്കില്‍ സാധാരണക്കാര്‍ക്ക് ആഭ്യന്തര വിമാനയാത്ര സാധ്യമാക്കുകയാണ് ഈ വിപ്ലവകരമായ പദ്ധതിയുടെ ലക്ഷ്യം.

കോഴിക്കോട്ട് നടന്ന ചടങ്ങില്‍, സഹകരണ മേഖലയിലെ പ്രമുഖ ആരോഗ്യസ്ഥാപനമായ എംവിആര്‍ കാന്‍സര്‍ സെന്റര്‍ ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ സി.എന്‍. വിജയകൃഷ്ണനാണ് പദ്ധതിയുടെ പ്രാഥമിക വിവരങ്ങള്‍ പുറത്തുവിട്ടത്.

സിയാല്‍ മാതൃകയില്‍ നിക്ഷേപം

കൊച്ചി ആസ്ഥാനമാക്കി കരിപ്പൂര്‍, കണ്ണൂര്‍, മംഗളൂരു, ബെംഗളൂരു, ചെന്നൈ, കോയമ്പത്തൂര്‍, മധുര എന്നീ ദക്ഷിണേന്ത്യന്‍ നഗരങ്ങളെ പരസ്പരം ബന്ധിപ്പിച്ചാകും ആദ്യഘട്ടത്തില്‍ സര്‍വീസ് നടത്തുക. 3,500 രൂപ മുതല്‍ 7,000 രൂപ വരെയായിരിക്കും ടിക്കറ്റ് നിരക്ക്. സര്‍വീസ് തുടങ്ങുന്നതിന് ഒരു മണിക്കൂര്‍ മുന്‍പുവരെ ഒഴിവുള്ള സീറ്റുകളില്‍ വളരെ കുറഞ്ഞ നിരക്കില്‍ യാത്ര ചെയ്യാന്‍ സാധിക്കുന്ന വിപണി തന്ത്രവും കമ്പനി ആലോചിക്കുന്നുണ്ട്.

കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (സിയാല്‍) മാതൃകയില്‍ സഹകരണ സ്ഥാപനങ്ങളുടെയും പൊതുജനങ്ങളുടെയും നിക്ഷേപം സമാഹരിച്ചാകും കമ്പനി രൂപീകരിക്കുക. മുഖ്യമന്ത്രി ചെയര്‍മാനും സഹകരണ മന്ത്രി വൈസ് ചെയര്‍മാനുമായി രൂപീകരിക്കുന്ന കമ്പനിയില്‍ ആദ്യഘട്ടത്തില്‍ 200 സഹകരണ സംഘങ്ങള്‍ രണ്ട് കോടി രൂപ വീതം നിക്ഷേപിക്കും.

തുടക്കം ലീസിനെടുക്കുന്ന രണ്ട് വിമാനങ്ങളുമായി

പ്രാരംഭ മൂലധനച്ചെലവ് കുറയ്ക്കുന്നതിനായി വിമാനങ്ങള്‍ സ്വന്തമായി വാങ്ങുന്നതിന് പകരം പാട്ടത്തിന് (Lease) എടുക്കാനാണ് തീരുമാനം. 72 സീറ്റുകളുള്ള രണ്ട് എടിആര്‍ വിമാനങ്ങളാകും ആദ്യഘട്ടത്തില്‍ വാടകയ്ക്കെടുക്കുക. യാത്രക്കാരുടെ പ്രതികരണവും സാമ്പത്തിക ലാഭവും വിലയിരുത്തി വിമാനങ്ങളുടെ എണ്ണം നാലും ആറുമായി ഉയര്‍ത്തും. പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ പ്രാരംഭഘട്ടത്തില്‍ 200 പേര്‍ക്ക് ജോലി നല്‍കാനാകും. വിമാന സര്‍വീസിന് ഒപ്പം ഒരു ഏവിയേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാനും പദ്ധതി ലക്ഷ്യമിടുന്നുണ്ട്.

ഒരു വര്‍ഷം വിമാനത്തില്‍ ആരും കയറിയില്ലെങ്കില്‍ പോലും പരമാവധി 32 കോടി രൂപ മാത്രമായിരിക്കും നഷ്ടം വരികയെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ആദ്യ രണ്ട് വര്‍ഷത്തെ പ്രവര്‍ത്തനത്തിന് ശേഷം കമ്പനി പൂര്‍ണമായും ലാഭത്തിലേക്ക് മാറുമെന്നുമാണ് പ്രതീക്ഷ.

എയര്‍ കേരളയ്ക്കും അല്‍ ഹിന്ദിനും വിമാന ലീസിങ് കമ്പനികളുടെ കുരുക്ക്

അതേസമയം, സ്വകാര്യ മേഖലയില്‍ ദുബായിലെ മലയാളി സംരംഭകരുടെ നേതൃത്വത്തില്‍ പ്രഖ്യാപിക്കപ്പെട്ട 'എയര്‍ കേരള' പദ്ധതിയും, അല്‍ഹിന്ദ് എയറും നിലവില്‍ വിമാനങ്ങള്‍ പാട്ടത്തിന് കിട്ടാതെ കടുത്ത പ്രതിസന്ധി നേരിടുകയാണ്. 2025 ജൂണ്‍ അവസാനത്തോടെ സര്‍വീസ് ആരംഭിക്കാന്‍ ലക്ഷ്യമിട്ടിരുന്ന എയര്‍ കേരളയ്ക്ക് വിദേശ ലീസിങ് കമ്പനികളുടെ കര്‍ശന നിലപാടുകളാണ് തിരിച്ചടിയായത്.

വിമാനങ്ങള്‍ വിട്ടുനല്‍കണമെങ്കില്‍ ഒരു വര്‍ഷത്തെ വാടക മുന്‍കൂറായി നല്‍കുകയോ, അല്ലെങ്കില്‍ 200 കോടി രൂപയുടെ ബാങ്ക് ബാലന്‍സ് കാണിക്കുകയോ വേണമെന്നാണ് പാട്ടക്കമ്പനികളുടെ ആവശ്യം. മുന്‍പ് ഇന്ത്യയിലെ ചില പ്രമുഖ വിമാനക്കമ്പനികള്‍ പാപ്പരത്ത നടപടികളിലേക്ക് നീങ്ങിയപ്പോള്‍ കോടിക്കണക്കിന് രൂപയുടെ പാട്ടത്തുക നഷ്ടമായതാണ് വിദേശ കമ്പനികള്‍ ഇത്രയും കടുത്ത നിബന്ധനകള്‍ വെക്കാന്‍ കാരണം.

സര്‍ക്കാര്‍ അനുമതി നിര്‍ണായകം

'കോ-കേരളം' പദ്ധതി പൂര്‍ണമായും വിജയകരമാകണമെങ്കില്‍ സംസ്ഥാന സര്‍ക്കാരിന്റെ നേരിട്ടുള്ള പിന്തുണയും കേന്ദ്ര വ്യോമയാന മന്ത്രാലയം, ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ എന്നിവയുടെ അനുമതികളും ആവശ്യമാണ്. നിലവില്‍ ചര്‍ച്ചകളുടെ പ്രാഥമിക ഘട്ടത്തിലുള്ള ഈ സഹകരണ വിമാന സര്‍വീസ് യാഥാര്‍ത്ഥ്യമായാല്‍, അത് ഇന്ത്യന്‍ വ്യോമയാന മേഖലയില്‍ തന്നെ ഒരു പുതിയ ചരിത്രമായി മാറും.

കേരളം ആസ്ഥാനമായി എയര്‍ലൈന്‍ തുടങ്ങുന്നതിന്റെ സാധ്യതകള്‍

  • ഗള്‍ഫ് യാത്രക്കാരുടെ വലിയ വിപണി

  • ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര യാത്രക്കാരുള്ള സംസ്ഥാനങ്ങളിലൊന്നാണ് കേരളം.

  • ഏകദേശം 35 ലക്ഷത്തിലധികം പ്രവാസി മലയാളികളാണ് വിവിധ രാജ്യങ്ങളിലുള്ളത്.

  • ഗള്‍ഫ് റൂട്ടുകളില്‍ വര്‍ഷം മുഴുവന്‍ ആവശ്യകത നിലനില്‍ക്കുന്നു.

  • കേരളത്തിലെ ടൂറിസം, മെഡിക്കല്‍ ടൂറിസം, ഐടി മേഖല, ബിസിനസ് യാത്രകള്‍ എന്നിവ ഭാവിയില്‍ കൂടുതല്‍ യാത്രക്കാരെ സൃഷ്ടിക്കാന്‍ സാധ്യതയുണ്ട്.

വെല്ലുവിളികള്‍

1. വന്‍ നിക്ഷേപം

വിമാനങ്ങള്‍ ലീസിന് എടുക്കാന്‍ വലിയ നിക്ഷേപം ആവശ്യമാണ്. പലപ്പോഴും വിമാനക്കമ്പനികളെ തകര്‍ക്കുന്നത് ഈ നിക്ഷേപത്തിന് അനുസരിച്ച് റിട്ടേണ്‍ വരാത്തതാണ്. ഇന്ത്യയില്‍ തന്നെ നിരവധി കമ്പനികള്‍ ഇതിനകം പൂട്ടിപ്പോയിട്ടുണ്ട്.

2. വിമാന ഇന്ധനച്ചെലവ്

ഒരു എയര്‍ലൈനിന്റെ മൊത്തം ചെലവിന്റെ 30-40% വരെ ഇന്ധനചെലവ് ആണ്. പലപ്പോഴും ഇന്ധന വില ഉയര്‍ന്നു നില്ക്കുന്നത് ചെലവ് വര്‍ധിപ്പിക്കും.

3. കടുത്ത മത്സരം

കേരളത്തിലെ പ്രധാന റൂട്ടുകളില്‍ ഇതിനകം തന്നെ ഇന്‍ഡിഗോ, എയര്‍ഇന്ത്യ എക്‌സ്പ്രസ്, ആകാശ എയര്‍ തുടങ്ങിയ കമ്പനികളുടെ കടുത്ത മത്സരമാണ്. ഇവര്‍ ടിക്കറ്റ് നിരക്ക് കുറച്ച് യാത്രക്കാരെ ആകര്‍ഷിക്കുന്നു. പുതിയ കമ്പനിക്ക് ടിക്കറ്റ് വിലയില്‍ മത്സരിക്കുക വളരെ ബുദ്ധിമുട്ടാണ്.

4. വിമാനങ്ങളുടെ ലഭ്യത

ലോകമെമ്പാടും പുതിയ വിമാനങ്ങളുടെ ഡെലിവറി വൈകുകയാണ്. ബോയിംഗ്, എയര്‍ബസ് എന്നീ കമ്പനികളുടെ ടെക്‌നിക്കല്‍ പ്രശ്‌നം മൂലം പല എയര്‍ലൈനുകളും വിമാനത്തിനായി കാത്തിരിക്കുകയാണ്. അതുകൊണ്ട് പുതിയ കമ്പനിക്ക് വിമാനം ലഭിക്കുന്നതുതന്നെ വെല്ലുവിളിയാണ്.

5. റെഗുലേറ്ററി അനുമതികള്‍

ഒരു എയര്‍ലൈന്‍ സര്‍വീസ് ആരംഭിക്കാന്‍ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ എന്‍ഒസി ആവശ്യമാണ്. കൂടാതെ ഡിജിസിഎ എയര്‍ ഓപ്പറേറ്റര്‍ സര്‍ട്ടിഫിക്കറ്റ്, സുരക്ഷാ പരിശോധനകള്‍ എല്ലാം വിജയകരമായി പൂര്‍ത്തിയാക്കണം.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT