Facebook /Cochin International Airport Limited (CIAL)
News & Views

സിയാലിലെ വാര്‍ഷിക കയറ്റുമതി കാര്‍ഗോ സംഭരണ ശേഷി 1.25 ലക്ഷം മെട്രിക് ടണ്ണായി ഉയരും

സിയാലിലെ വിപുലീകരിച്ച കാര്‍ഗോ വെയര്‍ഹൗസ് ഉദ്ഘാടനം ചെയ്തു

Dhanam News Desk

കയറ്റുമതി ചരക്കുകളുടെ സംഭരണ ശേഷി വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിപുലീകരിച്ച എക്സ്പോര്‍ട്ട് കാര്‍ഗോ വെയര്‍ഹൗസ് ഉദ്ഘാടനം ചെയ്തു. ഇതോടെ സിയാലിലെ വാര്‍ഷിക എക്‌സ്‌പോര്‍ട്ട് കാര്‍ഗോ കൈകാര്യം ചെയ്യല്‍ ശേഷി 75,000 മെട്രിക് ടണ്ണില്‍ നിന്ന് 1.25 ലക്ഷം മെട്രിക് ടണ്ണായി ഉയര്‍ന്നു.

പുതിയ സംവിധാനത്തില്‍, രണ്ട് അധിക എക്സ്-റേ മെഷീനുകളും എക്‌സ്‌പ്ലോസീവ് ഡിറ്റക്ഷന്‍ മെഷീനുകളുമുള്‍പ്പെടെ അപകടകരമായ ചരക്കുകള്‍ സൂക്ഷിക്കുന്നതിനുള്ള സംവിധാനം, +2°C മുതല്‍ +8°C വരെ താപനില നിലനിര്‍ത്തുന്ന രണ്ട് കോള്‍ഡ് റൂമുകള്‍, റേഡിയോ ആക്ടീവ് കാര്‍ഗോ മുറി, വിലപിടിപ്പുള്ള ചരക്കുകള്‍ക്കായുള്ള പ്രത്യേക മുറി എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

എളുപ്പം കേടാവുന്ന തരം ചരക്കുകള്‍, ഫാര്‍മസ്യൂട്ടിക്കല്‍ ഉല്‍പ്പന്നങ്ങള്‍, അപകടകരമായ ചരക്കുകള്‍, റേഡിയോ ആക്ടീവ് വസ്തുക്കള്‍, വിലയേറിയ കണ്‍സൈന്‍മെന്റുകള്‍ എന്നിവയുള്‍പ്പെടെ വിവിധ തരത്തിലുള്ള കയറ്റുമതി ചരക്കുകള്‍ കൈകാര്യം ചെയ്യുന്നതിനുള്ള സിയാലിന്റെ ശേഷി വര്‍ധിച്ചു.

സിയാല്‍ മാനേജിംഗ് ഡയറക്ടര്‍ എസ്. സുഹാസ് വെയര്‍ഹൗസ് ഉദ്ഘാടനം ചെയ്തു. കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണര്‍ ഇ. വികാസ്, ജനറല്‍ മാനേജരും കാര്‍ഗോ വിഭാഗം മേധാവിയുമായ സതീഷ് കുമാര്‍ പൈ, എയര്‍പോര്‍ട്ട് ഡയറക്ടര്‍ മനു ജി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ചരക്കുകളുടെ ടേണ്‍ അറൗണ്ട് സമയം കുറയ്ക്കാനും കോള്‍ഡ് ചെയിന്‍ സൗകര്യങ്ങള്‍ ശക്തിപ്പെടുത്താനും പ്രത്യേക ചരക്കുകളുടെ കാര്യക്ഷമമായ കൈകാര്യം ചെയ്യലിനും വിപുലീകരിച്ച എക്സ്പോര്‍ട്ട് കാര്‍ഗോ വെയര്‍ഹൗസ് സഹായകരമാകുമെന്ന് എസ്. സുഹാസ് പറഞ്ഞു. വ്യാപാര ലോജിസ്റ്റിക് മേഖലയുടെ മാറിവരുന്ന ആവശ്യങ്ങള്‍ക്കനുസരിച്ച് അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനുള്ള സിയാലിന്റെ തുടര്‍ച്ചയായ ശ്രമങ്ങളുടെ ഭാഗമാണ് ഈ പദ്ധതിയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT