Image : VietJet and CIAL 
News & Views

തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ഒരു കോടി യാത്രക്കാരുമായി സിയാല്‍; യാത്രക്കാരില്‍ 5.33 ലക്ഷത്തിന്റെ വര്‍ധന

Dhanam News Desk

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ തുടര്‍ച്ചയായി മൂന്നാം വര്‍ഷവും ഒരു കോടി യാത്രക്കാര്‍ പറന്നു. ദക്ഷിണേന്ത്യയില്‍ പ്രതിവര്‍ഷം ഒരു കോടി യാത്രക്കാര്‍ ഉപയോഗിക്കുന്ന നാലാമത്തെ വിമാനത്താവളമാണ് സിയാല്‍. കേരളത്തിലെ ഒരേയൊരു വിമാനത്താവളവും. 2025 ജനുവരി-ഡിസംബര്‍ കാലയളവില്‍ 1,15,19,356 യാത്രക്കാരാണ് സിയാലിലൂടെ യാത്ര ചെയ്തത്. 2024ലെ 1,09,86,296 യാത്രക്കാരെ അപേക്ഷിച്ച് ഏകദേശം 4.85% വളര്‍ച്ചയാണ് ഇത്തവണ രേഖപ്പെടുത്തിയത്. ഏകദേശം 5.33 ലക്ഷം യാത്രക്കാരുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.

2025ല്‍ ഏറ്റവും കൂടുതല്‍ യാത്രക്കാരുണ്ടായ മാസം മെയ് ആയിരുന്നു. ഏകദേശം 11.07 ലക്ഷം യാത്രക്കാരാണ് മേയ് മാസത്തില്‍ സിയാല്‍ വഴി യാത്ര ചെയ്തത്. ജനുവരിയില്‍ 10.44 ലക്ഷം യാത്രക്കാരും അവസാന മാസമായ ഡിസംബറില്‍ 10.06 ലക്ഷം യാത്രക്കാരെയുമാണ് സിയാല്‍ കൈകാര്യം ചെയ്തത്.

ഈ വര്‍ഷം ഇതുവരെ സിയാലിലൂടെ പറന്ന ഒരുകോടി യാത്രക്കാരില്‍ 55.17 ലക്ഷം രാജ്യാന്തര യാത്രക്കാരും 60.02 ലക്ഷം പേര്‍ ആഭ്യന്തര യാത്രക്കാരുമാണ്. മൊത്തം 74,689 വിമാനങ്ങള്‍ ഇക്കാലയളവില്‍ സര്‍വീസ് നടത്തി. 2024-ല്‍ ഇത് 75,074 വിമാന സര്‍വീസുകള്‍ ആയിരുന്നു. ചില എയര്‍ലൈനുകളുടെ സര്‍വീസ് നടത്തിപ്പിലുണ്ടായ പ്രശ്‌നങ്ങളാണ് ഈ കുറവിനുണ്ടായ കാരണം.

സിയാല്‍ 2.0 ഗുണകരം

കഴിഞ്ഞ മെയ് മാസം ഉദ്ഘാടനം ചെയ്ത സിയാല്‍ 2.0 എന്ന പദ്ധതി യാത്രക്കാര്‍ക്ക് ഏറെ ഗുണകരമായിട്ടുണ്ട്. ഡിജിയാത്ര സൗകര്യം, ആഭ്യന്തര ടെര്‍മിനലിലൂടെയുള്ള ട്രാന്‍സിറ്റ് വേഗത്തിലാക്കി. മെച്ചപ്പെട്ട സൗകര്യങ്ങള്‍, ആധുനിക ടെര്‍മിനല്‍ അന്തരീക്ഷം, സ്മാര്‍ട്ട് മാനേജ്‌മെന്റ് എന്നീ ഡിജിറ്റലൈസ്ഡ് സംവിധാനങ്ങള്‍ ഫലപ്രദമായി വിനിയോഗിക്കാനും സാധിച്ചു.

സെക്യൂരിറ്റി ചെക്കിങ്ങില്‍ സമീപ ഭാവിയില്‍ തന്നെ ഫുള്‍ ബോഡി സ്‌കാനറുകള്‍ സ്ഥാപിക്കാനും സിയാല്‍ പദ്ധതിയിടുന്നു. ഇതുവഴി ബോഡി ഫ്രിസ്‌കിങ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇല്ലാതാക്കി, യാത്ര വേഗത്തിലാക്കാന്‍ സഹായിക്കും-സിയാല്‍ മാനേജിംഗ് ഡയറക്ടര്‍ എസ്. സുഹാസ് പറഞ്ഞു. ഡിജിറ്റലൈസേഷന്‍, ആധുനിക സുരക്ഷാ സംവിധാനങ്ങള്‍ തുടങ്ങിയ പുതിയ സംരംഭങ്ങള്‍ വഴി, ഓരോരുത്തരുടേയും യാത്ര സുഗമവും സുരക്ഷിതവും ആഗോള നിലവാരത്തിലുമാക്കുക എന്നതുമാണ് സിയാലിന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT