Image : VietJet and CIAL 
News & Views

കൊച്ചി-തിരുവനന്തപുരം പറക്കാന്‍ ദിവസവും ഇന്‍ഡിഗോയുടെ രണ്ട് സര്‍വീസുകള്‍! സിയാലിന്റെ ശൈത്യകാല സമയക്രമം പുറത്ത്, ആഴ്ചയില്‍ 1,520 സര്‍വീസുകള്‍

കൊച്ചി-ബംഗളൂരു റൂട്ടില്‍ സ്റ്റാര്‍ എയറിന്റെ പുതിയ സര്‍വീസ്, നവി മുംബൈയിലേക്ക് അകാശയും ഇന്‍ഡിഗോയും ദിവസേന സര്‍വീസ് നടത്തും

Dhanam News Desk

കൊച്ചി അന്താരാഷ്ട്ര വിമാനത്താവള ലിമിറ്റഡ് (സിയാല്‍ ) 2025-ലെ ശൈത്യകാല സമയക്രമം പ്രഖ്യാപിച്ചു. 2025 ഒക്ടോബര്‍ 26 മുതല്‍ 2026 മാര്‍ച്ച് 28 വരെയാണ് ഈ പുതിയ സമയക്രമം. ഇത് പ്രകാരം ആഴ്ചയില്‍ 1,520 ഓപ്പറേഷനുകളാണ് ഉണ്ടായിരിക്കുക. നിലവിലെ വേനല്‍ക്കാല സമയക്രമത്തില്‍ 1,454 സര്‍വീസുകളാണ് ഉള്ളത്.

27 എയര്‍ലൈനുകളാണ് നിലവില്‍ കൊച്ചി വിമാനത്താവളത്തിലൂടെ ഓപറേറ്റ് ചെയ്യുന്നത്. ആഴ്ചയില്‍ 49 സര്‍വീസുകളോടെ ഇന്‍ഡിഗോയാണ് അന്താരാഷ്ട്ര സര്‍വീസുകളില്‍ മുന്നില്‍. എയര്‍ ഇന്ത്യ എക്‌സ്പ്രസ് - 47, ഇത്തിഹാദ് - 28, എയര്‍ ഏഷ്യ - 21, എയര്‍ അറേബ്യ അബുദാബി - 18, അകാശ - 17, എയര്‍ ഇന്ത്യ, എയര്‍ അറേബ്യ, എമിറേറ്റ്‌സ് , ഒമാന്‍ എയര്‍, സിംഗപ്പൂര്‍ എയര്‍ലൈന്‍സ് - 14 വീതം, കുവൈറ്റ് എയര്‍വെയ്സ്, ഖത്തര്‍ എയര്‍വെയ്സ് - 11 വീതം, സൗദിയ, തായ് എയര്‍ ഏഷ്യ - 10 വീതം, സ്പൈസ്ജെറ്റ്, ശ്രീലങ്കന്‍, മലേഷ്യ എയര്‍ലൈന്‍സ് - 7 വീതം, ജസീറ - 5, ഫ്‌ലൈ ദുബായ്, ഗള്‍ഫ് എയര്‍, ഐലന്‍ഡ് ഏവിയേഷന്‍, വിയറ്റ്‌ജെറ്റ്, മലിന്‍ഡോ - 4 വീതം, തായ് ലയണ്‍ എയര്‍ -3 എന്നിവയാണ് മറ്റ് അന്താരാഷ്ട്ര ഓപ്പറേറ്റര്‍മാര്‍.

അന്താരാഷ്ട്ര സര്‍വീസ് ഇങ്ങനെ

അബുദാബിയിലേക്ക് മാത്രം ആഴ്ചയില്‍ 67 സര്‍വീസുകള്‍ ഉണ്ടായിരിക്കും, ദുബായിലേക്ക് 45ഉം. ദോഹ (38), കോലാലംപൂര്‍ (32), മസ്‌ക്കറ്റ് (25), ഷാര്‍ജ (21) സിങ്കപ്പൂര്‍ (14), മാലി (11), ബാങ്കോക്ക് (10), ജിദ്ദ, റിയാദ് (8) ബഹ്റൈന്‍, കൊളംബോ, ദമാം, റാസ്-അല്‍-ഖൈമ (7), ഹോ ചി മിന്‍ സിറ്റി (4), ഫുക്കെറ്റ് (3) എന്നിവയാണ് മറ്റ് പ്രധാന ഡെസ്റ്റിനേഷനുകള്‍. എയര്‍ ഏഷ്യയുടെ സര്‍വീസുകളുടെ എണ്ണം 11 ല്‍ നിന്ന് 21 ആയി ഉയരും. ദോഹയിലേക്കുള്ള സര്‍വീസുകള്‍ എയര്‍ ഇന്ത്യ പുനരാരംഭിക്കും. അകാശ എയര്‍ ദമാമിലേക്ക് പ്രതിദിന സര്‍വീസും തുടങ്ങും.

ആഭ്യന്തര സര്‍വീസ്

ആഭ്യന്തര മേഖലയില്‍ ബാംഗ്ലൂര്‍ - 86, മുംബൈ - 69, ഡല്‍ഹി - 63, ചെന്നൈ -47, ഹൈദരാബാദ് - 61, അഗത്തി -14, അഹമ്മദാബാദ് -13, പൂനെ - 14, കോഴിക്കോട്, ഗോവ, കണ്ണൂര്‍ -7, സേലം-5 എന്നിങ്ങനെ പ്രതിവാര സര്‍വീസുകള്‍ ഉണ്ടാകും. തിരുവനന്തപുരത്തേക്ക് ഇന്‍ഡിഗോയുടെ അധിക സര്‍വീസുകള്‍ കൂടി ദിവസേന ആരംഭിക്കും. ഇതോടെ പ്രാദേശിക കണക്റ്റിവിറ്റി കൂടുതല്‍ മെച്ചപ്പെടും. പുതിയ ഷെഡ്യൂള്‍ പ്രകാരം, കണ്ണൂരില്‍ നിന്ന് പുറപ്പെടുന്ന ഇന്‍ഡിഗോ വിമാനം രാവിലെ 9:40ന് കൊച്ചിയില്‍ എത്തും. ഇത് പിന്നീട് കൊച്ചി-തിരുവനന്തപുരം (COK-TRV) സെക്ടറില്‍ ദിവസേന രണ്ട് സര്‍വീസുകള്‍ നടത്തും. കൊച്ചിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് രാവിലെ 10:00നും വൈകുന്നേരം 3:50നും പുറപ്പെടും. തിരുവനന്തപുരം നിന്ന് കൊച്ചിയിലേക്കുള്ള സര്‍വീസ് ഉച്ചയ്ക്ക് 1:00നും രാത്രി 7:20നും ആയിരിക്കും.

ഇതോടൊപ്പം, കൊച്ചി-ബംഗളൂരു റൂട്ടില്‍ സ്റ്റാര്‍ എയര്‍ ആഴ്ചയില്‍ 4 സര്‍വീസുകള്‍ തുടങ്ങും. അകാശ എയര്‍ അഹമ്മദാബാദ്, നവി മുംബൈ എന്നിവിടങ്ങളിലേക്ക് ദിവസേന സര്‍വീസ് നടത്തും. ഇന്‍ഡിഗോയുടെ പുതിയ നവി മുംബൈ സര്‍വീസുകളും ദിവസേന ഉണ്ടാകും. സ്‌പൈസ്ജെറ്റ് ചെന്നൈ, ഹൈദരാബാദ് റൂട്ടില്‍ ദൈനംദിന സര്‍വീസുകളും ആരംഭിക്കുന്നുണ്ട്.

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം യാത്രക്കാര്‍ക്ക് മികച്ച നിലവാരത്തിലുള്ള സൗകര്യങ്ങള്‍, സുരക്ഷ, കണക്റ്റിവിറ്റി എന്നിവ നല്‍കുന്നതില്‍ എന്നും പ്രതിജ്ഞാബദ്ധമാണെന്ന് സിയാല്‍ മാനേജിങ് ഡയറക്ടര്‍ എസ്. സുഹാസ് പറഞ്ഞു. പുതിയ ഡിജിറ്റൈസേഷന്‍ സംരംഭമായ സിയാല്‍ 2.0 വഴി അടിസ്ഥാന സൗകര്യങ്ങള്‍ ആധുനികമാക്കുകയും യാത്രാനുഭവം മെച്ചപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. താജ് കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, 0484 എയ്‌റോ ലോഞ്ച് എന്നീ സംരംഭങ്ങള്‍ വഴി ലോകോത്തര നിലവാരമുള്ള സേവനങ്ങളും ഹോസ്പിറ്റാലിറ്റിയും നല്കാന്‍ കഴിയുന്നു. യാത്രക്കാര്‍ക്ക് സഹായകമാകുന്ന തരത്തില്‍ കൂടുതല്‍ സര്‍വീസുകളും റൂട്ടുകളും ഏര്‍പ്പെടുത്താനുള്ള ശ്രമങ്ങള്‍ തുടരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Cochin International Airport (CIAL) has announced its winter schedule 2025 with 1,520 weekly flights. Indigo to start two daily Kochi–Thiruvananthapuram services; Star Air, Akasa, and AirAsia expand routes.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT