കൊച്ചി ആസ്ഥാനമായ പൊതുമേഖലാ കപ്പല്‍ നിര്‍മാണ കമ്പനിയായ കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് (Cochin Shipyard Limited-CSL) നെതര്‍ലന്‍ഡ്‌സ് ആസ്ഥാനമായ കപ്പല്‍ രൂപകല്‍പന, എന്‍ജിനീയറിംഗ് കമ്പനിയായ കോണോഷിപ്പ് ഇന്റര്‍നാഷണല്‍ ഹോള്‍ഡിംഗ് ബി.വിയില്‍ (Conoship International Holding B.V) 23 ശതമാനം ഓഹരി സ്വന്തമാക്കുന്നു.
ഇതിനായി കോണോഷിപ്പിന്റെ ഓഹരിയുടമകളുമായി കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് വിവിധ കരാറുകളില്‍ ഒപ്പുവച്ചു. 2026 ജനുവരിയില്‍ കൊച്ചിൻ ഷിപ്പ്‌യാർഡ് ഡയറക്ടര്‍ ബോര്‍ഡ് നല്‍കിയ അനുമതിയുടെ തുടര്‍ച്ചയായാണ് ഇപ്പോഴത്തെ നടപടികള്‍.
കോണോഷിപ്പിലെ 23 ശതമാനം ഓഹരിക്കായി 23 ലക്ഷം യൂറോ (25 കോടി ഇന്ത്യന്‍ രൂപ) കൊച്ചിന്‍ ഷിപ്പ്‌യാർഡ് പണമായി നല്‍കും. ഇടപാടിന് കേന്ദ്ര സര്‍ക്കാരിന്റെ നിക്ഷേപ-പൊതു ആസ്തി മാനേജ്മെന്റ് വകുപ്പിന്റെ (DIPAM) അനുമതി ലഭിച്ചിട്ടുണ്ട്. രണ്ട് മാസത്തിനുള്ളില്‍ ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ.
യൂറോപ്യന്‍ തീരദേശ, ഹ്രസ്വദൂര കപ്പല്‍ഗതാഗത മേഖലയിലേക്ക് സാന്നിധ്യം വിപുലീകരിക്കുകയാണ് നിക്ഷേപത്തിലൂടെ കൊച്ചിന്‍ ഷിപ്പ്‌യാർഡ് ലക്ഷ്യമിടുന്നത്. കോണോഷിപ്പിന്റെ നൂതന കപ്പല്‍ രൂപകല്‍പന ശേഷി ഇതിനായി പ്രയോജനപ്പെടുത്തും.
2014 ഫെബ്രുവരി 13ന് സ്ഥാപിതമായ കോണോഷിപ്പ് നെതര്‍ലന്‍ഡ്‌സ് ആസ്ഥാനമായുള്ള കപ്പല്‍ രൂപകല്‍പന, എന്‍ജിനീയറിംഗ് കമ്പനിയാണ്. ജനറല്‍ കാര്‍ഗോ കപ്പലുകള്‍, ടാങ്കറുകള്‍, ഡ്രെഡ്ജറുകള്‍, ഫെറികള്‍, ഓഫ്ഷോര്‍ കപ്പലുകള്‍ തുടങ്ങിയവയുടെ രൂപകല്‍പനയാണ് കമ്പനിയുടെ പ്രധാന മേഖല. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കപ്പല്‍ശാലകള്‍ക്ക് കമ്പനി ഡിസൈന്‍, എന്‍ജിനീയറിംഗ് സേവനങ്ങള്‍ നല്‍കുന്നുണ്ട്.
ഇരുകമ്പനികളും ചേര്‍ന്ന് പുതിയ സാങ്കേതികവിദ്യകളിലെ ബിസിനസ് സാധ്യതകളും പരിശോധിക്കും. ഹ്രസ്വദൂര കപ്പലുകള്‍ക്കുള്ള ബദല്‍ ഇന്ധനങ്ങള്‍, തീരദേശ കപ്പല്‍ഗതാഗതം, ഉള്‍നാടന്‍ ജലഗതാഗതം എന്നിവയ്‌ക്കൊപ്പം അനുബന്ധ മറൈന്‍, ഷിപ്പിംഗ്, ഓഫ്ഷോര്‍ സേവനങ്ങളിലുമാണ് സഹകരണ സാധ്യതകള്‍ തേടുക.
കോണോഷിപ്പിന്റെ ഗ്രൂപ്പ് വരുമാനം 2024ല്‍ 40 ലക്ഷം യൂറോ ആയിരുന്നു. 2023ല്‍ 35.1 ലക്ഷം യൂറോയും 2022ല്‍ 24 ലക്ഷം യൂറോയുമായിരുന്നു. കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന് യൂറോപ്പിലേക്കുള്ള വളര്‍ച്ച വാതിലുകളാണ് പുതിയ നിക്ഷേപത്തിലൂടെ കൈവരുന്നത്.
പുതിയ പങ്കാളിത്ത വാര്‍ത്തകള്‍ പുറത്തുവന്നത് കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ഓഹരികളെ ഇന്ന് അരശതമാനത്തോളം ഉയര്‍ത്തി.
Read DhanamOnline in English
Subscribe to Dhanam Magazine