News & Views

'ഐഎന്‍എസ് മാഹി' നാവികസേനയ്ക്ക് കൈമാറി; കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ഉള്‍പ്പെടെ പ്രതിരോധ ഓഹരികള്‍ക്ക് കുതിപ്പ്

കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് അടക്കം പ്രതിരോധ ഓഹരികള്‍ ഇന്ന് മുന്നേട്ടത്തിലാണ്. വിപണിയില്‍ മാന്ദ്യതയാണെങ്കിലും കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ഓഹരികള്‍ ഇന്ന് നാല് ശതമാനത്തിനടുത്താണ് നേട്ടം കൊയ്തത്.

Dhanam News Desk

തദ്ദേശീയമായി വികസിപ്പിച്ച് അത്യാധുനിക സാങ്കേതികത്തികവോടെ നിര്‍മിച്ച 'ഐഎന്‍എസ് മാഹി' അന്തര്‍വാഹിനി ആക്രമണ പ്രതിരോധ കപ്പല്‍ നാവികസേനയ്ക്ക് കൈമാറി കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്. നാവികസേനയ്ക്കുവേണ്ടി കൊച്ചി കപ്പല്‍ശാല നിര്‍മിക്കുന്ന എട്ട് അന്തര്‍വാഹിനി ആക്രമണ പ്രതിരോധ കപ്പലുകളില്‍ ആദ്യത്തേതാണ് ഐഎന്‍എസ് മാഹി.

കപ്പലുകളുടെ രൂപകല്‍പ്പന, നിര്‍മാണം, പരിപാലനം എന്നിവയില്‍ അന്താരാഷ്ട്ര നിലവാരം ഉറപ്പുവരുത്തുന്ന ഡെറ്റ് നോസ്‌കെ വെരിറ്റസ് ഏജന്‍സിയുടെ സുരക്ഷാ മാനദണ്ഡങ്ങള്‍ക്കനുസൃതമായാണ് ഐഎന്‍എസ് മാഹി നിര്‍മിച്ചത്. 78 മീറ്റര്‍ നീളമുള്ള ഐഎന്‍എസ് മാഹി രാജ്യത്തെ ഏറ്റവും വലിയ ഡീസല്‍ എഞ്ചിന്‍-വാട്ടര്‍ജെറ്റില്‍ പ്രവര്‍ത്തിക്കുന്ന നാവിക പടക്കപ്പലാണ്.

മണിക്കൂറില്‍ 25 നോട്ടിക്കല്‍ മൈല്‍ വേഗത്തില്‍ സഞ്ചരിക്കാന്‍ ശേഷിയുള്ള കപ്പലില്‍ അത്യാധുനിക അണ്ടര്‍വാട്ടര്‍ സെന്‍സറുകള്‍, വെള്ളത്തില്‍നിന്നും വിക്ഷേപിക്കാവുന്ന സ്വയം നിയന്ത്രിത ടോര്‍പ്പിഡോകള്‍, റോക്കറ്റുകള്‍, മൈനുകള്‍ വിന്യസിക്കാനുള്ള സംവിധാനം എന്നിവ ഒരുക്കിയിട്ടുണ്ട്.

സമുദ്രാന്തര്‍ ഭാഗത്തെ അന്തര്‍വാഹിനി സാന്നിധ്യം തിരിച്ചറിയുന്നതിനും തിരച്ചിലിനും രക്ഷാദൗത്യങ്ങള്‍ക്കും ഐഎന്‍എസ് മാഹി ഉപകരിക്കും. ശത്രുക്കളില്‍നിന്നും സമുദ്രാതിര്‍ത്തിയില്‍ സംരക്ഷണ കവചമൊരുക്കാന്‍ നാവിക സേനയ്ക്ക് കരുത്തേകുന്നതാണ് ഐഎന്‍എസ് മാഹി. കേന്ദ്രസര്‍ക്കാരിന്റെ ആത്മനിര്‍ഭര്‍ ഭാരതിനു കീഴില്‍ 90 ശതമാനവും തദ്ദേശീയമായി രൂപകല്‍പ്പനചെയ്തു നിര്‍മിക്കുന്നവയാണ് അന്തര്‍വാഹിനി ആക്രമണ പ്രതിരോധ കപ്പലുകള്‍.

ഓഹരികള്‍ക്ക് ഉണര്‍വ്

കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് അടക്കം പ്രതിരോധ ഓഹരികള്‍ ഇന്ന് മുന്നേട്ടത്തിലാണ്. വിപണിയില്‍ മാന്ദ്യതയാണെങ്കിലും കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ഓഹരികള്‍ ഇന്ന് നാല് ശതമാനത്തിനടുത്താണ് നേട്ടം കൊയ്തത്.

ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സില്‍ 79,000 കോടി രൂപയുടെ വിവിധ സൈനിക കരാറുകള്‍ക്ക് അംഗീകാരം നല്കിയതാണ് കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് അടക്കമുള്ള പ്രതിരോധ ഓഹരികള്‍ക്ക് നേട്ടമായത്.

പ്രതിരോധ നിര്‍മാതാക്കളായ ഭാരത് ഡൈനാമിക്‌സ്, ബിഇഎംഎല്‍, ഗാര്‍ഡന്‍ റീച്ച് ഷിപ്പ് ബില്‍ഡേഴ്സ് ആന്‍ഡ് എഞ്ചിനീയേഴ്സ്, പരാസ് ഡിഫന്‍സ്, ഭാരത് ഇലക്ട്രോണിക്സ്, മസഗോണ്‍ ഡോക്ക് എന്നിവയുടെ ഓഹരികള്‍ക്കും നേട്ടമുണ്ടാക്കാന്‍ സാധിച്ചിട്ടുണ്ട്.

INS Mahi handed over to Navy; Defense stocks, including Cochin Shipyard, rise sharply

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT