Image: Canva 
News & Views

ഒറ്റയടിക്ക് നിലംപൊത്തി കൊക്കോവില; വന്‍പതനത്തിന് പിന്നില്‍ ചോക്ലേറ്റ് ലോബി?

ചരക്കുവാങ്ങുന്നതില്‍ നിന്ന് വിട്ടുനിന്ന് വിലകുറയ്ക്കുന്നുവെന്ന ആരോപണവും ശക്തമാണ്

Dhanam News Desk

ഒരാഴ്ച്ചയ്ക്കു മുമ്പുവരെ റെക്കോഡ് വിലയുമായി കര്‍ഷകര്‍ക്ക് പുഞ്ചിരി സമ്മാനിച്ച കൊക്കോവിലയില്‍ അപ്രതീക്ഷിത പതനം. ആഗോള വിപണിയില്‍ ഉണക്കകൊക്കോയ്ക്ക് ദൗര്‍ലഭ്യം തുടരുമ്പോഴും വിലയിടിവിനു കാരണം ചോക്ലേറ്റ് കമ്പനികള്‍ക്ക് ചരക്കെത്തിക്കുന്ന ഇടനിലക്കാരുടെ സമ്മര്‍ദമാണെന്നാണ് സൂചന.

കഴിഞ്ഞയാഴ്ച്ച വരെ 1,200-1,250 നിരക്കിലായിരുന്നു ഉണക്കകൊക്കോ വ്യാപാരം നടന്നത്. എന്നാലിപ്പോള്‍ 550-600 രൂപ വരെ മാത്രമാണ് വില ലഭിക്കുന്നത്. 1,500 വരെ വില ഉയരുമെന്ന പ്രതീക്ഷയില്‍ കര്‍ഷകര്‍ ചരക്ക് സൂക്ഷിച്ചു വച്ചിരിക്കുകയായിരുന്നു.

അപ്രതീക്ഷിതമായി വിലകുറഞ്ഞതോടെ പലര്‍ക്കും വലിയ നഷ്ടമാണ് നേരിടേണ്ടി വന്നത്. വില വല്ലാതെ കുറഞ്ഞതോടെ പലരും കൈയിലുള്ളത് വിറ്റൊഴിവാക്കാനുള്ള തിരക്കിലാണ്. വില പെട്ടെന്ന് ഇടിഞ്ഞതോടെ ഒരുവേള കച്ചവടക്കാര്‍ കൊക്കോ വാങ്ങുന്നത് നിറുത്തിവച്ചിരുന്നു.

പിന്നില്‍ ഇടനിലക്കാര്‍

അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ കൊക്കോ ലഭ്യത ഇപ്പോഴും കുറവാണ്. വില കുറയാന്‍ കാരണം ചോക്ലേറ്റ് നിര്‍മാതാക്കള്‍ക്ക് ചരക്കെത്തിക്കുന്ന ഇടനിലക്കാരുടെ ഒത്തുകളിയാണെന്നാണ് സൂചന. ചരക്കുവാങ്ങുന്നതില്‍ നിന്ന് വിട്ടുനിന്ന് വിലകുറയ്ക്കുന്നുവെന്ന ആരോപണവും ശക്തമാണ്.

ഐവറികോസ്റ്റ്, ഘാന തുടങ്ങിയ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ കൊക്കോയുടെ ഉത്പാദനത്തിലുണ്ടായ ഇടിവാണ് സമീപനാളില്‍ വില കുതിച്ചുയരാന്‍ കാരണമായത്. അതേസമയം റെക്കോഡ് വിലക്കയറ്റത്തെ തുടര്‍ന്നു വിപണിയില്‍ നിന്നു വിട്ടുനിന്ന കൂടുതല്‍ കമ്പനികള്‍ ഇനി രംഗത്തു വരുമെന്നാണ് വിലയിരുത്തല്‍. ആഗോള തലത്തിലുണ്ടായ ക്ഷാമം പെട്ടെന്നു പരിഹരിക്കാന്‍ കഴിയാത്തതിനാല്‍ ശരാശരി 600-700 തോതില്‍ വില തുടര്‍ന്നേക്കും.

രാജ്യത്ത് കൊക്കോ കൂടുതലും ഉല്‍പാദിപ്പിക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം. ഒന്നാം സ്ഥാനത്തുള്ള ആന്ധ്രപ്രദേശ് 10,904 ടണ്‍ കൊക്കോ ഉല്‍പാദിപ്പിക്കുമ്പോള്‍ 9,648 ടണ്ണുമായി കേരളം തൊട്ടു പിന്നാലെയുണ്ട്. തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളിലും കൊക്കോ കൃഷി ചെയ്യുന്നുണ്ട്. കേരളത്തില്‍ ഇടുക്കിയാണ് കൊക്കോ ഉല്‍പാദനത്തില്‍ മുന്നില്‍. സംസ്ഥാനത്തെ കൊക്കോ ഉല്‍പാദനത്തില്‍ 40 ശതമാനവും ഇടുക്കിയിലാണ്.

റബറും കുരുമുളകും കൃഷി ചെയ്തിരുന്ന കൂട്ടത്തില്‍ തന്നെ ഹൈറേഞ്ചിലെ കര്‍ഷകര്‍ കൊക്കോയ്ക്കും ശ്രദ്ധ നല്‍കിയിരുന്നു. ഓരോ ആഴ്ചയും വരുമാനം ലഭിക്കുമെന്നതിനാല്‍ പല ഇടത്തരം കുടുംബങ്ങളുടെയും താങ്ങായിരുന്നു കൊക്കോ.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT