canva
News & Views

വെളിച്ചെണ്ണ വില 500ന് അരികെ! അടുക്കളയില്‍ തേങ്ങ രാജാവ്; കൊപ്ര ഇറക്കുമതിക്ക് കേന്ദ്രത്തിന്റെ കനിവു കാത്ത് സ്വകാര്യ മില്ലുകള്‍

രാജ്യത്തുടനീളം 2,000ത്തിലധികം വെളിച്ചെണ്ണ അനുബന്ധ ഉത്പന്നങ്ങള്‍ പുറത്തിറക്കുന്ന കമ്പനികളുണ്ടെന്നാണ് കണക്ക്. ഇതില്‍ 400 എണ്ണവും കേരളത്തിലാണ്

Dhanam News Desk

മലയാളിക്ക് തേങ്ങയും വെളിച്ചെണ്ണയും ഇല്ലെങ്കില്‍ ഭക്ഷണത്തിന് അത്ര തൃപ്തിയുണ്ടാകില്ല. എന്നാല്‍, തെങ്ങ് ചതിച്ചതോടെ വെളിച്ചെണ്ണയും തേങ്ങയുമെല്ലാം അടുക്കളയില്‍ നിന്ന് ഒഴിവാക്കേണ്ട അവസ്ഥയിലാണ് ശരാശരി മലയാളി. കിലോയ്ക്ക് 500ന് അടുത്തേക്ക് വെളിച്ചെണ്ണ വിലയെത്തി. ഓണമെത്തുമ്പോള്‍ 600 കടന്നാലും അത്ഭുതപ്പെടാനില്ല.

വെളിച്ചെണ്ണ വില പിടിവിട്ട് ഉയര്‍ന്നതോടെ പലരും പാമോയിലിലേക്കും സസ്യഎണ്ണയിലേക്കും മാറി. അടുത്തിടെ ഭക്ഷ്യഎണ്ണകളുടെ ഇറക്കുമതി തീരുവ കേന്ദ്രം കുറച്ചിരുന്നു. അതുകൊണ്ട് ഇത്തരം എണ്ണകളുടെ വരവ് കൂടിയിട്ടുണ്ട്. തേങ്ങ വില നിലവില്‍ 70ന് മുകളിലാണ്. വില ഇനിയും ഉയരുമെന്നാണ് വ്യാപാരികള്‍ പറയുന്നത്.

തേങ്ങയ്ക്കും വെളിച്ചെണ്ണയ്ക്കും വില കൂടുമ്പോള്‍ നാളികേര കര്‍ഷകര്‍ക്ക് സന്തോഷമായിരിക്കുമെന്നാണ് പലരുടെയും ധാരണ. എന്നാല്‍ അത് തെറ്റാണ്. തേങ്ങ ഉത്പാദനം ഒരു വര്‍ഷത്തിനിടെ പാതിയായി കുറഞ്ഞു. ഇപ്പോഴത്തെ വിലവര്‍ധയ്ക്ക് കാരണം ലഭ്യത കുറവാണ്. കാലാവസ്ഥ വ്യതിയാനം, തെങ്ങിനെ ബാധിച്ച രോഗങ്ങള്‍ എന്നിവ ഉത്പാദനക്കുറവിന് കാരണമായി.

കൊപ്രക്ഷാമം രൂക്ഷം

ചൈനയില്‍ തേങ്ങ അനുബന്ധ ഉത്പന്നങ്ങള്‍ക്ക് ഡിമാന്‍ഡ് കൂടിയതാണ് തേങ്ങ ക്ഷാമത്തിന് മറ്റൊരു കാരണം. ചൈന വന്‍തോതില്‍ തേങ്ങ വാങ്ങിക്കൂട്ടുന്നുണ്ട്. കുറഞ്ഞ വിലയ്ക്ക് കൊപ്ര ഇറക്കുമതി ചെയ്യാനുള്ള സാധ്യത ഇതുമൂലം ഇല്ലാതായി. കേരളത്തില്‍ നിന്നുള്ള തേങ്ങ മുഴുവന്‍ തമിഴ്‌നാട്ടിലെ മില്ലുകള്‍ പൊന്നുംവിലയ്ക്ക് വാങ്ങുകയാണ്. ചകിരിയോടെ തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോകുകയാണ് അവര്‍ ചെയ്യുന്നത്.

ഒരു ലിറ്റര്‍ വെളിച്ചെണ്ണ ഉത്പാദിപ്പിക്കാന്‍ 340 രൂപ വരെ ചെലവ് വരുന്നുണ്ടെന്നാണ് സ്വകാര്യ മില്ലുകള്‍ പറയുന്നത്. കൊപ്ര കിട്ടാതായതോടെ സംസ്ഥാനത്തെ മില്ലുകളില്‍ പലതും അടച്ചുപൂട്ടലിന്റെ വക്കിലാണ്.

ഇറക്കുമതി ആവശ്യം ശക്തം

തേങ്ങ, കൊപ്ര ഇറക്കുമതിക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണം മാറ്റണമെന്ന് ആവശ്യപ്പെട്ട് കൊച്ചിന്‍ ഓയില്‍ മെര്‍ച്ചന്റ്‌സ് അസോസിയേഷന്‍ കേന്ദ്രസര്‍ക്കാരിന് കത്തുനല്കിയിട്ടുണ്ട്. അനുകൂല തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് സംഘടന. രാജ്യത്തുടനീളം 2,000ത്തിലധികം വെളിച്ചെണ്ണ അനുബന്ധ ഉത്പന്നങ്ങള്‍ പുറത്തിറക്കുന്ന കമ്പനികളുണ്ടെന്നാണ് കണക്ക്. ഇതില്‍ 400 എണ്ണവും കേരളത്തിലാണ്. ഈ സ്ഥാപനങ്ങളിലായി 25,000ത്തിലധികം പേര്‍ ഈ മേഖലയില്‍ ജോലി ചെയ്യുന്നുണ്ട്.

The price of coconut oil nears ₹500, with shortages of coconuts and restrictions on imports affecting Kerala’s mills, prompting calls for central government intervention

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT