News & Views

പെട്ടെന്നാരു സുപ്രഭാതത്തില്‍ ഇന്ത്യ വിട്ടു, ഇപ്പോള്‍ നാടകീയ തിരിച്ചുവരവ്; ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ച് വമ്പന്മാര്‍ റിട്ടേണ്‍സ്!

2022ലാണ് ഇന്ത്യയില്‍ നിന്നുള്ള പ്രവര്‍ത്തനം കമ്പനി നിര്‍ത്തിയത്

Dhanam News Desk

യു.എസ് ആസ്ഥാനമായ ക്രിപ്‌റ്റോകറന്‍സി എക്‌സ്‌ചേഞ്ചായ കോയിന്‍ബേസ് ഇന്ത്യയിലേക്ക് വീണ്ടും തിരിച്ചെത്തുന്നു. കമ്പനി തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഫിനാന്‍ഷ്യല്‍ ഇന്റലിജന്‍സ് യൂണിറ്റില്‍ (എഫ്.ഐ.യു) നിന്ന് ആവശ്യമായ അനുമതികള്‍ ലഭിച്ചതോടെയാണ് ഇന്ത്യന്‍ മാര്‍ക്കറ്റിലേക്ക് തിരിച്ചെത്താനുള്ള കമ്പനിയുടെ ശ്രമങ്ങള്‍ വിജയം കണ്ടത്.

2022ലാണ് ഇന്ത്യയില്‍ നിന്നുള്ള പ്രവര്‍ത്തനം കമ്പനി നിര്‍ത്തിയത്. യുഎസില്‍ ഏറ്റവുമധികം ക്രിപ്‌റ്റോ ഇടപാടുകള്‍ നടക്കുന്ന എക്‌സ്‌ചേഞ്ചുകളില്‍ ഒന്നാണ് കോയിന്‍ ബേസ്. ഇന്ത്യയില്‍ ക്രിപ്‌റ്റോ കറന്‍സിക്ക് വലിയ നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്ന കാരണം പറഞ്ഞായിരുന്നു 2022ല്‍ കമ്പനി പ്രവര്‍ത്തനം അവസാനിപ്പിച്ചത്.

കൂടുതല്‍ കമ്പനികള്‍ ഇന്ത്യന്‍ മാര്‍ക്കറ്റിലേക്ക്

ഈ വര്‍ഷം അവസാനത്തോടെ റീട്ടെയ്ല്‍ സര്‍വീസുകള്‍ തുടങ്ങുകയും പിന്നാലെ കൂടുതല്‍ നിക്ഷേപം നടത്തി ഇന്ത്യന്‍ പദ്ധതികള്‍ വിപുലമാക്കുകയും ചെയ്യാനാണ് പദ്ധതിയെന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

രാജ്യത്ത് ക്രിപ്‌റ്റോ മേഖല നിരവധി നിയന്ത്രണങ്ങള്‍ അഭിമുഖീകരിച്ച സമയത്തായിരുന്നു കോയിന്‍ ബേസ് ഇന്ത്യ വിട്ടത്. ക്രിപ്‌റ്റോ കറന്‍സികളില്‍ നിന്നുള്ള നേട്ടത്തിന് ഉയര്‍ന്ന ആദായ നികുതി ഏര്‍പ്പെടുത്തിയത് മുതല്‍ സര്‍ക്കാരിന്റെ വിവിധ സമീപനങ്ങള്‍ രാജ്യത്തെ ക്രിപ്‌റ്റോ ഇടപാടുകളെ ബാധിച്ചിരുന്നു. അടുത്തിടെ മറ്റ് ചില ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ച് കമ്പനികളും ഇന്ത്യയിലേക്കുള്ള വരവ് പ്രഖ്യാപിച്ചിരുന്നു. ബിനാന്‍സും ഇത്തരത്തില്‍ രാജ്യത്ത് കൂടുതല്‍ നിക്ഷേപം നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്.

എന്താണ് ക്രിപ്‌റ്റോ കറന്‍സി

ബ്ലോക്ക്‌ചെയിന്‍ സാങ്കേതികവിദ്യയും കമ്പ്യൂട്ടര്‍ കോഡുകളും മറ്റും ഉപയോഗിച്ച് നിര്‍മ്മിച്ച ഡിജിറ്റല്‍/വിര്‍ച്വല്‍ സാങ്കല്പിക കറന്‍സികളാണ് ക്രിപ്‌റ്റോകറന്‍സികള്‍. ലോകത്താകെ ആയിരത്തിലധികം ക്രിപ്‌റ്റോകറന്‍സികളുണ്ടെന്നാണ് കരുതുന്നത്. ഇതില്‍ ഏറ്റവും സ്വീകാര്യതയുള്ളതും ഉയര്‍ന്ന വിലയുള്ളതും ബിറ്റ്‌കോയിനാണ്.

ചില രാജ്യങ്ങള്‍ കറന്‍സികള്‍ പോലെതന്നെ ക്രിപ്‌റ്റോകറന്‍സികളും ഉപയോഗിക്കാന്‍ അനുവദിച്ചിട്ടുണ്ട്. എങ്കിലും നിക്ഷേപമാര്‍ഗമായാണ് കൂടുതല്‍ പേരും ക്രിപ്‌റ്റോകറന്‍സിയെ കാണുന്നത്. അതേസമയം, നിയന്ത്രണ ഏജന്‍സികളില്ലെന്നതാണ് ക്രിപ്‌റ്റോകറന്‍സികളുടെ പ്രധാന ന്യൂനത.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT