രാജ്യത്ത് വാണിജ്യ എല്‍പിജി സിലിണ്ടറിന്റെ വില 183.50 രൂപ കുറച്ചു. 19 കിലോഗ്രാം സിലിണ്ടറിന്റെ വിലയിലാണ് ഈ മാറ്റം. അതേസമയം, വീടുകളില്‍ ഉപയോഗിക്കുന്ന ഗാര്‍ഹിക പാചകവാതകത്തിന്റെ വിലയില്‍ മാറ്റമില്ല. പുതുക്കിയ നിരക്കുകള്‍ ഇന്ന് മുതല്‍ നിലവില്‍ വരും.
വിലകുറച്ചതോടെ ഡല്‍ഹിയില്‍ 19 കിലോയുടെ സിലിണ്ടറിന്റെ വില 2,930 രൂപയാകും. മുംബൈയില്‍ 2,885.50 രൂപയും കൊല്‍ക്കത്തയില്‍ 3,072 രൂപയും ചെന്നൈയില്‍ 3,100 രൂപയുമാകും വില.
പശ്ചിമേഷ്യന്‍ പ്രതിസന്ധിയില്‍ അയവുവന്നതും രാജ്യത്തേക്കുള്ള പാചകവാതക കപ്പലുകള്‍ തടസം കൂടാതെ ഹോര്‍മൂസ് കടന്നു വരുന്നതുമാണ് വില കുറയ്ക്കാന്‍ കമ്പനികളെ പ്രേരിപ്പിച്ചത്. ഗാര്‍ഹിക സിലിണ്ടറുകളുടെ വില കുറയ്ക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല. ഇനിയുമൊരു സംഘര്‍ഷം മിഡില്‍ ഈസ്റ്റില്‍ ഉണ്ടായേക്കുമെന്ന ആശങ്കകളാണ് ഇതിന് കാരണമെന്നാണ് സൂചന.
കഴിഞ്ഞ ഏതാനും മാസങ്ങളായി എണ്ണക്കമ്പനികള്‍ വാണിജ്യ സിലിണ്ടറുകളുടെ വില കുത്തനെ കൂട്ടിയിരുന്നു. വിതരണശൃംഖലയിലെ ആശങ്കകളും ഉയര്‍ന്ന ഇറക്കുമതിച്ചെലവും കാരണം തുടര്‍ച്ചയായുണ്ടായ വിലവര്‍ധന ഹോട്ടല്‍, റെസ്‌റ്റോറന്റ് മേഖലയ്ക്ക് വലിയ തിരിച്ചടിയായി.
പ്രതിമാസം ഒന്നിലധികം സിലിണ്ടറുകള്‍ ഉപയോഗിക്കുന്ന വാണിജ്യ സ്ഥാപനങ്ങള്‍ക്ക് ഈ വിലക്കുറവ് ആശ്വാസം പകരും. ഇന്ധനച്ചെലവ് കുറയുന്നത് ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍, ബേക്കറികള്‍, ക്ലൗഡ് കിച്ചണുകള്‍ മറ്റ് ഭക്ഷ്യ വ്യവസായ സ്ഥാപനങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനച്ചെലവ് കുറയ്ക്കാന്‍ സഹായിച്ചേക്കും.
Read DhanamOnline in English
Subscribe to Dhanam Magazine