Image courtesy: Canva
News & Views

കൊക്കോയ്ക്ക് വന്‍ ഡിമാന്‍ഡ്, സംസ്ഥാനത്ത് കൃഷി വ്യാപിപ്പിക്കുന്നു, പ്രോത്സാഹനവുമായി കമ്പനികള്‍

ആഫ്രിക്കയില്‍ നിന്നുളള കൊക്കോ ഇറക്കുമതിയില്‍ വലിയ കുറവ്

Dhanam News Desk

ചോക്ലേറ്റുകളിലെ മുഖ്യ ഘടകമായ കൊക്കോ സംസ്ഥാനത്ത് ഹൈറേഞ്ച് മേഖലയിലാണ് പ്രധാനമായും കൃഷി ചെയ്യുന്നത്. കാ​ര്യ​മാ​യ ചെ​ല​വു​ക​ളോ പ്ര​ത്യേ​ക പ​രി​ച​ര​ണ​മോ ആ​വ​ശ്യ​മി​ല്ലാ​ത്തതാണ് കോക്കോ കൃഷി. എന്നാല്‍ ഇ​റ​ക്കു​മ​തി വ​ര്‍ധി​ച്ച​തോ​ടെ വി​ല​യി​ടിവ് ഉണ്ടായതും രോഗ ബാധയെ തുടര്‍ന്ന് കൊ​ക്കോ ചെ​ടി​കള്‍ നശിക്കാന്‍ തുടങ്ങിയതും ഒരു കാലത്ത് വ്യാപകമായിരുന്ന കൊക്കോ കൃഷിയില്‍ നിന്ന് കര്‍ഷകരെ പിന്നോട്ട് വലിച്ചിരുന്നു.

എന്നാല്‍ ഇപ്പോള്‍ കൊക്കോ കര്‍ഷകര്‍ക്ക് വലിയ പ്രോത്സാഹനം നല്‍കുന്ന നടപടിയുമായി എത്തിയിരിക്കുകയാണ് കാഡ്ബറി ചോക്ലേറ്റിന്റെ നിര്‍മ്മാതാക്കളായ മൊണ്ടെലസ് ഇന്റർനാഷണൽ. ആഫ്രിക്കയില്‍ നിന്ന് കോക്കോ ഇറക്കുമതിയില്‍ വലിയ കുറവ് വന്നതോടെ തെക്കേ ഇന്ത്യയിലും വടക്കു കഴിക്കന്‍ സംസ്ഥാനങ്ങളിലും കൃഷി വ്യാപിപ്പിക്കാനുളള പദ്ധതിയിലാണ് ഇവര്‍.

ഉയരുന്ന ആവശ്യം

സെൻട്രൽ പ്ലാന്റേഷൻ ക്രോപ്സ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, കേരള അഗ്രികൾച്ചർ യൂണിവേഴ്സിറ്റി തുടങ്ങിയവയുമായി സഹകരിച്ച് കൊക്കോ തൈകൾ ലഭ്യമാക്കാനുളള ധാരണയിലെത്തിയിരിക്കുകയാണ് മൊണ്ടെലെസ് ഇന്ത്യ ഫുഡ്സ് പ്രൈവറ്റ് ലിമിറ്റഡ്. വര്‍ഷം 75,000 ടണ്‍ കൊക്കോ മൊണ്ടെലെസിന് ആവശ്യമുണ്ടെങ്കിലും 10,000 ടണ്‍ കൊക്കോ മാത്രമാണ് അവര്‍ക്ക് രാജ്യത്ത് നിന്ന് ലഭിക്കുന്നത്.

കൂടാതെ നെസ്‌ലെയും നിരവധി ആഭ്യന്തര ചോക്ലേറ്റ് കമ്പനികളും കൊക്കോ വാങ്ങുന്നതിന് താല്‍പ്പര്യം പ്രകടിപ്പിക്കുന്നുണ്ട്. കേരളത്തില്‍ നാട്ടിന്‍ പുറങ്ങളില്‍ ഒരിടയ്ക്ക് വ്യാപകമായിരുന്ന കൊക്കോ കൃഷി കൂടുതല്‍ ഊര്‍ജിതമാക്കുന്നതിന് കര്‍ഷകര്‍ക്ക് പ്രേരകമാകുന്ന ഘടകങ്ങളാണ് ഇവ.

വില ഉയര്‍ന്നേക്കും

ശരിയായ ജലസേചനം, പരിപാലനം, വളപ്രയോഗം തുടങ്ങിയവ സംബന്ധിച്ച് കർഷകര്‍ക്ക് അവബോധം നല്‍കുന്നതിനും പ്രാധാന്യം നല്‍കുന്നുണ്ട്. പ്രധാന വിളയായി കൃഷി ചെയ്യുന്ന ആന്ധ്രാപ്രദേശിലാണ് ഇന്ത്യയില്‍ പ്രധാനമായും കൊക്കോ ഉല്‍പ്പാദനം നടക്കുന്നത്. കേരളം, കർണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളാണ് തൊട്ടു പിറകിലുളളത്.

കഴിഞ്ഞ വര്‍ഷം കിലോയ്ക്ക് 1,000 രൂപ പിന്നിട്ട കൊക്കോയുടെ വില തുടര്‍ന്ന് പിന്നോട്ട് പോയിരുന്നു. 630 രൂപയാണ് നിലവില്‍ ശരാശരി കൊക്കോ വിലയുളളത്. ആഫ്രിക്കയില്‍ നിന്നുളള വരവ് കുറഞ്ഞതും ഉയരുന്ന ഡിമാന്‍ഡും കൊക്കോയ്ക്ക് കൂടുതല്‍ വില ലഭിക്കാന്‍ അനുകൂലമായ സാഹചര്യങ്ങളാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT