image:@canva 
News & Views

കാഴ്ചവസ്തുവായി ഇ-ടോയ്ലെറ്റുകള്‍

ഇ-ടോയ്ലെറ്റ് നിര്‍മ്മിച്ച് സര്‍ക്കാരിന്റെ വിവിധ വകുപ്പുകളും കോടിക്കണക്കിന് രൂപയാണ് വിവിധ ഘട്ടങ്ങളിലായി പാഴാക്കിയത്

Dhanam News Desk

കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിര്‍മിച്ച ഇ-ടോയ്ലെറ്റുകളില്‍ ഭൂരിഭാഗവും ഉപയോഗശൂന്യമായി. പുരുഷന്മാര്‍ വഴിവക്കില്‍ കാര്യം സാധിക്കുമ്പോള്‍ ടോയ്ലെറ്റ് സംവിധാനം കാര്യക്ഷമമല്ലാത്തതിനാല്‍ നട്ടം തിരിയുകയാണ് സ്ത്രീകള്‍.

പ്രഖ്യാപനങ്ങള്‍ കടലാസില്‍ തന്നെ

സംസ്ഥാനത്ത് ആകെ സ്ഥാപിച്ചത് ആയിരം ഇ-ടോയ്ലെറ്റുകള്‍. ഇതില്‍ പ്രവര്‍ത്തിക്കുന്നത് 110 എണ്ണം മാത്രം. വഴിയോരങ്ങളിലും മാര്‍ക്കറ്റുകളിലും പൊലിസ് സ്റ്റേഷനുകളിലും സ്ത്രീ സൗഹൃദ ടോയ്ലെറ്റുകള്‍ സ്ഥാപിക്കുമെന്നായിരുന്നു 2018 ല്‍ അന്നത്തെ ധനകാര്യ മന്ത്രിയുടെ പ്രഖ്യാപനം. എന്നാല്‍ അഞ്ചുവര്‍ഷം കഴിഞ്ഞിട്ടും ഒരിടത്തും ഇതും നടപ്പായില്ല.

ദേശീയ സംസ്ഥാന പാതയോരങ്ങളില്‍ സ്ത്രീ സൗഹൃദ ടോയ്ലെറ്റ് സ്ഥാപിക്കുമെന്ന 2020 ലെ മുഖ്യമന്ത്രിയുടെ പുതുവത്സര പ്രഖ്യാപനവും കടലാസില്‍ തന്നെയാണ്. 3000 സ്ത്രീകള്‍ക്ക് ഒരു ടോയ്ലെറ്റ് എന്ന ക്രമത്തില്‍ 12000 ജോഡി ടോയ്ലെറ്റായിരുന്നു അന്നത്തെ പ്രഖ്യാപനം. തദ്ദേശ സ്ഥാപനങ്ങള്‍ ഇതിനായി സ്ഥലം കണ്ടെത്തണമെന്ന കാര്യവും നടന്നില്ല.

പാഴാക്കിയത് കോടികള്‍

ഇ-ടോയ്ലെറ്റ് നിര്‍മ്മിച്ച് സര്‍ക്കാരിന്റെ വിവിധ വകുപ്പുകളും കോടിക്കണക്കിന് രൂപയാണ് വിവിധ ഘട്ടങ്ങളിലായി പാഴാക്കിയത്. പല ഇ ടോയ്ലെറ്റുകളും തകര്‍ന്ന് കിടക്കാന്‍ തുടങ്ങിയിട്ട് നാളേറെയായി. മദ്യക്കുപ്പികളും മാലിന്യവും ടോയ്ലെറ്റുകളില്‍ ഇന്ന് സുലഭം. കഴിഞ്ഞദിവസം ആറ്റുകാല്‍ പൊങ്കാലയ്ക്കെത്തിയ ആയിരക്കണക്കിന് സ്ത്രീകളാണ് തിരുവനന്തപുരം നഗരത്തില്‍ ടോയ്ലെറ്റ് സംവിധാനമില്ലാത്തതിനെ തുടര്‍ന്ന് വലഞ്ഞത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT