ചെമ്പിന്റെ (കോപ്പര്‍) വില പിടിവിട്ട് ഉയര്‍ന്നതോടെ നികുതി കുറയ്ക്കണമെന്ന ആവശ്യവുമായി ഇന്ത്യന്‍ പ്രൈമറി കോപ്പര്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചു. വില പിടിച്ചു നിര്‍ത്താന്‍ 18 ശതമാനം ജിഎസ്ടിയില്‍ നിന്ന് കോപ്പറിന്റെ വില അഞ്ചുശതമാനത്തിലേക്ക് താഴ്ത്തണമെന്നാണ് സംഘടനയുടെ ആവശ്യം.
ഈ വര്‍ഷം കോപ്പര്‍ വില തുടര്‍ച്ചയായി പുതിയ ഉയരങ്ങള്‍ താണ്ടുകയാണ്. ലണ്ടന്‍ മെറ്റല്‍ എക്സ്ചേഞ്ചില്‍ ഈ മാസം ഒരു ടണ്ണിന് 14,700 ഡോളറിന് മുകളിലേക്കാണ് വില ഉയര്‍ന്നത്. വിലയിലെ കുതിപ്പ് ഇന്ത്യയിലെ കമ്പനികളുടെ ചെലവും ഉയര്‍ത്തുകയാണ്. 2018ല്‍ വേദാന്ത ലിമിറ്റഡിന്റെ സ്റ്റെര്‍ലൈറ്റ് കോപ്പര്‍ സ്‌മെല്‍ട്ടര്‍ അടച്ചുപൂട്ടിയതിന് ശേഷം ഇന്ത്യ ചെമ്പിന്റെ ഇറക്കുമതിയെ കൂടുതലായി ആശ്രയിക്കുകയാണ്.
കോപ്പര്‍ വിലയിലെ കുതിപ്പ് കേബിള്‍ നിര്‍മാതാക്കളുടെയും ഡീലര്‍മാരുടെയും സ്റ്റോക്കിനെയും ബാധിച്ചിട്ടുണ്ട്. വലിയ അളവില്‍ സ്റ്റോക്ക് സൂക്ഷിക്കുന്നത് കൂടുതല്‍ ചെലവേറിയതായതോടെ കമ്പനികള്‍ ഇറക്കുമതിയും ഗണ്യമായി കുറച്ചു. മുമ്പ് ആഴ്ചകളുടെ ആവശ്യത്തിനുള്ള സ്റ്റോക്ക് സൂക്ഷിച്ചിരുന്നിടത്ത് ഇപ്പോള്‍ ദിവസങ്ങളുടെ അടിസ്ഥാനത്തിലാണ് സ്‌റ്റോക്ക് നിലനിര്‍ത്തുന്നത്.
ആഗോള വിപണിയില്‍ കോപ്പര്‍ വില റെക്കോഡ് തലത്തിലേക്ക് ഉയരുന്നതിന് പിന്നില്‍ ആവശ്യകത കൂടുന്നതിനൊപ്പം വിതരണത്തിലെ ഞെരുക്കവുമുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ലോഹ ഉപഭോക്താവായ ചൈന കൂടുതല്‍ വാങ്ങിക്കൂട്ടുന്നതാണ് വില ഉയരാനുള്ള കാരണങ്ങളിലൊന്ന്. വൈദ്യുത വാഹനങ്ങള്‍, പവര്‍ ഗ്രിഡുകള്‍, പുനരുപയോഗ ഊര്‍ജ പദ്ധതികള്‍ എന്നിവയ്‌ക്കൊപ്പം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡാറ്റ സെന്ററുകള്‍ എന്നിവയ്ക്കും കോപ്പര്‍ അനിവാര്യ ഘടകമാണ്.
ലോകത്ത് ഏറ്റവും കൂടുതല്‍ കോപ്പര്‍ ഉത്പാദിപ്പിക്കുന്നത് ചിലിയാണ്. കോംഗോ, പെറു, ചൈന, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളാണ് കോപ്പര്‍ ഉത്പാദനത്തില്‍ മുന്‍നിരയിലുള്ളത്. ഇവിടങ്ങളില്‍ ഉത്പാദനം കുറഞ്ഞതാണ് വില കുതിച്ചുയരാന്‍ ഇടയാക്കിയത്. ഇതിനൊപ്പം അമേരിക്കയില്‍ കോപ്പറിന് പുതിയ ഇറക്കുമതി തീരുവ ഏര്‍പ്പെടുത്തുമെന്ന ആശങ്ക വ്യാപാരികളെ മുന്‍കൂട്ടി സ്റ്റോക്ക് ശേഖരിക്കാന്‍ പ്രേരിപ്പിച്ചു. യുഎസ് കമ്പനികള്‍ കൂടുതല്‍ വാങ്ങിക്കൂട്ടിയതോടെ വിപണിയില്‍ ലഭ്യത കുറയുകയും ചെയ്തു.
Read DhanamOnline in English
Subscribe to Dhanam Magazine