News & Views

കോപ്പർ വില റെക്കോർഡിൽ; ഇവി, എസി, ഫ്രിഡ്ജ് മുതൽ വീടുനിർമാണം വരെ ചെലവ് കൂടാം, മലയാളികളെയും ബാധിക്കും

കാറുകളുടെ നിര്‍മാണച്ചെലവ് 13,000 രൂപ വരെയും ചില ഇലക്ട്രിക് കാറുകളുടേത് 40,000 രൂപയിലധികവും ഉയരാം; എസി, ഫ്രിഡ്ജ്, ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍ക്കും വിലക്കയറ്റ ഭീഷണി

Lijo MG

ആഗോള വിപണിയില്‍ കോപ്പര്‍ വില കുതിച്ചുയരുന്നു. ടണ്ണിന് 14,000 ഡോളറിന് മുകളിലെത്തിയതോടെ ഇലക്ട്രിക് കാറുകള്‍ മുതല്‍ എയര്‍ കണ്ടീഷണര്‍ വരെയുള്ളവയുടെ വില കൂടാന്‍ കോപ്പറിന്റെ കൈവിട്ട കുതിപ്പ് വഴിയൊരുക്കും. വീടുകളുടെ വയറിംഗ് മുതല്‍ റഫ്രിജറേറ്റര്‍, ഇലക്ട്രിക് വാഹനം, സോളാര്‍ സംവിധാനം എന്നിവയില്‍വരെ കോപ്പര്‍ പ്രധാന ഘടകമാണ്.

റെക്കോഡ് ഉയരമായ ടണ്ണിന് 14,858 ഡോളറിലെത്തിയ കോപ്പര്‍ വില കഴിഞ്ഞ വാരാന്ത്യത്തില്‍ 14,240 ഡോളറിലാണ് വ്യാപാരം അവസാനിപ്പിച്ചത്. യുഎസ് കോപ്പറിന് ഉയര്‍ന്ന ഇറക്കുമതി തീരുവ ഏര്‍പ്പെടുത്തിയേക്കുമെന്ന ആശങ്കയാണ് വിലക്കയറ്റത്തിന് പ്രധാന കാരണമായത്. തീരുമാനം പുനഃപരിശോധിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ വന്നതോടെ വിലയില്‍ നേരിയ കുറവുണ്ടായെങ്കിലും വിപണിയിലെ അനിശ്ചിതത്വം തുടരുകയാണ്.

വാഹന വിപണിയെ എങ്ങനെ ബാധിക്കും?

ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ക്കും കാറുകള്‍ക്കും ഏറ്റവും കൂടുതല്‍ സ്വീകാര്യത ലഭിക്കുന്ന വിപണിയാണ് കേരളം. കോപ്പര്‍ വിലക്കയറ്റത്തിന്റെ ഏറ്റവും വലിയ ആഘാതം അനുഭവപ്പെടാന്‍ സാധ്യതയുള്ളതും ഈ വിഭാഗത്തിനാണ്.

ഒരു സാധാരണ പെട്രോള്‍-ഡീസല്‍ കാറില്‍ 20-25 കിലോഗ്രാം കോപ്പറാണ് ഉപയോഗിക്കുന്നത്. ചില ഇലക്ട്രിക് കാറുകളില്‍ ഇത് 80-85 കിലോഗ്രാം വരെയാണ്. പെട്രോള്‍ ഇരുചക്ര വാഹനങ്ങളില്‍ 2.5-3 കിലോഗ്രാം കോപ്പര്‍ മതിയാകുമ്പോള്‍ ഇലക്ട്രിക് മോഡലുകളില്‍ എട്ട് മുതല്‍ 10 കിലോഗ്രാം വരെ ആവശ്യമായി വരും.

കോപ്പര്‍ വിലയിലെ വര്‍ധന മൂലം ഒരു സാധാരണ കാറിന്റെ നിര്‍മാണച്ചെലവ് 10,000-13,000 രൂപ വരെയും ചില ഇലക്ട്രിക് കാറുകളുടേത് 40,000ലധികവും ഉയര്‍ന്നേക്കാമെന്നാണ് വിപണി നല്കുന്ന സൂചന. ഈ മുഴുവന്‍ ബാധ്യതയും ഉപഭോക്താക്കളിലേക്ക് കൈമാറണമെന്നില്ല. എന്നാല്‍ അസംസ്‌കൃത വസ്തുക്കളുടെ വില ഉയര്‍ന്ന നിലയില്‍ തുടരുകയാണെങ്കില്‍ വാഹനവില കൂട്ടുകയോ ഡിസ്‌കൗണ്ടുകളും മറ്റ് ആനുകൂല്യങ്ങളും കുറയ്ക്കുകയോ ചെയ്യാം.

എസി വില 4,500 വരെ കൂടാം

ഉയര്‍ന്ന ചൂടും ഈര്‍പ്പവും കാരണം കേരളത്തില്‍ എയര്‍ കണ്ടീഷണറുകളുടെ ഉപയോഗം വര്‍ധിച്ചുവരികയാണ്. കോപ്പര്‍ വിലക്കയറ്റം ഈ വിപണിയിലും നേരിട്ട് പ്രതിഫലിക്കും. 1.5 ടണ്‍ സ്പ്ലിറ്റ് എയര്‍ കണ്ടീഷണറിന്റെ നിര്‍മാണച്ചെലവ് 3,300-4,500 വരെയും ഡബിള്‍ ഡോര്‍ റഫ്രിജറേറ്ററിന്റേത് 1,300-1,800 വരെയും വര്‍ധിക്കുമെന്നാണ് കണക്കാക്കുന്നത്. നിലവിലുള്ള സ്റ്റോക്ക് തീര്‍ന്ന ശേഷം വിപണിയിലെത്തുന്ന പുതിയ ബാച്ചുകളുടെ വിലയില്‍ വര്‍ധനയുണ്ടാകുമെന്ന് കൊച്ചി പിനാക്കിള്‍ കൂളിംഗ് സൊല്യൂഷന്‍സ് മാനേജര്‍ അനസ് ഇബ്രാഹിം പറഞ്ഞു.

വയറുകള്‍, കേബിളുകള്‍, മോട്ടോറുകള്‍, പമ്പുകള്‍, ട്രാന്‍സ്‌ഫോര്‍മറുകള്‍, ലിഫ്റ്റുകള്‍, ജനറേറ്ററുകള്‍ എന്നിവയിലെല്ലാം കോപ്പര്‍ ഉപയോഗിക്കുന്നതിനാല്‍ വീടുനിര്‍മാണത്തിലും വാണിജ്യ കെട്ടിട പദ്ധതികളിലും ചെലവ് ഉയരും.

ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ കോപ്പര്‍ വില 12 ശതമാനത്തിലധികമാണ് ഉയര്‍ന്നത്. ഇത് മൊത്തം നിര്‍മാണച്ചെലവില്‍ ഏകദേശം 0.75-1 ശതമാനം വരെ വര്‍ധനയുണ്ടാക്കാമെന്നാണ് വിലയിരുത്തല്‍. ഒരു വീടിന്റെ ആകെ ചെലവില്‍ ഇത് ചെറിയ ശതമാനമാണെങ്കിലും വലിയ വില്ലകള്‍, ഫ്ളാറ്റുകള്‍, ആശുപത്രികള്‍, ഹോട്ടലുകള്‍, വാണിജ്യ സമുച്ചയങ്ങള്‍ എന്നിവയില്‍ തുക ഗണ്യമായി ഉയരാം.

സോളാറിനും ചാര്‍ജിംഗ് സംവിധാനങ്ങള്‍ക്കും സമ്മര്‍ദം

വൈദ്യുതി ബില്‍ കുറയ്ക്കാന്‍ റൂഫ്ടോപ് സോളാറിലേക്കും ഇലക്ട്രിക് വാഹന ചാര്‍ജിംഗ് സംവിധാനങ്ങളിലേക്കും മാറുന്ന കേരളത്തിലെ കുടുംബങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും കോപ്പര്‍ വിലക്കയറ്റം തിരിച്ചടിയാകാം. സോളാര്‍ കേബിളുകള്‍, ഇന്‍വെര്‍ട്ടറുകള്‍, ട്രാന്‍സ്‌ഫോര്‍മറുകള്‍, വൈദ്യുതി വിതരണ സംവിധാനങ്ങള്‍ എന്നിവയില്‍ കോപ്പര്‍ ഉപയോഗിക്കുന്നുണ്ട്. ചില ഘടകങ്ങളില്‍ കോപ്പറിന് പകരം അലുമിനിയം ഉപയോഗിക്കാന്‍ നിര്‍മാതാക്കള്‍ ശ്രമിക്കുന്നുണ്ടെങ്കിലും എല്ലായിടത്തും ഇത് പ്രായോഗികമല്ല.

ചെറുകിട സംരംഭങ്ങള്‍ക്കും ഭാരം

ഇലക്ട്രിക്കല്‍ പാനലുകള്‍, കേബിളുകള്‍, മോട്ടോറുകള്‍, ട്രാന്‍സ്‌ഫോര്‍മറുകള്‍, പ്രിന്റഡ് സര്‍ക്യൂട്ട് ബോര്‍ഡുകള്‍, കണക്ടറുകള്‍ എന്നിവ ഉപയോഗിക്കുന്ന കേരളത്തിലെ ചെറുകിട നിര്‍മാണ യൂണിറ്റുകള്‍ക്കും കോപ്പര്‍ വിലക്കയറ്റം വെല്ലുവിളിയാണ്. വലിയ കമ്പനികള്‍ക്ക് മുന്‍കൂട്ടി അസംസ്‌കൃത വസ്തുക്കള്‍ സംഭരിക്കാനും വില സംരക്ഷണ കരാറുകള്‍ ഏര്‍പ്പെടുത്താനും കഴിയുമ്പോള്‍ ചെറുകിട സ്ഥാപനങ്ങള്‍ക്ക് അതിനുള്ള സാമ്പത്തിക ശേഷി പരിമിതമാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT