News & Views

കോവിഡ് 19: അമേരിക്കയിലെ മരണസംഖ്യ ഒരു ലക്ഷം മുതല്‍ രണ്ടരലക്ഷം വരെയായേക്കാമെന്ന് ഡൊണാള്‍ഡ് ട്രംപ്

T.S Geena

കോവിഡിന് മുന്നില്‍ മുട്ട് വിറച്ച് അമേരിക്ക. അടുത്ത രണ്ടാഴ്ചകള്‍ അതിനിര്‍ണായകമാണെന്നും നിലവില്‍ ജനങ്ങള്‍ തമ്മിലുള്ള സാമൂഹിക അകലം നിലനിര്‍ത്താന്‍ പ്രഖ്യാപിച്ചിട്ടുള്ള നിര്‍ദേശങ്ങള്‍ പാലിച്ചാല്‍ തന്നെയും രാജ്യത്ത് ഒരു ലക്ഷം മുതല്‍ 2.40 ലക്ഷം ആളുകള്‍ വരെ മരിച്ചേക്കാമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

അമേരിക്കന്‍ ജനത തങ്ങളുടെ രീതികള്‍ മാറ്റാന്‍ തയ്യാറായാല്‍ മരണ സംഖ്യ കുറയ്ക്കാനായേക്കുമെന്ന് പബ്ലിക് ഹെല്‍ത്ത് അധികൃതര്‍ പറയുന്നു. കോവിഡ് ബാധ തടയാന്‍ ഓരോ അമേരിക്കന്‍ പൗരനും തങ്ങളുടെ ഉത്തരവാദിത്തം ഗൗരവമായെടുത്ത് പെരുമാറിയില്‍ സ്ഥിതിഗതികള്‍ അതീവ ഗുരുതരമാകുമെന്നാണ് വൈറ്റ് ഹൗസിലെ കോറോണ വൈറസ് ടാസ്‌ക് ഫോഴ്‌സിന് സാരഥ്യം നല്‍കുന്നവര്‍ അഭിപ്രായപ്പെടുന്നത്.

''നമുക്ക് മുന്നിലുള്ളത് ഏറ്റവും പ്രയാസമേറിയ രണ്ടാഴ്ചകളാണ്. അമേരിക്കക്കാര്‍ അതിനായി സജ്ജരാകണം. ജീവനും മരണത്തിനുമിടയിലൂടെയാണ് കടന്നുപോകുന്നത്. എല്ലാ ജനങ്ങളും അധികൃതരുടെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണം,'' ട്രംപ് വ്യക്തമാക്കുന്നു.

ചൈന ഔദ്യോഗികമായി പുറത്തുവിട്ട മരണ സംഖ്യയേക്കാള്‍ കൂടുതല്‍ പേര്‍ കോവിഡ് ബാധ മൂലം അമേരിക്കയില്‍ ഇപ്പോള്‍ മരണമടഞ്ഞിട്ടുണ്ട്. നിലവില്‍ അമേരിക്കയിലെ കോവിഡ് മരണസംഖ്യ 3,500 ലേറെയാണ്. 1,70,000ത്തിലേറെ പേര്‍ക്ക് രോഗം ബാധിച്ചുകഴിഞ്ഞു.

ലോകത്തെ അതിശക്ത രാജ്യമായ അമേരിക്കയുടെ സമ്പദ് വ്യവസ്ഥയില്‍ കോവിഡ് കനത്ത ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്. 135 വര്‍ഷത്തിനിടെ ഏറ്റവും വലിയ ഇടിവാണ് ഡൗ ജോണ്‍സ് ഇന്‍ഡസ്ട്രിയല്‍ ആവറേജില്‍ ഉണ്ടായിരിക്കുന്നത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT