Image : Canva 
News & Views

കോര്‍പറേറ്റുകള്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നു! കനകവും വന്‍കിട ബിസിനസ് ഗ്രൂപ്പുകളും തമ്മിലെന്ത് ബന്ധം?

Dhanam News Desk

വര്‍ഷങ്ങളായി രാജ്യത്തെ സാധാരണക്കാരായ ആളുകളുടെ ഏറ്റവും വലിയ നിക്ഷേപം സ്വര്‍ണത്തിലായിരുന്നു. കുടുംബങ്ങള്‍ സ്വര്‍ണം വാങ്ങിച്ചിരുന്നത് ആഡംബരം കാണിക്കുന്നതിനേക്കാള്‍ പിന്നീടൊരു കാലത്ത് പെട്ടെന്നൊരു ആവശ്യത്തിന് ഉപയോഗിക്കുകയെന്ന ലക്ഷ്യത്തോടെയാണ്. ഇന്ത്യന്‍ കുടുംബങ്ങളുടെ രീതി ഇപ്പോള്‍ കടമെടുത്തിരിക്കുകയാണ് കോര്‍പറേറ്റ് ഹൗസുകള്‍. സുരക്ഷിതവും വേഗത്തില്‍ മൂല്യം വര്‍ധിക്കുന്നതുമാണ് സ്വര്‍ണത്തിലേക്ക് തിരിയാന്‍ കോര്‍പറേറ്റുകളെ പ്രേരിപ്പിക്കുന്നത്.

2025 മാര്‍ച്ച് വരെയുള്ള കണക്കനുസരിച്ച് സ്വര്‍ണ ഇടിഎഫുകളില്‍ (Gold Exchange Traded Fund) 36,154 കോടി രൂപയുടെ കോര്‍പറേറ്റ് നിക്ഷേപങ്ങള്‍ ഉണ്ടെന്നാണ് കണക്ക്. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ഇത്തരം നിക്ഷേപങ്ങളില്‍ 55 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സ്വര്‍ണവിലയാകട്ടെ ഇതേ കാലയളവില്‍ 86 ശതമാനം ഉയരുകയും ചെയ്തു.

സുരക്ഷിത നിക്ഷേപ മാര്‍ഗം

കോര്‍പറേറ്റുകളുടെ ആസ്തിയില്‍ സ്വര്‍ണത്തിലെ നിക്ഷേപം ഓരോ വര്‍ഷം കഴിയുന്തോറും കൂടി വരികയാണ്. 2020ല്‍ 50 ശതമാനമായിരുന്നത് ഇപ്പോള്‍ 61.4 ശതമാനത്തിലേക്ക് എത്തി. ആഗോളതലത്തില്‍ ഏറ്റവും സുരക്ഷിതമായ നിക്ഷേപ മാര്‍ഗമായി സ്വര്‍ണം മാറുന്നതാണ് കോര്‍പറേറ്റുകളെയും ഈ വഴി നടക്കാന്‍ പ്രേരിപ്പിക്കുന്നത്.

മുമ്പ് റിയല്‍ എസ്റ്റേറ്റ് ആസ്തികളില്‍ നിക്ഷേപിച്ചിരുന്ന കോര്‍പറേറ്റുകള്‍ ഇപ്പോള്‍ ഓഹരി വിപണിയിലും സ്വര്‍ണത്തിലും നിക്ഷേപിക്കുന്ന രീതിയിലേക്ക് മാറിയിട്ടുണ്ട്. താരതമ്യേന റിസ്‌ക് കുറവാണെന്നതാണ് സ്വര്‍ണത്തിന്റെ മറ്റൊരു പ്രധാന നേട്ടം. എളുപ്പത്തില്‍ പണമാക്കി മാറ്റാനും സ്വര്‍ണത്തിന് സാധിക്കുന്നു.

സ്വര്‍ണത്തിന്റെ ഭാവി

ഈ വര്‍ഷം ഡിസംബറിനുള്ളില്‍ സ്വര്‍ണവില പവന് 80,000 കടക്കുമെന്നാണ് വിദഗ്ധരുടെ നിഗമനം. രാജ്യങ്ങള്‍ കൂടുതല്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നതും സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ ഡിമാന്‍ഡ് ഉയര്‍ന്നതും വില കൂടുന്നതിന് ഇടയാക്കിയിട്ടുണ്ട്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകളും വന്‍തോതില്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT