ഒരു ദിവസത്തിലെ കോവിഡ് രോഗികളുടെ ഏറ്റവും വലിയ വര്‍ധനവില്‍ ഇന്ത്യ. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ അറിയിപ്പു പ്രകാരം രാജ്യത്ത് മാര്‍ച്ച് 31 ന് മാത്രം 227 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ കൊവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 1251 ആയി. ഇതാദ്യമായാണ് രാജ്യത്ത് ഒരു ദിവസം ഇത്രയേറെ പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. കൊവിഡ് ബാധിച്ച് 32 പേരാണ് ഇതുവരെ മരണപ്പെട്ടിട്ടുളളത്. 102 പേര്‍ ഇതിനകം രോഗം ഭേദമായി ആശുപത്രി വിട്ടിട്ടുണ്ട്.
രാജ്യതലസ്ഥാനമായ ദില്ലിയില്‍ ചൊവ്വാഴ്ച മാത്രം 25 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ദില്ലിയിലെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 97 ആയി ഉയര്‍ന്നു. തെലങ്കാനയില്‍ 6 പേരാണ് ചൊവ്വാഴ്ച കൊവിഡ് ബാധിച്ച് മരിച്ചിരിക്കുന്നത്. ഈ ആറ് പേരും ദില്ലി നിസ്സാമുദ്ദീനിലെ ദര്‍ഗയില്‍ സംഘടിപ്പിച്ച മതപരിപാടിയില്‍ പങ്കെടുത്തവരാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.
കേരളത്തില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത് 32 പേര്‍ക്കാണ്. ഇവരില്‍ 17 പേരും വിദേശ രാജ്യങ്ങളില്‍ നിന്ന് തിരിച്ചെത്തിയവരാണ്. എന്നാല്‍ 15 പേരിലേക്ക് വൈറസ് എത്തിയത് രോഗികളുമായുളള സമ്പര്‍ക്കത്തിലൂടെയാണ്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ 213 ആയി. ഇന്ന് കൊവിഡ് 19 സ്ഥിരീകരിച്ച 32 പേരില്‍ 17 പേരും കാസര്‍കോട് സ്വദേശികളാണ്. 11 പേര്‍ കണ്ണൂര്‍ ജില്ലക്കാരാണ്. വയനാട്, ഇടുക്കി ജില്ലകളിലായി രണ്ട് പേര്‍ക്ക് വീതം കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
1,57,257 പേരാണ് സംസ്ഥാനത്ത് ആകെ നിരീക്ഷണത്തിലുളളത്. ഇതില്‍ 620 പേരാണ് ആശുപത്രികളിലുളളത്. 1,56,660 പേരും വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരാണ്. കേരളത്തില്‍ തിരുവനന്തപുരം ജില്ലയില്‍ മരണവും രേഖപ്പെടുത്തിയിട്ടുണ്ട്. 68 കാരനായ അബ്ദുള്‍ അസീസാണ് മരിച്ചത്.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Read DhanamOnline in English
Subscribe to Dhanam Magazine