image credit : lulu group 
News & Views

യൂസഫലിയുടെ സ്വപ്‌നപദ്ധതി 'തുലാസില്‍', കൊടിനാട്ടാന്‍ നീക്കം; മുഖ്യമന്ത്രി കൈകൊടുത്തിട്ടും രക്ഷയില്ല?

15,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്ന വാഗ്ദാനം നല്‍കി ജനങ്ങളുടെ കണ്ണില്‍ പൊടിയിടുകയാണെന്ന് ആരോപണം

Dhanam News Desk

ഗള്‍ഫില്‍ തുടക്കം കുറിച്ച് പിന്നീട് ഇന്ത്യയിലേക്കും തന്റെ ബിസിനസ് സാമ്രാജ്യം വളര്‍ത്തിയ സംരംഭകനാണ് എം.എ യൂസഫലി. കേരളത്തിന്റെ ബ്രാന്‍ഡ് അംബാസഡറെന്നാണ് അദ്ദേഹം അറിയപ്പെടുന്നത് തന്നെ. ഷോപ്പിംഗ് മാളുകളും ഭക്ഷ്യ സംസ്‌കരണ യൂണിറ്റുകളുമായി ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ വലിയ തോതില്‍ നിക്ഷേപവും യൂസഫലി നടത്തുന്നുണ്ട്. വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ ലുലുഗ്രൂപ്പിനായി പരവതാനി വിരിച്ച് രംഗത്തുണ്ട്.

അടുത്തിടെ ലുലുഗ്രൂപ്പ് ആന്ധ്രപ്രദേശില്‍ പുതിയ പ്രൊജക്ടിന് തുടക്കം കുറിച്ചുവെന്ന വാര്‍ത്ത വലിയ തോതില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതിനു കാരണമുണ്ട്. 2017ല്‍ ലുലുഗ്രൂപ്പിന് മാള്‍ തുടങ്ങാനായി വിശാഖപട്ടണത്ത് 13.83 ഏക്കര്‍ അനുവദിച്ചിരുന്നു. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നതിനാല്‍ 99 വര്‍ഷത്തേക്ക് പാട്ടത്തിനായിരുന്നു ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിലുള്ള തെലുഗുദേശം സര്‍ക്കാര്‍ ഈ ഇളവ് അനുവദിച്ചത്.

2019ല്‍ ജഗന്‍മോഹന്‍ റെഡ്ഡി മുഖ്യമന്ത്രിയായി വന്നതോടെ സ്ഥലക്കൈമാറ്റം റദ്ദാക്കി. ഇതോടെ ലുലുഗ്രൂപ്പ് ആന്ധ്രയോട് ഗുഡ്‌ബൈ പറഞ്ഞ് പോകുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം വീണ്ടും തെലുഗുദേശം അധികാരത്തിലെത്തിയതോടെ ലുലുവിന് വീണ്ടും സ്ഥലം അനുവദിച്ചു.

എതിര്‍പ്പുമായി സി.പി.എം

ജഗന്‍മോഹന്‍ റെഡ്ഡിയുടെ വൈ.എസ്.ആര്‍ കോണ്‍ഗ്രസ് സ്ഥലം കൈമാറ്റത്തില്‍ കാര്യമായ എതിര്‍പ്പ് ഉയര്‍ത്തിയിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ പദ്ധതിക്കെതിരേ രംഗത്തു വന്നിരിക്കുന്നത് സി.പി.എമ്മാണ്. മാള്‍ വരുന്നിടം ഉള്‍പ്പെടുന്ന പ്രദേശത്തെ കൗണ്‍സിലര്‍ ഉള്‍പ്പെടെ പദ്ധതിക്ക് എതിരാണ്. കൗണ്‍സിലര്‍ ബി. ഗംഗാ റാവുവിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം പ്രതിഷേധ മാര്‍ച്ചും നടത്തിയിരുന്നു.

പദ്ധതിക്കായി വിട്ടുകൊടുത്ത സ്ഥലം തിരിച്ചെടുക്കണമെന്നാണ് അവരുടെ ആവശ്യം. കോസ്റ്റല്‍ റെഗുലേഷന്‍ സോണ്‍ (CRZ) നിബന്ധനകളുടെ ലംഘനമാണ് സര്‍ക്കാര്‍ നടത്തിയതെന്ന് സി.പി.എം ആരോപിക്കുന്നു. 15,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്ന വാഗ്ദാനം നല്‍കി ജനങ്ങളുടെ കണ്ണില്‍ പൊടിയിടുകയാണെന്ന ആരോപണവും പാര്‍ട്ടി ഉന്നയിക്കുന്നുണ്ട്.

ചന്ദ്രബാബു നായിഡുവിന്റെ ക്ഷണം

വീണ്ടും ആന്ധ്രയിലേക്ക് പോകേണ്ടതില്ലെന്ന എം.എ യൂസഫലിയുടെ തീരുമാനം മാറ്റാന്‍ കാരണം മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ ഇടപെടലാണ്. അധികാരമേറ്റ ശേഷം ചന്ദ്രബാബു നായിഡു നേരിട്ടാണ് യൂസഫലിയെ ക്ഷണിക്കുന്നത്. ലുലുഗ്രൂപ്പിന്റെ ഉന്നതസംഘം കഴിഞ്ഞ മാസം ആന്ധ്രയിലെത്തി ചര്‍ച്ചകളും നടത്തിയിരുന്നു. വിശാഖപട്ടണത്തിനു പുറമേ അമരാവതി, തിരുപ്പതി എന്നിവിടങ്ങളിലും ലുലുവിന്റെ പുതിയ പ്രൊജക്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

Lulu Group’s Andhra Pradesh project faces political opposition and legal hurdles despite state support

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT