പ്രകാശ് കാരാട്ടും എം.എ ബേബിയും സി.പി.എം മധുര പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍ 
News & Views

സി.പി.എം നേതൃമുഖങ്ങള്‍ മാറി, വെല്ലുവിളികള്‍ അതേപടി; ബേബി 'യുഗം' വരുമ്പോള്‍ പാര്‍ട്ടി ലൈന്‍ മാറുമോ?

ജനറല്‍ സെക്രട്ടറിയുടെ റോളില്‍ ഏതു മുന്‍ഗാമിയെ ബേബി പിന്തുടരുമെന്നത് ശ്രദ്ധേയമാണ്

Lijo MG

അങ്ങനെ മധുര പാര്‍ട്ടി കോണ്‍ഗ്രസിന് തിരശീല വീണു. സി.പി.എമ്മിന് പുതിയൊരു ജനറല്‍ സെക്രട്ടറിയെ കിട്ടി. അതും കേരളത്തില്‍ നിന്നൊരാള്‍. എം.എ ബേബിയെന്ന കൊല്ലത്തുകാരന്‍ സി.പി.എമ്മിന്റെ തലപ്പത്തേക്ക് വരുമ്പോള്‍ പാര്‍ട്ടി നയങ്ങളില്‍ എന്തൊക്കെ മാറ്റങ്ങള്‍ വരും? തീരുമാനങ്ങളും പ്രത്യയശാസ്ത്രവും മാറുന്ന കാലത്തിനനുസരിച്ച് അഴിച്ചുപണിയാന്‍ ബേബിക്ക് ആകുമോ? അവസരങ്ങളെക്കാള്‍ വെല്ലുവിളികള്‍ നിറഞ്ഞ കാലഘട്ടത്തിലൂടെയാകും ബേബിയുടെയും സി.പി.എമ്മിന്റെയും യാത്ര.

കാത്തിരിക്കുന്നത് വലിയ വെല്ലുവിളി

സി.പി.എമ്മിലെ സൗമ്യമുഖമാണ് എം.എ ബേബി. ബൗദ്ധിക തലത്തില്‍ കാര്യങ്ങളെ സമീപിക്കുന്നതാണ് അദ്ദേഹത്തിന്റെ രീതി. കാശ്മീര്‍ മുതല്‍ കന്യാകുമാരി പാര്‍ട്ടി പ്രതിസന്ധി നേരിടുകയാണ്. ബി.ജെ.പിയുടെ കടന്നുകയറ്റവും തീവ്രഹിന്ദുത്വ അജന്‍ഡകളും പ്രതിരോധിക്കുകയെന്ന വെല്ലുവിളി മുന്നിലുണ്ട്.

പാര്‍ട്ടി അധികാരത്തിലുള്ള കേരളത്തിലേക്ക് എത്തുമ്പോള്‍ എതിരാളികള്‍ രണ്ടാണ്. ദേശീയതലത്തില്‍ ഒന്നിച്ചു നീങ്ങുന്ന കോണ്‍ഗ്രസാണ് ഇവിടെ പ്രധാന ശത്രു. ഒപ്പം ബി.ജെ.പിയുടെ വളര്‍ച്ചയും. ഇതെല്ലാം ഏതു രീതിയില്‍ ബേബി തരണം ചെയ്യുമെന്നതാണ് കാലത്തിന് മാത്രം നല്‍കാന്‍ പറ്റുന്ന ഉത്തരമാണ്.

പ്രകാശ് കാരാട്ടും സീതാറാം യെച്ചൂരിയും കടന്ന് ബേബി യുഗത്തിലേക്ക് സി.പി.എം എത്തുമ്പോള്‍ പാര്‍ട്ടി കൂടുതല്‍ ദുര്‍ബലാവസ്ഥയിലാണ്. ബംഗാളിലും ത്രിപുരയിലും തിരിച്ചുവരവ് അസാധ്യമായ രീതിയിലേക്ക് കാര്യങ്ങളെത്തിയിരിക്കുന്നു. ഒരുകാലത്ത് വിപ്ലവത്തിന്റെ വഴിയെ നീങ്ങിയ ഈ രണ്ട് സംസ്ഥാനങ്ങളിലെയും ജനത വിരുദ്ധ ധ്രുവത്തിലെത്തിയെന്നതാണ് സി.പി.എം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.

ബംഗാളില്‍ മമത ബാനര്‍ജിയും തൃണമൂല്‍ കോണ്‍ഗ്രസും ഉദയം ചെയ്തത് സി.പി.എമ്മിന്റെ അടിസ്ഥാന വോട്ടര്‍മാരെ അതേപടി ആകര്‍ഷിച്ചാണ്. അധികാരത്തിന് പുറത്തായതോടെ അണികളില്‍ പലരും തൃണമൂലിലേക്ക് പോയി. ബാക്കിയുള്ളവര്‍ നിശബ്ദരായി. കായികമായും സാമ്പത്തികമായും എതിരാളികളെ ഒതുക്കിയാണ് മമത അധികാരം അവിടെ ഊട്ടിയുറപ്പിച്ചത്.

സി.പി.എമ്മിന്റെ അണികളിലേറെയും മധ്യവയസ് പിന്നിട്ടവരായിരുന്നു. കൗമാരക്കാരിലും യുവാക്കളിലും കമ്മ്യൂണിസം കാര്യമായി ഓടുന്നില്ലെന്ന് തിരിച്ചറിയാന്‍ ബംഗാളിലെ പാര്‍ട്ടി മറന്നു. അതിന്റെ തിരിച്ചടിയില്‍ നിന്ന് കരകയറാന്‍ ജ്യോതി ബസുവും ബുദ്ധദേവ് ഭട്ടാചാര്യയും നയിച്ച പാര്‍ട്ടിക്ക് സാധിച്ചില്ല. ഇന്നും ബംഗാളില്‍ സാന്നിധ്യമുണ്ടെങ്കിലും അത് തീര്‍ത്തും ദുര്‍ബലമാണ്. ചെറുപ്പത്തില്‍ ആശയത്തോട് ചേര്‍ന്നവര്‍ മാത്രമാണ് ഇപ്പോഴും പാര്‍ട്ടിക്കൊപ്പം കാര്യമായിട്ടുള്ളത്. ഇത് തന്നെയാകും ബംഗാളില്‍ പാര്‍ട്ടിയെ തിരിച്ചു കൊണ്ടുവരുന്നതില്‍ ബേബിക്ക് മുന്നിലുള്ള കടമ്പ.

ബി.ജെ.പിയുടെ അപ്രതീക്ഷിത വളര്‍ച്ചയാണ് മറ്റൊന്ന്. ഒരുകാലത്ത് ഒറ്റയക്കത്തില്‍ ചില പോക്കറ്റുകളില്‍ മാത്രം ചെറിയ അനക്കം മാത്രമുണ്ടായിരുന്ന പാര്‍ട്ടിയായിരുന്നു ബി.ജെ.പി. എന്നാലിപ്പോള്‍ അവര്‍ ബംഗാളിലെ രണ്ടാമത്തെ വലിയ പാര്‍ട്ടിയാണ്. പ്രതിപക്ഷ നേതൃസ്ഥാനം അലങ്കരിക്കുന്നതും ബി.ജെ.പിയാണ്. മമത മുസ്ലീം സമുദായത്തിന്റെ ക്ഷേമം മാത്രമാണ് ലക്ഷ്യമിടുന്നതെന്ന ബി.ജെ.പി നരേറ്റീവ് അവിടെ വലിയ ചലനമുണ്ടാക്കിയിട്ടുണ്ട്. അടുത്ത വര്‍ഷമാണ് ബംഗാളില്‍ നിയമസഭ തിരഞ്ഞെടുപ്പ്.

ത്രിപുരയില്‍ പാര്‍ട്ടി ഏറെക്കുറെ അസ്തമിച്ച മട്ടാണ്. ബി.ജെ.പി തുടര്‍ച്ചയായി രണ്ടാംവട്ടം അധികാരത്തിലെത്തിയതോടെ പ്രതിപക്ഷത്തെ ശൂന്യത മുതലെടുത്ത് കോണ്‍ഗ്രസ് തിരിച്ചുവന്നിട്ടുണ്ട്. മണിക് സര്‍ക്കാരിനെ ഒഴിച്ചു നിര്‍ത്തിയാല്‍ സി.പി.എമ്മിന് അവിടെ കാര്യമായ ജനകീയ നേതാക്കളില്ല. അതുകൊണ്ട് തന്നെ വെല്ലുവിളികളേറെയാണ്.

കാരാട്ട് ലൈനോ, യെച്ചൂരിയുടെ പാതയോ?

ജനറല്‍ സെക്രട്ടറിയുടെ റോളില്‍ ഏതു മുന്‍ഗാമിയെ ബേബി പിന്തുടരുമെന്നത് ശ്രദ്ധേയമാണ്. ആണവ കരാറിനെ ഉള്‍പ്പെടെ എതിര്‍ത്ത, കോണ്‍ഗ്രസുമായി അധികം ചങ്ങാത്തം വേണ്ടെന്ന പ്രകാശ് കാരാട്ടിന്റെ നിലപാടുകളാണോ അതോ ബി.ജെ.പി വിരുദ്ധരെല്ലാം ഒരേ വഞ്ചിയില്‍ സഞ്ചരിക്കേണ്ടവരാണെന്ന സീതാറാം യെച്ചൂരി ലൈനിലാകുമോ ബേബി സ്വീകരിക്കുകയെന്നത് കണ്ടറിയണം. കേരളത്തിലെ രാഷ്ട്രീയ സാഹചര്യം കൂടി പരിഗണിക്കുമ്പോള്‍ ബേബിയുടെ പോക്ക് കാരാട്ടിന്റെ വഴിയെ ആകാനാണ് സാധ്യത.

കോണ്‍ഗ്രസിനെ ഒരു കൈ അകലത്തില്‍ നിര്‍ത്തിയുള്ള സഹകരണത്തിനാകും ബേബി യുഗം സാക്ഷ്യം വഹിക്കുക. കേരളത്തിലെ പാര്‍ട്ടിയുടെ സാധ്യതകളെ തുരങ്കം വയ്ക്കുന്ന തരത്തിലുള്ള യാതൊന്നും ബേബിയില്‍ നിന്ന് പ്രതീക്ഷിക്കേണ്ടതില്ല.

പാര്‍ട്ടിക്ക് അതീതമായി സൗഹൃദങ്ങളായിരുന്നു യെച്ചൂരിയുടെ കരുത്ത്. ഒരേസമയം രാഹുല്‍ ഗാന്ധിയോടും അഖിലേഷ് യാദവിനോടും എം.കെ സ്റ്റാലിനോടും നല്ല ബന്ധം കാത്തുസൂക്ഷിക്കാന്‍ അദ്ദേഹത്തിനായി. മോദിയുടെ നിരന്തര വിമര്‍ശകനായിട്ടും രാഷ്ട്രീയം മാറ്റിനിര്‍ത്തിയാല്‍ ആ സൗഹൃദവും ഊഷമളമായിരുന്നു. നല്ലതുപോലെ ഭാഷയെ കൈകാര്യം ചെയ്തിരുന്ന യെച്ചൂരിക്ക് ദേശീയ മാധ്യമങ്ങളില്‍ ഭേദപ്പെട്ട ഇടവും ലഭിച്ചിരുന്നു.സഖ്യകക്ഷികളില്‍ നിന്ന് തിരഞ്ഞെടുപ്പുകളില്‍ സീറ്റ് ലഭ്യമാക്കുന്ന കാര്യത്തിലും യെച്ചൂരി പ്രാഗത്ഭ്യം കാണിച്ചു.

സ്വകാര്യവല്‍ക്കരണത്തില്‍ നിലപാട് മാറുമോ?

എന്നും സ്വകാര്യവല്‍ക്കരണത്തിന് എതിരായിരുന്നു പാര്‍ട്ടി. സ്വകാര്യ സര്‍വകലാശാലകളെ സ്വാഗതം ചെയ്തും സ്വകാര്യവല്‍ക്കരണത്തോട് മുഖംതിരിക്കാതെയും കേരളത്തിലെ പാര്‍ട്ടി നയംമാറ്റ സൂചന നല്‍കിയിട്ടുണ്ട്. ഇത് മൊത്തത്തിലുള്ള നയംമാറ്റമാണോയെന്ന കാര്യത്തില്‍ കേന്ദ്രനേതൃത്വത്തിന് മധുരയില്‍ പോലും തൃപ്തികരമായ മറുപടി നല്‍കാന്‍ സാധിച്ചില്ല.

നഷ്ടത്തിലുള്ള പൊതുമേഖല സ്ഥാപനങ്ങളെ സ്വകാര്യവല്‍ക്കരിക്കുന്നതല്ല തങ്ങളുടെ നയമെന്ന് പോളിറ്റ് ബ്യൂറോ അംഗം മുഹമ്മദ് സലീം പറയുന്നു. ഇത്തരം സ്ഥാപനങ്ങളെ സ്വകാര്യ പങ്കാളിത്തത്തോടെ നവീകരിക്കുന്നതിനാണ് തങ്ങള്‍ മുന്‍ഗണന നല്കുന്നത്. ഇത് കേന്ദ്രസര്‍ക്കാര്‍ നയങ്ങളുമായി ചേര്‍ന്നു നില്‍ക്കുന്നതല്ലെന്ന് മുഹമ്മദ് സലീം വാദിക്കുന്നു.

സ്വകാര്യവല്‍ക്കരണത്തോട് ഉദാര സമീപനം പ്രകടിപ്പിക്കുന്ന കേരളത്തിലെ നയം തുടരുമോയെന്ന കാര്യത്തില്‍ മറുപടി പറയേണ്ടത് ഇനി ബേബിയാകും. അങ്ങനെയാരു മാറ്റമുണ്ടായാല്‍ ബി.ജെ.പി ദേശീയ തലത്തില്‍ ഈ നയംമാറ്റം ചര്‍ച്ചവിഷയമാക്കാനും സാധ്യതയുണ്ട്.

പൊതുവേ സൗമ്യനായ, മാധ്യമ ലാളനയ്ക്ക് താല്പര്യമില്ലാത്ത, യെച്ചൂരിയെ പോലെ പാന്‍ ഇന്ത്യ തലത്തില്‍ നിറഞ്ഞു നില്‍ക്കാത്ത ബേബി ഏതു രീതിയിലാകും യാത്ര തുടങ്ങുകയെന്നത് കണ്ടറിയണം.

പ്രത്യയശാസ്ത്രത്തിലൂന്നി വിട്ടുവീഴ്ച്ചയില്ലാത്ത നിലപാടുമായി മുന്നേറാന്‍ എത്രത്തോളം കഴിയുമെന്ന വലിയ ചോദ്യം ബേബി നേരിടുന്നു. കേരളത്തിലെ സി.പി.എമ്മിനെ ആശ്രയിച്ചു കഴിയേണ്ട സ്ഥിതിയാണ് ഇന്ന് അഖിലേന്ത്യ നേതൃത്വത്തിന്. അതിനിടയില്‍ കേരളത്തിലെ സി.പി.എം ശൈലിക്കൊത്ത്, ബേബിയെ കാലം കൂടുതല്‍ മാറ്റുമോ? അതും ഇനിയുള്ള നാളുകള്‍ കാണിച്ചു തരും.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT