കേരളത്തിലെ വന്ധ്യതാ ചികിത്സാ ശൃംഖലയായ ക്രാഫ്റ്റ് ഫെര്‍ട്ടിലിറ്റി സെന്ററും ഇന്ത്യയിലെ പ്രമുഖ ഐവിഎഫ് സേവന ദാതാക്കളായ നോവ ഐ.വി.എഫ് ഫെര്‍ട്ടിലിറ്റിയും കൈകോര്‍ക്കുന്നു. ഏഷ്യ ഹെല്‍ത്ത് കെയര്‍ ഹോള്‍ഡിംഗ്സിന് കീഴിലുള്ള നോവയ്ക്ക് നിലവില്‍ 70 നഗരങ്ങളിലായി 120 കേന്ദ്രങ്ങളുണ്ട്. അടുത്ത 5 വര്‍ഷത്തിനുള്ളില്‍ കേരളത്തിലുടനീളം 10 അത്യാധുനിക ഐ.വി.എഫ് സെന്ററുകള്‍ തുറക്കാനാണ് സംയുക്ത സംരംഭം ലക്ഷ്യമിടുന്നത്. നിലവില്‍ കൊച്ചി, കൊടുങ്ങല്ലൂര്‍, പാലക്കാട് എന്നിവിടങ്ങളില്‍ ഇരു സ്ഥാപനങ്ങള്‍ക്കും സാന്നിധ്യമുണ്ട്.
അന്താരാഷ്ട്ര നിലവാരത്തിലുള്ള ഐ.വി.എഫ് ലാബ് സംവിധാനങ്ങള്‍, ഭ്രൂണ തിരഞ്ഞെടുപ്പിനായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ചുള്ള നൂതന രീതികള്‍ എന്നിവ വഴി മികച്ച ചികിത്സാ ഫലങ്ങള്‍ ലഭ്യമാക്കാന്‍ ഈ പങ്കാളിത്തം സഹായിക്കുമെന്ന് ക്രാഫ്റ്റ് ഹോസ്പിറ്റല്‍ ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ ചെയര്‍മാനും മെഡിക്കല്‍ ഡയറക്ടറുമായ പ്രൊഫ. ഡോ. സി. മുഹമ്മദ് അഷ്‌റഫ് പറഞ്ഞു.
കേരളത്തില്‍ വന്ധ്യതാ ചികിത്സയെക്കുറിച്ചുള്ള അവബോധം കൂടിവരുന്ന സാഹചര്യത്തില്‍, എ.ഐ ഉപയോഗിച്ചുള്ള ഭ്രൂണ തിരഞ്ഞെടുപ്പ് ഉള്‍പ്പെടെയുള്ള ആധുനിക സാങ്കേതിക വിദ്യകള്‍ ഇവിടുത്തെ രോഗികള്‍ക്ക് ലഭ്യമാക്കാന്‍ ഈ പങ്കാളിത്തം സഹായിക്കുമെന്ന് നോവ ഐ.വി.എഫ് ഫെര്‍ട്ടിലിറ്റി സി.ഇ.ഒ ശോഭിത് അഗര്‍വാള്‍ പറഞ്ഞു.
ഈ സഹകരണം ഇന്ത്യന്‍ ഐ.വി.എഫ് മേഖലയിലെ ഒരു സുപ്രധാന നാഴികക്കല്ലാണെന്ന് ഏഷ്യ ഹെല്‍ത്ത് കെയര്‍ ഹോള്‍ഡിംഗ്‌സ് എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ വിശാല്‍ ബാലി അഭിപ്രായപ്പെട്ടു.
രാജ്യത്ത് പ്രതിവര്‍ഷം മൂന്ന് ലക്ഷത്തോളം ഐ.വി.എഫ് ചികിത്സകള്‍ നടക്കുന്നുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അത്യാധുനിക സാങ്കേതികവിദ്യയുടെ വളര്‍ച്ചയോടെ ഐ.വി.എഫ് ഇന്ന് കൂടുതല്‍ ജനകീയമായി മാറിക്കഴിഞ്ഞു.
Read DhanamOnline in English
Subscribe to Dhanam Magazine