രാജ്യത്തിന്റെ വളര്‍ച്ചയില്‍ നോണ്‍ ബാങ്കിംഗ് ഫിനാന്‍ഷ്യല്‍ കമ്പനികളുടെ പങ്ക് ശ്രദ്ധേയമാണെന്ന് മണപ്പുറം ഫിനാന്‍സ് എംഡി വി.പി നന്ദകുമാര്‍. കൊച്ചി ലെ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ ധനം ബിഎഫ്എസ്‌ഐ ആന്‍ഡ് അവാര്‍ഡ് നൈറ്റ് 2025ല്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഉപയോക്താക്കളുടെ പെട്ടെന്നുള്ള സാമ്പത്തിക ആവശ്യങ്ങള്‍ നിറവേറ്റാന്‍ എന്‍ബിഎഫ്‌സികള്‍ക്ക് വേഗത്തില്‍ സാധിക്കുന്നു. ടെക്‌നോളജിയുടെ വളര്‍ച്ച ഈ മേഖലയ്ക്ക് വലിയ സാധ്യതകളാണ് സമ്മാനിക്കുന്നത്. ഗോള്‍ഡ് ലോണില്‍ ബാങ്കുകളേക്കാള്‍ കൂടുതല്‍ സാന്നിധ്യം അറിയിക്കാന്‍ എന്‍ബിഎഫ്‌സികള്‍ക്ക് സാധിക്കുന്നു.
ഓണ്‍ലൈന്‍ സ്വര്‍ണ വായ്പകളില്‍ മണപ്പുറം മുന്നിലാണ്. സ്വര്‍ണ വായ്പയുടെ 84 ശതമാനവും ഇപ്പോള്‍ ഡിജിറ്റലാണ്. ഉപയോക്താക്കള്‍ക്ക് ഒരു ശാഖ സന്ദര്‍ശിക്കാതെ തന്നെ ഇടപാട് നടത്താന്‍ അനുവദിക്കുന്നു. ഉയര്‍ന്ന തുകയുടെ ഇടപാടുകള്‍ ഞായറാഴ്ചകളില്‍ പോലും ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം വഴി നടക്കുന്നു. കഴിഞ്ഞ 20 വര്‍ഷമായി മൈക്രോഫിനാന്‍സ് മേഖലയില്‍ എന്‍ബിഎഫ്‌സികള്‍ വളരെ പ്രധാനപ്പെട്ട പങ്ക് വഹിച്ചിട്ടുണ്ടെന്ന് നന്ദകുമാര്‍ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ 20 വര്‍ഷമായി മണപ്പുറം അടക്കമുള്ള എന്‍ബിഎഫ്‌സികള്‍ വനിതാ ശാക്തീകരണത്തിലടക്കം വഹിക്കുന്ന പങ്ക് വളരെ വലുതാണ്. 2047 ആകുമ്പോഴേക്കും രാജ്യത്തെ എന്‍ബിഎഫ്‌സികള്‍ ബാങ്കുകൾക്കൊപ്പം വളർച്ച നേടും. ഉപയോക്താക്കളുടെ ആവശ്യകത കണ്ടറിഞ്ഞ് അതിന് ഊന്നല്‍ നല്കി വളരാന്‍ ഈ മേഖല ശ്രദ്ധിക്കുന്നുവെന്നും വി.പി നന്ദകുമാര്‍ പറഞ്ഞു.
രാവിലെ നടന്ന ചടങ്ങില്‍ ബിഎസ്ഇ എംഡിയും സിഇഒയുമായ സുന്ദരരാമന്‍ രാമമൂര്‍ത്തി എട്ടാമത് ബിഎഫ്എസ്ഐ സമ്മിറ്റ് ഉദ്ഘാടനം ചെയ്തു. രാത്രി 9.30 വരെ നീളുന്ന സമ്മിറ്റിലും അവാര്‍ഡ് നിശയിലുമായി ദേശീയ, രാജ്യാന്തരതലത്തിലെ ഇരുപതിലേറെ പ്രമുഖരാണ് പ്രഭാഷകരായി എത്തുന്നത്. രാജ്യത്തെമ്പാടും നിന്നായി 500 ഓളം പേര്‍ പ്രതിനിധികളായി പങ്കെടുക്കുന്നുണ്ട്.
ബാങ്കിംഗ് രംഗത്തിന്റെ ഭാവി, അസ്ഥിരത നിലനില്‍ക്കുന്ന സാഹചര്യത്തിലെ നിക്ഷേപം, വായ്പാ മേഖലയെ എങ്ങനെ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ പുനര്‍നിര്‍വചിക്കുന്നു, ബിഎഫ്എസ്ഐ മേഖലയില്‍ ടെക്നോളജി വരുത്താനിടയുള്ള മാറ്റങ്ങള്‍ തുടങ്ങിയ വിഷയങ്ങളെ അധികരിച്ചുള്ള പാനല്‍ ചര്‍ച്ചകളും സമ്മിറ്റിനോട് അനുബന്ധിച്ച് നടക്കും.
സമ്മിറ്റിനോട് അനുബന്ധിച്ച് നടക്കുന്ന അവാര്‍ഡ് നിശയില്‍ റിസര്‍വ് ബാങ്ക് മുന്‍ ഡെപ്യൂട്ടി ഗവര്‍ണര്‍ രാജേശ്വര്‍ റാവു മുഖ്യാതിഥിയായി സംബന്ധിക്കും. ബാങ്കിംഗ്, എന്‍ബിഎഫ്സി, ഇന്‍ഷുറന്‍സ് രംഗത്ത് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ മികവുറ്റ പ്രകടനങ്ങള്‍ കാഴ്ചവെച്ച പ്രസ്ഥാനങ്ങള്‍ക്കുള്ള ധനം ബിഎഫ്എസ്ഐ അവാര്‍ഡുകള്‍ അദ്ദേഹം വിതരണം ചെയ്യും.
Read DhanamOnline in English
Subscribe to Dhanam Magazine