News & Views

ഹാവൂ ആശ്വാസം! ക്രൂഡ്ഓയില്‍ വില മൂന്നുമാസത്തെ താഴ്ന്ന നിലയില്‍; ഇന്ത്യയ്ക്ക് ആശ്വാസം

സമാധാന സ്ഥിതി നിലനിന്നാല്‍ ചുരുങ്ങിയ ദിവസം കൊണ്ട് വില 70 ഡോളറുകളിലേക്ക് എത്തുമെന്നാണ് നിരീക്ഷക വിലയിരുത്തല്‍

Dhanam News Desk

പശ്ചിമേഷ്യ സമാധാനത്തിലേക്ക് നീങ്ങുമെന്ന സൂചനകള്‍ ആഗോള ക്രൂഡ്ഓയില്‍ വില മൂന്നു മാസത്തെ താഴ്ച്ചയില്‍ എത്തിച്ചു. ലഭ്യത വര്‍ധിക്കുമെന്നതും ഹോര്‍മൂസ് കടലിടുക്കിലെ യാത്രതടസം മാറുമെന്ന വാര്‍ത്തകളുമാണ് ക്രൂഡിനെ താഴാന്‍ സഹായിക്കുന്നത്. ഡബ്ല്യുടിഐ, ബ്രെന്റ്, മര്‍ബന്‍ ക്രൂഡ് ഓയില്‍ അടക്കം എല്ലാം ബാരലിന് 90 ഡോളറില്‍ താഴെയാണ്.

മര്‍ബന്‍ ക്രൂഡിന് നിലവില്‍ (ജൂണ്‍ 13) 83 ഡോളറാണ്. ബ്രെന്റ് ക്രൂഡ് 87 ഡോളറിലും. സമാധാന സ്ഥിതി നിലനിന്നാല്‍ ചുരുങ്ങിയ ദിവസം കൊണ്ട് വില 70 ഡോളറുകളിലേക്ക് എത്തുമെന്നാണ് നിരീക്ഷക വിലയിരുത്തല്‍. വെനസ്വേല, ഇറാഖ്, ലിബിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് വലിയതോതില്‍ ക്രൂഡ് ആഗോള വിപണിയിലേക്ക് എത്തുന്നുണ്ട്.

സമാധാന കരാറിന്റെ ഭാഗമായി ഇറാന്‍ എണ്ണയ്ക്കുള്ള ഉപരോധം പിന്‍വലിക്കപ്പെട്ടാല്‍ എണ്ണവില കുത്തനെ താഴ്‌ന്നേക്കും. മിഡില്‍ ഈസ്റ്റ് രാജ്യങ്ങളുടെ നിലനില്പിനെ ബാധിക്കുമെന്നതിനാല്‍ യുഎസ് സമ്പൂര്‍ണ ഉപരോധം പിന്‍വലിക്കാന്‍ തയാറായേക്കില്ല.

ആഗോള ക്രൂഡ് വില താഴുമ്പോള്‍ റഷ്യന്‍ എണ്ണയും സമ്മര്‍ദത്തിലാകും. ഇപ്പോള്‍ തന്നെ പാശ്ചാത്യ, യുഎസ് ഉപരോധം നേരിടുകയാണ് റഷ്യ. ഇന്ത്യയും ചൈനയും അടക്കം ചുരുക്കം ചില രാജ്യങ്ങളാണ് മോസ്‌കോയില്‍ നിന്ന് എണ്ണ വാങ്ങുന്നത്. ആഗോള എണ്ണവില ഇടിയുമ്പോള്‍ കൂടുതല്‍ ഡിസ്‌കൗണ്ട് നല്കാന്‍ റഷ്യ തയാറാകും. ഇത് വില വീണ്ടും ഇടിയാന്‍ കാരണമായേക്കും.

യുദ്ധത്തിന്റേതായ അന്തരീക്ഷം മാറിയാല്‍ ഇന്ത്യയെ സംബന്ധിച്ച് ആശ്വാസം പകരുന്നതാകും കാര്യങ്ങള്‍. ഫെബ്രുവരി 28ന് യുദ്ധം ആരംഭിച്ച ശേഷം ഇന്ത്യ വലിയ സാമ്പത്തികഭാരമാണ് നേരിടുന്നത്. പൊതുമേഖല എണ്ണക്കമ്പനികള്‍ പ്രതിദിനം ആയിരം കോടി രൂപയിലധികമാണ് നഷ്ടം നേരിട്ടിരുന്നത്. എണ്ണവില കുറയുന്നതോടെ നഷ്ടം ചുരുക്കാനും കഴിഞ്ഞ മാസങ്ങളിലെ തിരിച്ചടി നികത്താനും സാധിക്കും.

ഇന്ത്യയില്‍ എണ്ണവില കുറയുമോ?

രാജ്യത്ത് അടുത്തൊന്നും എണ്ണവില കുറയാന്‍ സാധ്യതയില്ല. ക്രൂഡ് വില 70 ഡോളറായാല്‍ പോലും വില കുറച്ച് റിസ്‌ക്കെടുക്കാന്‍ കേന്ദ്രം തയാറായേക്കില്ല. എല്‍പിജി വിതരണം ചെയ്യുന്നതുവഴി എണ്ണക്കമ്പനികള്‍ വലിയ നഷ്ടം നേരിടുന്നുണ്ട്. വിലകുറച്ച് കിട്ടുമ്പോള്‍ നഷ്ടം നികത്താനാകും സര്‍ക്കാര്‍ താല്പര്യപ്പെടുക. അതുകൊണ്ട് തന്നെ എണ്ണവിലയില്‍ വലിയ കുറവ് പ്രതീക്ഷിക്കേണ്ടതില്ല.

Global crude oil prices have fallen to a three-month low amid Middle East peace prospects, offering economic relief to India while domestic fuel price cuts remain unlikely

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT