Image courtesy: canva  
News & Views

ഒരൊറ്റ മിസൈലിൽ 'കത്തിക്കയറി' ക്രൂഡ് ഓയിൽ; ഇന്ത്യയിൽ പെട്രോൾ വില കുറയില്ല, എണ്ണക്കമ്പനികൾക്ക് കനത്ത തിരിച്ചടി!

പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സമ്മേളനത്തിന് മുന്നോടിയായി ഇന്ധനവില കുറച്ചേക്കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. പുതിയ സംഭവവികാസങ്ങള്‍ ഈ സാധ്യത ഇല്ലാതാക്കിയിട്ടുണ്ട്.

Dhanam News Desk

ഇറാനും യുഎസും തമ്മില്‍ വീണ്ടും കൊമ്പുകോര്‍ക്കുന്നതിന്റെ സൂചനകള്‍ ലഭിച്ചതോടെ ആഗോള ക്രൂഡ്ഓയില്‍ വില കുതിച്ചുയരുന്നു. ആദ്യ മിസൈല്‍ വീണ് മണിക്കൂറുകള്‍ക്കകം ക്രൂഡ് വില ഏഴ് ശതമാനത്തിന് മുകളില്‍ ഉയര്‍ന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ബാരലിന് 70 ഡോളറിന് അടുത്തെത്തിയ ബ്രെന്റ് ക്രൂഡ് നിലവില്‍ 80 ഡോളറിനടുത്താണ്.

സമാധാന കരാര്‍ പൊളിഞ്ഞെന്നും ഇനി ചര്‍ച്ചയില്ലെന്നും യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ പ്രസ്താവന എണ്ണയെ വീണ്ടും തിളപ്പിക്കുന്നു. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് തിരിച്ചടിയാണ് ക്രൂഡ് വില ഉയരുന്നത്.

ഫെബ്രുവരി 28ന് ആരംഭിച്ച മിഡില്‍ ഈസ്റ്റ് സംഘര്‍ഷം ഇന്ത്യയുടെ എണ്ണ വാങ്ങല്‍ ചെലവേറിയതാക്കിയിരുന്നു. നിലവില്‍ എണ്ണലഭ്യതയില്‍ പ്രതിസന്ധിയില്ലെങ്കിലും യുദ്ധം വീണ്ടും ആരംഭിച്ചാല്‍ സ്ഥിതി രൂക്ഷമാകും.

23 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയില്‍ ക്രൂഡ് വില്ക്കാന്‍ സൗദി അറേബ്യ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. 11 ഡോളറോളം ബാരലിന് കുറച്ചു വില്ക്കാനായിരുന്നു നീക്കം. യുഎഇ അവരുടെ ഉത്പാദനം റെക്കോഡ് തലത്തിലേക്ക് വര്‍ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഈ ഘട്ടത്തില്‍ വീണ്ടും സംഘര്‍ഷം ഉടലെടുത്തത് ഗള്‍ഫ് രാജ്യങ്ങളുടെ സാമ്പത്തിക നിലനില്പിനും തിരിച്ചടിയാകും.

ലോകത്തെ പ്രധാന എണ്ണ റൂട്ടായ ഹോര്‍മൂസ് കടലിടുക്ക് വീണ്ടും ശ്രദ്ധാകേന്ദ്രമായി മാറുകയാണ്. യുദ്ധം വീണ്ടും ആരംഭിച്ചാല്‍ ഈ വഴിയിലൂടെയുള്ള എണ്ണക്കപ്പലുകളുടെ യാത്ര മുടങ്ങും. ഹോര്‍മൂസില്‍ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് ഇറാന്‍ വെല്ലുവിളിച്ചിട്ടുണ്ട്. പരസ്പരമുള്ള ആക്രമണങ്ങള്‍ പരിധിവിട്ട് പോയാല്‍ എണ്ണക്കപ്പലുകളുടെ യാത്ര മുടങ്ങും. എണ്ണവില വീണ്ടും 100 ഡോളറിന് മുകളിലേക്ക് ഉയരുകയും ചെയ്യും.

എണ്ണക്കമ്പനികള്‍ക്ക് തിരിച്ചടി

ക്രൂഡ് ഓയില്‍ വില കുതിച്ചുയര്‍ന്നത് ഇന്ത്യന്‍ പൊതുമേഖലാ എണ്ണക്കമ്പനികളുടെ ഓഹരികള്‍ക്ക് തിരിച്ചടിയായി. ഭൗമരാഷ്ട്രീയ ആശങ്കകള്‍ ശക്തമായതോടെ നിക്ഷേപകര്‍ വ്യാപകമായി ലാഭമെടുപ്പ് നടത്തിയതാണ് ഓഹരി വിപണിയില്‍ എണ്ണക്കമ്പനികളുടെ ഇടിവിന് കാരണമായത്.

പ്രധാന പൊതുമേഖലാ എണ്ണക്കമ്പനികളായ ഹിന്ദുസ്ഥാന്‍ പെട്രോളിയം, ഭാരത് പെട്രോളിയം, ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ എന്നിവയുടെ ഓഹരി വിലയാണ് വലിയതോതില്‍ ഇടിഞ്ഞത്. പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സമ്മേളനത്തിന് മുന്നോടിയായി ഇന്ധനവില കുറച്ചേക്കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. പുതിയ സംഭവവികാസങ്ങള്‍ ഈ സാധ്യത ഇല്ലാതാക്കിയിട്ടുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT