ആഗോള എണ്ണവിപണിയില്‍ നിന്ന് ഇന്ത്യയ്ക്ക് ആശ്വാസം പകരുന്ന വാര്‍ത്തകള്‍. ക്രൂഡ്ഓയില്‍ വില മൂന്നുമാസത്തെ താഴ്ന്ന നിലയിലെത്തി. ബ്രെന്റ് ക്രൂഡ് വില ബാരലിന് 89 ഡോളറെന്ന നിരക്കിലാണ് ഇന്നത്തെ (നവംബര്‍ 24) വ്യാപാരം. പശ്ചിമേഷ്യയിലെ നിലവിലെ സമാധാന അന്തരീക്ഷമാണ് വിലകുറയുന്നതിന് കാരണം.
വില താഴ്‌ന്നെങ്കിലും മിഡില്‍ ഈസ്റ്റിലെ സാഹചര്യങ്ങള്‍ കാര്യമായി മെച്ചപ്പെട്ടില്ലെങ്കില്‍ കാര്യങ്ങള്‍ മാറിമറിയും. സൗദി അറേബ്യയുടെ ഓയില്‍ റിഫൈനറികളിലേക്ക് ഹൂതി വിമതര്‍ ആക്രമണം നടത്തുന്നതിനൊപ്പം ഹോര്‍മൂസില്‍ ഇറാന്റെ വെല്ലുവിളികളും എണ്ണവിപണിക്ക് ക്ഷീണമാണ്.
രാജ്യാന്തര എണ്ണവില 2027ല്‍ ബാരലിന് 70 ഡോളറിലേക്ക് താഴ്ന്നേക്കുമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്ബിഐ) റിപ്പോര്‍ട്ട്. അമേരിക്കയും ഇറാനും തമ്മിലുള്ള സംഘര്‍ഷത്തിന് അയവുവരാനുള്ള സാധ്യതയും പശ്ചിമേഷ്യയില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ കയറ്റുമതിയിലെ വര്‍ധനയുമാണ് വിലയിടിവിന് അനുകൂലമായ ഘടകങ്ങളായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്.
ഇടക്കാല തെരഞ്ഞെടുപ്പിന് ശേഷം അമേരിക്കയുടെ നയങ്ങളില്‍ കൂടുതല്‍ വ്യക്തതയുണ്ടാകുമെന്നാണ് എസ്.ബി.ഐയുടെ വിലയിരുത്തല്‍. ഡീസല്‍ ക്ഷാമം നിലനില്‍ക്കുന്നുണ്ടെങ്കിലും പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ കയറ്റുമതി വര്‍ധിക്കുന്നതും വില കുറയാന്‍ സഹായിക്കും. ഇതോടെ 2026 ഫെബ്രുവരിയിലെ നിരക്കായ 70 ഡോളറിലേക്ക് അടുത്ത വര്‍ഷം ക്രൂഡ് ഓയില്‍ വില എത്തിയേക്കും.
ക്രൂഡ് ഓയില്‍ വില കുറഞ്ഞാല്‍ ഇന്ത്യയുടെ ഇറക്കുമതിച്ചെലവ് കുറയുന്നതിനൊപ്പം രൂപയുടെ മൂല്യത്തിന്മേലുള്ള സമ്മര്‍ദ്ദവും ലഘൂകരിക്കാനാകും. ഗതാഗതച്ചെലവ്, ഉല്‍പ്പാദനച്ചെലവ് എന്നിവ കുറയ്‌യാനും പണപ്പെരുപ്പം നിയന്ത്രിക്കാനും ഇത് സഹായകമാകും. പെയിന്റ്, വ്യോമയാനം, കെമിക്കല്‍, പ്ലാസ്റ്റിക് തുടങ്ങിയ മേഖലകളിലെ കമ്പനികള്‍ക്കും എണ്ണവിലയിടിവ് ഗുണകരമായേക്കും.
അതേസമയം, അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുറഞ്ഞാലും രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില അതിന് ആനുപാതികമായി കുറയണമെന്നില്ല. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ നികുതി നയങ്ങളും എണ്ണക്കമ്പനികളുടെ വിലനിര്‍ണയ തീരുമാനങ്ങളുമാകും ഇക്കാര്യത്തില്‍ നിര്‍ണായകമാവുക.
Read DhanamOnline in English
Subscribe to Dhanam Magazine