x.com/narendramodi, x.com/realDonaldTrump
News & Views

ക്രൂഡ്ഓയില്‍ വില കുത്തനെ ഇടിയുന്നു, ആശങ്കയില്‍ ഒപെക് രാജ്യങ്ങള്‍; ഇന്ത്യയ്ക്ക് ആശ്വാസം

ആഗോളതലത്തില്‍ എണ്ണവില ഇടിയുന്നത് ഇന്ത്യയെ സംബന്ധിച്ച് നേട്ടമാണ്. റഷ്യയില്‍ നിന്നുള്ള ഇന്ത്യയുടെ എണ്ണ വാങ്ങല്‍ തടസമില്ലാതെ തുടരുകയാണ്

Dhanam News Desk

വിപണിയിലേക്ക് കൂടുതല്‍ ക്രൂഡ്ഓയില്‍ എത്തിയേക്കുമെന്ന നിഗമനങ്ങള്‍ക്കിടയില്‍ ആഗോളതലത്തില്‍ എണ്ണവില ഇടിയുന്നു. യുഎസ്-ചൈന വ്യാപാരയുദ്ധം കൂടുതല്‍ രൂക്ഷമായ തലത്തിലേക്ക് പോകുന്നുവെന്ന സൂചനകളും വിലയെ സ്വാധീനിക്കുന്നുണ്ട്. ഒക്ടോബര്‍ മുതല്‍ ഒപെക് പ്ലസ് രാജ്യങ്ങള്‍ എണ്ണ ഉത്പാദനം വര്‍ധിപ്പിച്ചിരുന്നു. ഇതിനൊപ്പം മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള എണ്ണയും കൂടുതലായി വിപണിയിലേക്ക് എത്തുന്നുണ്ട്.

ഈ വര്‍ഷം മെയ് മാസത്തിനുശേഷമുള്ള ഏറ്റവും കുറഞ്ഞ വിലയിലാണ് ക്രൂഡ്ഓയില്‍. യുഎസില്‍ ഷട്ട്ഡൗണ്‍ നിലനില്ക്കുന്നതും വിലയെ സ്വാധീനിച്ചിട്ടുണ്ട്. ബ്രെന്റ് ക്രൂഡ് വില 0.28 ശതമാനം ഇടിഞ്ഞ് 60.84 ഡോളറിലാണ് (ഒക്ടോബര്‍ 21, രാവിലെ). ഡബ്ല്യുടിഐ ക്രൂഡ് വില 57 ഡോളറിലേക്ക് കൂപ്പുകുത്തി.

യുഎസ്-ചൈന വ്യാപാരയുദ്ധം

ചെറിയ വെടിനിര്‍ത്തലിനുശേഷം ചൈനയ്‌ക്കെതിരേ നിലപാട് കടുപ്പിച്ച് യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് രംഗത്തെത്തിയിട്ടുണ്ട്. ആഗോള തലത്തില്‍ ഏറ്റവും കൂടുതല്‍ എണ്ണ ഉപഭോഗം നടക്കുന്ന രാജ്യങ്ങളാണ് യുഎസും ചൈനയും. ഈ രാജ്യങ്ങള്‍ നേര്‍ക്കുനേര്‍ വരുമ്പോള്‍ വ്യാവസായിക രംഗത്തെ വലിയ തോതില്‍ ബാധിക്കും.

കപ്പലുകള്‍ക്കുള്ള തുറമുഖത്തെ കയറ്റിറക്ക് ഫീസ് വര്‍ധിപ്പിച്ച് ഇരുരാജ്യങ്ങളും യുദ്ധമുഖം തുറന്നിട്ടുണ്ട്. വ്യാപാരയുദ്ധം തുടര്‍ന്നാല്‍ ആഗോള സാമ്പത്തികവളര്‍ച്ചയെയും അത് ബാധിക്കും. ഇപ്പോള്‍ തന്നെ മാന്ദ്യപ്രവണത പല രാജ്യങ്ങളിലും പ്രകടമാണ്. യുക്രൈയ്ന്‍-റഷ്യ യുദ്ധം പല യൂറോപ്യന്‍ രാജ്യങ്ങളിലും വിലക്കയറ്റത്തിന് കാരണമായിരുന്നു.

ഇന്ത്യയ്ക്ക് നേട്ടം

ആഗോളതലത്തില്‍ എണ്ണവില ഇടിയുന്നത് ഇന്ത്യയെ സംബന്ധിച്ച് നേട്ടമാണ്. റഷ്യയില്‍ നിന്നുള്ള ഇന്ത്യയുടെ എണ്ണ വാങ്ങല്‍ തടസമില്ലാതെ തുടരുകയാണ്. യുഎസ് മുന്നറിയിപ്പുകള്‍ മുറതെറ്റാതെ വരുന്നുണ്ടെങ്കിലും ഇന്ത്യന്‍ താല്പര്യങ്ങള്‍ മാത്രം നോക്കിയാണ് കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്. ആഗോള വിലയേക്കാള്‍ വലിയ ഡിസ്‌കൗണ്ടിലാണ് റഷ്യ ഇന്ത്യയ്ക്ക് എണ്ണ വില്ക്കുന്നത്.

ആഗോള വില കുറയുന്നതിനനുസരിച്ച് റഷ്യന്‍ എണ്ണയുടെ വിലയും കുറയുന്നു. ചൈനയും ഇന്ത്യയും ഒഴികെ മറ്റ് രാജ്യങ്ങളൊന്നും കാര്യമായ തോതില്‍ മോസ്‌കോയില്‍ നിന്ന് ക്രൂഡ് വാങ്ങുന്നില്ല. ഇന്ത്യയുടെ വിലപേശല്‍ ശേഷി ഉയര്‍ത്തി നിര്‍ത്തുന്നതും ഇക്കാരണമാണ്.

ഇറാഖും ലിബിയയുമെല്ലാം അടുത്ത കാലത്ത് വലിയതോതില്‍ എണ്ണ ഉത്പാദിപ്പിക്കുന്നുണ്ട്. ഇതിനൊപ്പം പുതിയ രാജ്യങ്ങളും എണ്ണ ഉത്പാദനത്തിലേക്ക് എത്തുന്നത് ഒപെക് രാജ്യങ്ങളുടെ എണ്ണവില്പനയിലെ മേധാവിത്വം കുറയ്ക്കാന്‍ വഴിയൊരുക്കും. എത്രത്തോളം എണ്ണവില കുറയുന്നുവോ അത്രത്തോളം ഇന്ത്യയ്ക്കത് ഗുണം ചെയ്യും.

Crude oil prices plummet globally amid increased production and US-China trade tensions, offering economic relief to India

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT