Image : Canva 
News & Views

ഖത്തറില്‍ ഇറാന്റെ ആക്രമണത്തിലും ക്രൂഡ് ഓയില്‍ വില കുത്തനെ ഇടിഞ്ഞു, പെട്ടെന്നുള്ള ഇടിവിന് പിന്നിലെന്ത്?

ഹോര്‍മൂസ് കടലിടുക്ക് അടയ്ക്കാനുള്ള നീക്കത്തിനെതിരേ സൗഹൃദ രാഷ്ട്രമായ ചൈനയുടെ മുന്നറിയിപ്പും ഇറാനെ തീരുമാനത്തില്‍ നിന്ന് പിന്തിരിപ്പിച്ചെന്ന് സൂചനയുണ്ട്

Dhanam News Desk

മുന്നോട്ടു കുതിക്കുമെന്ന് പ്രതീക്ഷിച്ച ക്രൂഡ്ഓയില്‍ വില പിടിച്ചു നിര്‍ത്തിയതു പോലെ താഴോട്ട് ഇറങ്ങുന്നു. ഇന്ന് പുലര്‍ച്ചെ ഖത്തറിലെ അമേരിക്കന്‍ സൈനിക ബേസുകളിലേക്ക് ഇറാന്‍ ആക്രമണം നടത്തിയിട്ടും എണ്ണവില കുതിച്ചില്ലെന്ന് മാത്രമല്ല വലിയ തോതില്‍ ഇടിയുകയും ചെയ്തു. എന്താണിതിന് കാരണം? ഖത്തറിലെ ഇറാന്‍ ആക്രമണത്തോട് യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ പ്രതികരണം തന്നെയാണ് എണ്ണവില കുതിച്ചുയരാതിരിക്കാന്‍ പ്രധാന കാരണം.

ഖത്തറിലെ അമേരിക്കന്‍ സൈനിക താവളം ആക്രമിച്ചതിന് പ്രതികാര നടപടിയുണ്ടാകില്ലെന്നാണ് ട്രംപ് വ്യക്തമാക്കിയത്. ഇറാന്‍ അവരുടെ എല്ലാ അമര്‍ഷവും തീര്‍ത്തു കാണുമെന്നും ഇനി വിദ്വേഷമുണ്ടാകില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ട്രംപ് സമൂഹമാധ്യമ പോസ്റ്റില്‍ കുറിച്ചു.

യു.എസിനെതിരേ പ്രതികാരം ചെയ്യാന്‍ തിരിച്ചടിച്ചുവെന്ന പ്രതീതി സൃഷ്ടിക്കാനാണ് ഇറാന്‍ ഖത്തറിലെ ക്യാംപ് ആക്രമിച്ചതെന്നാണ് വിലയിരുത്തല്‍. ഇസ്രയേല്‍ ആക്രമണം അവസാനിപ്പിച്ചാല്‍ സമാധാനത്തിനായി സന്ധി ചെയ്യാന്‍ തങ്ങള്‍ തയാറാണെന്ന ഇറാന്‍ വിദേശകാര്യ മന്ത്രിയുടെ പ്രതികരണവും സമാധാനം പുലരുമെന്ന സൂചനയായിട്ടാണ് കരുതുന്നത്.

ഹോര്‍മൂസിലും ആശ്വാസം

രാജ്യാന്തര എണ്ണ വിതരണത്തിന്റെ 20 ശതമാനവും നടക്കുന്ന ഹോര്‍മൂസ് കടലിടുക്ക് അടയ്ക്കുമെന്ന് കഴിഞ്ഞ ദിവസം ഇറാന്‍ ഭീഷണിപ്പെടുത്തിയിരുന്നു. ഇറാന്‍ പാര്‍ലമെന്റും ഇതിന് പിന്തുണ നല്കിയിരുന്നു. എന്നാല്‍ ഇതുവരെ ഹോര്‍മൂസ് പാതയില്‍ തടസം സൃഷ്ടിക്കാന്‍ ഇറാന്‍ ശ്രമിച്ചിട്ടില്ല. ഇത്തരത്തില്‍ നീക്കം നടത്തരുതെന്ന് സൗഹൃദ രാഷ്ട്രമായ ചൈനയുടെ മുന്നറിയിപ്പും ഇറാനെ തീരുമാനത്തില്‍ നിന്ന് പിന്തിരിപ്പിച്ചെന്ന് സൂചനയുണ്ട്.

ചൈനയിലേക്കുള്ള എണ്ണവിതരണത്തില്‍ തടസമുണ്ടാകാന്‍ ഇറാന്‍ ആഗ്രഹിക്കുന്നില്ല. റഷ്യയും ചൈനയും അടക്കം ചുരുക്കം ചില രാജ്യങ്ങള്‍ മാത്രമാണ് ഇറാന് പ്രസ്താവനകളിലൂടെയെങ്കിലും പിന്തുണ നല്കുന്നുള്ളൂ. ഇതുകൂടി ഇല്ലാതാക്കാന്‍ ടെഹ്‌റാന്‍ ആഗ്രഹിക്കുന്നില്ല.

ട്രംപിന്റെ ഭീഷണി

എണ്ണവില കുത്തനെ ഉയരുന്നത് താന്‍ കണ്ടുകൊണ്ടിരിക്കുകയാണെന്നും വില കുറയ്ക്കുന്നതാകും നല്ലതെന്ന ഡൊണള്‍ഡ് ട്രംപിന്റെ ഭീഷണിയും എണ്ണവില കുറയുന്നതിന് ഇടയാക്കിയിട്ടുണ്ട്. അമേരിക്കയിലെ എണ്ണ കമ്പനികളെ ലക്ഷ്യമിട്ടാണ് ട്രംപിന്റെ പ്രസ്താവനയെന്ന് ഒരുവിഭാഗം പറയുന്നു. എന്നാല്‍, എണ്ണ ഉത്പാദക രാജ്യങ്ങളോടാണ് ട്രംപിന്റെ മുന്നറിയിപ്പെന്ന വ്യാഖ്യാനവും വരുന്നുണ്ട്.

ബ്രെന്റ് ക്രൂഡിന്റെ വില ഇന്ന് 69 ഡോളറിലാണ്. ഇന്നലെ 80 ഡോളറിന് അടുത്തെത്തിയ ശേഷമാണ് നാടകീയമായി വില ഇടിഞ്ഞത്. മര്‍ബന്‍ ക്രൂഡ് 70 ഡോളറിലാണ്. പ്രകൃതിവാതക വിലയിലും ഇടിവുണ്ട്. ആഗോള തലത്തില്‍ ആവശ്യത്തിലധികം എണ്ണ വിപണിയിലേക്ക് എത്തുന്നതും ആവശ്യകത ചൈന അടക്കമുള്ള രാജ്യങ്ങളില്‍ കുറഞ്ഞു നില്‍ക്കുന്നതും വില വലിയ തോതില്‍ ഉയരാത്തതിന് കാരണമാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT