പരമ്പരാഗത ബാങ്കിംഗ് രീതികള്‍ ഒഴിവാക്കി ക്രിപ്‌റ്റോകറന്‍സി വഴി ഇന്ത്യയിലേക്ക് പണമയക്കുന്ന പ്രവാസികളുടെ എണ്ണം കൂടുന്നതായി റിപ്പോര്‍ട്ട്. ഏതെങ്കിലും കറന്‍സിയുമായോ സ്വര്‍ണം പോലുള്ള നിക്ഷേപവുമായോ ബന്ധിപ്പിച്ചിട്ടുള്ള സ്റ്റേബിള്‍കോയിനുകളാണ് ഇതിനായി ഉപയോഗിക്കുന്നത്. വേഗത്തില്‍ ഇടപാട് നടക്കുന്നതും കൂടുതല്‍ മൂല്യം കിട്ടുന്നതുമാണ് ആളുകളെ ഇതിലേക്ക് ആകര്‍ഷിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ നിയമപരമായ ചില തടസങ്ങളുണ്ടെന്നും വിവിധ റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ബാങ്ക് റേറ്റിനേക്കാള്‍ കൂടുതല്‍ പണം ലഭിക്കുമെന്നതാണ് ഇത്തരം ഇടപാടുകള്‍ വര്‍ധിക്കാന്‍ കാരണം. യു.എസ് ഡോളറുമായി ബന്ധിപ്പിച്ചിരിക്കുന്ന സ്‌റ്റേബിള്‍ കോയിനുകള്‍ ടെതര്‍ എന്ന കമ്പനിയാണ് പുറത്തിറക്കുന്നത്. എപ്പോഴും ഡോളറിന്റെ വിലയേക്കാള്‍ 4-5 ശതമാനം വരെ ഉയര്‍ന്ന വിലയിലാണ് രാജ്യത്ത് ഇവയുടെ ട്രേഡിംഗ് നടക്കുന്നത്. 88.6 രൂപ ഒരു ഡോളറിന് വിലയുണ്ടെങ്കില്‍ ഒരു സ്‌റ്റേബിള്‍ കോയിന് 93 രൂപയോളം വരുമെന്നാണ് റിപ്പോര്‍ട്ട്. അതായത് ഏതെങ്കിലും വിദേശ രാജ്യത്ത് നിന്നും സാധാരണ ബാങ്കിംഗ് സംവിധാനത്തിലൂടെ 1,000 ഡോളര്‍ അയക്കുന്നയാളിന് ഇന്നത്തെ വിലയനുസരിച്ച് 88,700 രൂപയോളമാണ് ഇന്ത്യയില്‍ ലഭിക്കുന്നത്. എന്നാല്‍ സ്‌റ്റേബിള്‍ കോയിന്‍ ഉപയോഗിച്ചാല്‍ ഇത് 93,150 രൂപയായി മാറും. ഇത്തരം കോയിനുകള്‍ക്കുള്ള ഡിമാന്‍ഡാണ് പ്രീമിയം വര്‍ധിക്കാന്‍ കാരണം.
ക്രിപ്‌റ്റോ കറന്‍സി എക്‌സ്‌ചേഞ്ചുകള്‍, ഫിന്‍ടെക് ആപ്പുകള്‍, സര്‍വീസ് സെന്ററുകള്‍ എന്നിവയില്‍ നിന്ന് സ്‌റ്റേബിള്‍ കോയിന്‍ വാങ്ങുകയാണ് ആദ്യ ഘട്ടം. തുടര്‍ന്ന് പണം സ്വീകരിക്കുന്നയാളിന്റെ ഡിജിറ്റല്‍ വാലറ്റിലേക്ക് അയച്ചുകൊടുക്കണം. ബ്ലോക്ക് ചെയിന്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ നടക്കുന്നതിനാല്‍ തത്സമയം തന്നെ ഇടപാട് സാധ്യമാകും. ഇനി കോയിന്‍ ലഭിച്ചയാള്‍ക്ക് അങ്ങനെ തന്നെ സൂക്ഷിക്കുകയോ എക്‌സ്‌ചേഞ്ചിലൂടെ പണമാക്കി മാറ്റുകയോ ചെയ്യാം. അടുത്ത കാലത്തായി വിദേശത്ത് നിന്നുള്ള ബാങ്ക് ഇടപാടുകളില്‍ 3-4 ശതമാനം വരെ ക്രിപ്‌റ്റോയിലേക്ക് മാറിയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ക്രിപ്‌റ്റോ ഇടപാടുകള്‍ നടത്തുന്നത് ഇന്ത്യയില്‍ നിയമപരമായി തെറ്റായ കാര്യമല്ല. വിദേശ വ്യാപാരത്തിന് ഡിജിറ്റല്‍ കറന്‍സികള്‍ ഉപയോഗിക്കുന്നതിലും രാജ്യത്തിന്റെ നിയമങ്ങള്‍ എതിരല്ല. എന്നാല്‍ ഇത്തരം ഇടപാടുകള്‍ക്ക് ആര്‍.ബി.ഐ മേല്‍നോട്ടത്തിലുള്ള സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സികള്‍ (സി.ബി.ഡി.റ്റി) ഉപയോഗിക്കണമെന്നാണ് ചട്ടം. സ്വകാര്യ കമ്പനികള്‍ പുറത്തിറക്കുന്ന സ്റ്റേബിള്‍ കോയിന്‍ പോലുള്ളവ ഒഴിവാക്കണമെന്നും വിദഗ്ധര്‍ പറയുന്നു. ഇന്ത്യയുടെ പരമാധികാരത്തിനും സാമ്പത്തിക നയങ്ങള്‍ക്കും ഭീഷണിയാണ് ഇത്തരം കോയിനുകളെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine