കള്ളക്കടത്ത്, മയക്കുമരുന്ന് സംഘങ്ങള്‍ പരമ്പരാഗത ഹവാല മാര്‍ഗങ്ങള്‍ വിട്ട് ക്രിപ്‌റ്റോകറന്‍സി മാര്‍ഗങ്ങളിലൂടെ ക്രയവിക്രയം നടത്തുന്നതായി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് റവന്യു ഇന്റലിജന്‍സ് (ഡി.ആര്‍.ഐ) റിപ്പോര്‍ട്ട്. സ്വര്‍ണക്കടത്തും മയക്കുമരുന്നും വില്പന നടത്തുന്ന അന്താരാഷ്ട്ര, ആഭ്യന്തര സംഘങ്ങള്‍ ക്രിപ്‌റ്റോയിലേക്ക് കളംമാറ്റിയത് അന്വേഷണ സംഘങ്ങളെ കൂടുതല്‍ സമ്മര്‍ദത്തിലാക്കിയിട്ടുണ്ട്.
ക്രിപ്‌റ്റോയിലേക്ക് മാറുന്ന പ്രവണത അന്വേഷണ ഏജന്‍സികള്‍ക്ക് കാര്യമായ വെല്ലുവിളികള്‍ ഉയര്‍ത്തുന്നുണ്ട്. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ചെറുക്കുന്നതിന് വിപുലമായ ബ്ലോക്ക്ചെയിന്‍ ഫോറന്‍സിക്സ്, ഇന്റര്‍-ഏജന്‍സി ഇന്റലിജന്‍സ് പങ്കിടല്‍, പ്രത്യേക വിശകലന ഉപകരണങ്ങള്‍ എന്നിവ സ്വീകരിക്കേണ്ടത് അത്യാവശ്യമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
രഹസ്യാത്മകത കാരണം ക്രിപ്‌റ്റോകറന്‍സികള്‍ കള്ളക്കടത്ത് സംഘങ്ങള്‍ക്ക് ശക്തമായ ഉപകരണമായി മാറിയിരിക്കുന്നു. മയക്കുമരുന്ന്, സ്വര്‍ണക്കടത്ത് എന്നിവയില്‍ വിദേശ സംഘങ്ങള്‍ ക്രിപ്‌റ്റോ കറന്‍സി വഴിയാണ് ഇടപാടുകള്‍ സ്വീകരിക്കുന്നത്. ഇത് പിടിക്കപ്പെടാതിരിക്കാന്‍ ഇവരെ സഹായിക്കുന്നു. അന്വേഷണ ഏജന്‍സികള്‍ കാര്യമായ തെളിവില്ലാതെ പ്രതികളിലേക്ക് എത്തിച്ചേരാന്‍ പറ്റാത്ത അവസ്ഥയാണ് ഒട്ടുമിക്ക കേസുകളിലും.
ക്രിപ്റ്റോ വാലറ്റുകള്‍ പലപ്പോഴും അജ്ഞാതവും വി.പി.എന്‍ വഴി ആക്സസ് ചെയ്യാവുന്നതുമാണ്. കള്ളക്കടത്തുകാര്‍ക്ക് കസ്റ്റംസ് തീരുവയും നികുതിയും ഒഴിവാക്കാനും ഇത് സഹായിക്കുന്നു. ക്രിപ്‌റ്റോ കറന്‍സി വഴിയുള്ള ഇടപാടുകള്‍ വഴി തട്ടിപ്പുകാര്‍ക്ക് അവരുടെ യഥാര്‍ത്ഥ ഐഡന്റിറ്റി മറച്ചുവയ്ക്കാനും സാധിക്കുന്നു.
അതേസമയം, ക്രിപ്റ്റോകറന്‍സി ഇടപാടുകള്‍ കണ്ടെത്തുന്നതിന് ഡിആര്‍ഐയുടെ ബ്ലോക്ക്ചെയിന്‍ അനലിറ്റിക്സ് പ്രയോഗിക്കുന്നത് ക്രിപ്റ്റോ-പ്രാപ്തമാക്കിയ കുറ്റകൃത്യങ്ങളെ ചെറുക്കുന്നതില്‍ ഒരു സുപ്രധാന ചുവടുവയ്പ്പാണ്.
എന്നിരുന്നാലും, ഡിജിറ്റല്‍ ആസ്തികളുടെ വര്‍ധിച്ചു വരുന്ന ഉപയോഗം നിയന്ത്രിക്കാന്‍ ശക്തമായ ചട്ടക്കൂടുകള്‍, മെച്ചപ്പെടുത്തിയ ആന്റി മണി ലോണ്ടറിംഗ് നിയമം, ക്രിപ്റ്റോകറന്‍സി ദുരുപയോഗം തടയുന്നതിന് വിപുലമായ ആഗോള സഹകരണം, കൂടുതല്‍ ശക്തമായ ഫോറന്‍സിക് ഉപകരണങ്ങള്‍ എന്നിവ ആവശ്യമുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ബ്ലോക്ക്ചെയിന്‍ സാങ്കേതികവിദ്യയും കമ്പ്യൂട്ടര്‍ കോഡുകളും മറ്റും ഉപയോഗിച്ച് നിര്‍മ്മിച്ച ഡിജിറ്റല്‍/വിര്‍ച്വല്‍ സാങ്കല്പിക കറന്‍സികളാണ് ക്രിപ്റ്റോകറന്‍സികള്‍. ലോകത്താകെ ആയിരത്തിലധികം ക്രിപ്റ്റോകറന്‍സികളുണ്ടെന്നാണ് കരുതുന്നത്. ഇതില്‍ ഏറ്റവും സ്വീകാര്യതയുള്ളതും ഉയര്‍ന്ന വിലയുള്ളതും ബിറ്റ്കോയിനാണ്.
ചില രാജ്യങ്ങള്‍ കറന്‍സികള്‍ പോലെതന്നെ ക്രിപ്റ്റോകറന്‍സികളും ഉപയോഗിക്കാന്‍ അനുവദിച്ചിട്ടുണ്ട്. എങ്കിലും നിക്ഷേപമാര്‍ഗമായാണ് കൂടുതല്‍ പേരും ക്രിപ്റ്റോകറന്‍സിയെ കാണുന്നത്. അതേസമയം, നിയന്ത്രണ ഏജന്‍സികളില്ലെന്നതാണ് ക്രിപ്റ്റോകറന്‍സികളുടെ പ്രധാന ന്യൂനത. രൂപയെയും ഇന്ത്യന്‍ ധനകാര്യമേഖലയെയും നിയന്ത്രിക്കാന്‍ റിസര്‍വ് ബാങ്കുള്ളത് പോലെ ഒരു നിയന്ത്രണ അതോറിറ്റി ക്രിപ്റ്റോകള്‍ക്കില്ല.
Read DhanamOnline in English
Subscribe to Dhanam Magazine