വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും സര്‍ക്കാരുകള്‍ക്കും വലിയ ഭീഷണിയുയര്‍ത്തുന്ന സൈബര്‍ ആക്രമണങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍, വിവര ചോര്‍ച്ചയും മറ്റ് സുരക്ഷാ വെല്ലുവിളികളും പ്രതിരോധിക്കാന്‍ ആഗോളതലത്തില്‍ വന്‍ തോതില്‍ വിദഗ്ധരെ ആവശ്യമുണ്ടെന്ന് വിജിലന്‍സ് ഡയറക്ടര്‍ മനോജ് ഏബ്രഹാം. പ്രൊഫഷണലുകളുടെ ഈ കുറവ് നികത്താന്‍ കേരളത്തിന് വലിയ സാധ്യതകളുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എഫ് 9 ഇന്‍ഫോടെക്, കേരള സ്റ്റാര്‍ട്ടപ്പ് മിഷനുമായി (KSUM) സഹകരിച്ച് കൊച്ചിയില്‍ സംഘടിപ്പിച്ച രണ്ടാമത് കേരള സൈബര്‍ സുരക്ഷാ സമ്മിറ്റില്‍ (KCSS) സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒറ്റ വെടിയുണ്ട പോലും ഉപയോഗിക്കാതെ രാജ്യങ്ങളുടെ പ്രവര്‍ത്തനം സ്തംഭിപ്പിക്കാനും പ്രതിരോധ സംവിധാനങ്ങളെയും അടിസ്ഥാന സൗകര്യങ്ങളെയും തകര്‍ക്കാനും ഇന്ന് സൈബര്‍ ആക്രമണങ്ങള്‍ക്ക് സാധിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ലോകമെമ്പാടും റാന്‍സംവെയര്‍ ബാധിതരുടെ എണ്ണത്തില്‍ 389 ശതമാനത്തിന്റെ വര്‍ധനയാണുണ്ടായിട്ടുള്ളത്. ഇന്ത്യയില്‍ 2025ല്‍ മാത്രം 19,813 കോടി രൂപയുടെ സാമ്പത്തിക നഷ്ടമാണ് സൈബര്‍ തട്ടിപ്പുകളിലൂടെ സംഭവിച്ചത്. നിലവില്‍ ലോകത്താകമാനം 48 ലക്ഷം സൈബര്‍ സെക്യൂരിറ്റി ഒഴിവുകളാണുള്ളതെന്നും, മികച്ച പ്രതിഭകളുള്ള കേരളത്തിന് ഈ തൊഴില്‍ അവസരങ്ങള്‍ പ്രയോജനപ്പെടുത്താന്‍ സാധിക്കുമെന്നും മനോജ് ഏബ്രഹാം കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്തെ സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സൗജന്യമായി സൈബര്‍ സുരക്ഷാ പരിശീലനവും ബോധവല്‍ക്കരണവും സര്‍ട്ടിഫിക്കറ്റും നല്‍കാനുള്ള എഫ് 9 ഇന്‍ഫോടെക്കിന്റെ തീരുമാനത്തെ ചടങ്ങ് ഉദ്ഘാടനം ചെയ്ത ഹൈബി ഈഡന്‍ എംപി അഭിനന്ദിച്ചു.
സൈബര്‍ സുരക്ഷ ബോര്‍ഡ് റൂമുകളിലോ സാങ്കേതിക സമ്മേളനങ്ങളിലോ മാത്രം ഒതുങ്ങിനില്‍ക്കേണ്ട ഒന്നല്ലെന്ന് എഫ്9 ഇന്‍ഫോടെക് സ്ഥാപകന്‍ ജയകുമാര്‍ മോഹനചന്ദ്രന്‍ പറഞ്ഞു. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 56,000 കോടിയിലധികം രൂപയുടെ സൈബര്‍ തട്ടിപ്പ് പരാതികളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ശക്തമായ പ്രതിരോധ സംവിധാനങ്ങള്‍ വഴി 32 ലക്ഷം പരാതികളില്‍ നിന്നായി 11,000 കോടിയിലധികം രൂപ സംരക്ഷിക്കാന്‍ സാധിച്ചതായും അദ്ദേഹം വ്യക്തമാക്കി.
ചടങ്ങില്‍ ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണന്‍ നായര്‍, കെഎസ്‌ഐഡിസി ചെയര്‍മാന്‍ സി. ബാലഗോപാല്‍, ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി കേരള വൈസ് ചാന്‍സലര്‍ ഡോ. സജി ഗോപിനാഥ്, ഡാറ്റാ സെക്യൂരിറ്റി കൗണ്‍സില്‍ ഓഫ് ഇന്ത്യ സിഇഒ വിനായക് ഗോഡ്‌സെ, എഫ് 9 ഇന്‍ഫോടെക് സീനിയര്‍ ലീഡര്‍മാരായ രാജേഷ് രാധാകൃഷ്ണന്‍, രാജേഷ് വിക്രമന്‍ തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്തു.
Read DhanamOnline in English
Subscribe to Dhanam Magazine