ട്രക്കുകളില്‍ പാചകവാതക സിലിന്‍ഡറുകള്‍ കയറ്റുന്നതുമായി ബന്ധപ്പെട്ടുള്ള കരാര്‍ ചുമട്ടുതൊഴിലാളികള്‍ ലംഘിക്കുന്നതായി ട്രക്ക് ഉടമകളുടെ പരാതി. എല്‍.പി.ജി. ട്രക്ക് കരാറുകാരും ചുമട്ടുതൊഴിലാളികളും തമ്മിലുള്ള പുതുക്കിയ കരാര്‍ പ്രകാരം 14.2 കിലോ തൂക്കമുള്ള 360 ഗാര്‍ഹിക പാചകവാതക സിലിന്‍ഡറുകള്‍ ഒരു ട്രക്കില്‍ കയറ്റണമെന്നാണ് വ്യവസ്ഥയിലുള്ളത്. എന്നാല്‍ തൊഴിലാളികള്‍ 306 സിലിന്‍ഡറുകള്‍ മാത്രമേ കയറ്റുള്ളൂവെന്നും ഇത് വരുമാനത്തില്‍ 20 ശതമാനത്തോളം നഷ്ടം വരുത്തുന്നതായും ഓള്‍ കേരള എല്‍.പി.ജി. ട്രാന്‍സ്പോര്‍ട്ടേഴ്സ് അസോസിയേഷന്‍ പറഞ്ഞു.
ഒരു വിഭാഗം തൊഴിലാളികള്‍ സഹകരിക്കുന്നില്ല
കേന്ദ്ര റോഡ്, ഹൈവേ മന്ത്രാലയം ട്രക്കുകളിലെ ലോഡിംഗ് ശേഷി 2018 ജൂലൈയില്‍ പുറത്തിറക്കിയ ഉത്തരവ് പ്രകാരം 20 ശതമാനം ഉയര്‍ത്തിയിരുന്നു. ഇതനുസരിച്ചാണ് ട്രക്കുകളില്‍ നേരത്തേ 306 സിലിന്‍ഡറുകള്‍ കയറ്റിയിരുന്ന സ്ഥാനത്ത് 360 സിലിന്‍ഡറുകള്‍ കയറ്റാന്‍ തീരുമാനമായത്. ഇതിനുള്ള നികുതിയും ട്രക്ക് ഉടമകള്‍ അടച്ചിട്ടുണ്ട്. എന്നാല്‍ ഒരു വിഭാഗം തൊഴിലാളികള്‍ സഹകരിക്കാത്തതിനാലാണ് ഈ പ്രശ്മുണ്ടായത്.
മുഖ്യമന്ത്രിക്ക് പരാതി നല്‍കി
നിലവിലുള്ള നിയമം പുതുക്കണമെന്നതാണ് തൊഴിലാളികളുടെ ആവശ്യമെന്ന് ഓള്‍ കേരള എല്‍.പി.ജി. ട്രാന്‍സ്പോര്‍ട്ടേഴ്സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി വി. ബിനോയ് അലക്‌സ് ധനം ഓണ്‍ലൈനോട് പറഞ്ഞു. ഇത്തരത്തില്‍ കരാര്‍ ലംഘിച്ച കാര്യത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കേരള എല്‍.പി.ജി. ട്രാന്‍സ്പോര്‍ട്ടേഴ്സ് അസോസിയേഷന്‍ കത്തയച്ചിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിന് പുറമേ നിലവില്‍ വ്യാവസായിക വകുപ്പ്, ജില്ലാ കളക്ടര്‍, ചീഫ് സെക്രട്ടറി തുടങ്ങിയവര്‍ക്കും പരാതി നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.ഈ പ്രശ്‌നം പരിഹരിക്കാതെ മുന്നോട്ട് പോകാനകുകയില്ല കാരണം തങ്ങൾ നഷ്ടത്തിലാണ് നിലവിലെന്നും വി. ബിനോയ് അലക്‌സ് പറഞ്ഞു.
ഐ.ഒ.സി.എല്ലിന്റെയും ബി.പി.സി.എല്ലിന്റെയും എച്ച്.പി.സി.എല്ലിന്റെയും കൊച്ചി പ്ലാന്റുകളിലും കോഴിക്കോട്, കൊല്ലം ഐ.ഒ.സി. പ്ലാന്റുകളിലും ചുമട്ടുതൊഴിലാളികള്‍ കരാറിനു വിരുദ്ധമായി പ്രവര്‍ത്തിക്കുന്നതായി പരാതിയുണ്ട്. അതേസമയം തിരുവനന്തപുരം ബി.പി.സി.എല്‍, പാലക്കാട് എച്ച്.പി.സി.എല്‍ എന്നിവിടങ്ങളിലും നാല് സ്വകാര്യ ബോട്ലിംഗ് പ്ലാന്റുകളിലും പുതിയ കരാര്‍ അനുസരിച്ചാണ് സിലിന്‍ഡറുകള്‍ ട്രക്കില്‍ കയറ്റുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine