News & Views

ബ്ലൂ സ്റ്റാര്‍ ഇആന്‍ഡ്ഇയുടെ മെഡ്ടെക് സൊല്യൂഷന്‍സ് ബിസിനസ് ഏറ്റെടുത്ത് സൈറിക്‌സ് ഹെല്‍ത്ത്കെയര്‍

സൈറിക്‌സിന് കേരളത്തിനു പുറമേ ഉത്തര്‍പ്രദേശ്, ആന്ധ്രാപ്രദേശ്, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ സര്‍ക്കാര്‍ ആരോഗ്യസംവിധാനങ്ങളുമായും പങ്കാളിത്തമുണ്ട്

Dhanam News Desk

ബ്ലൂ സ്റ്റാര്‍ എന്‍ജിനീയറിംഗ് ആന്‍ഡ് ഇലക്ട്രോണിക്‌സ് ലിമിറ്റഡിന്റെ (Blue Star E&E) മെഡ്ടെക് സൊല്യൂഷന്‍സ് ബിസിനസ് കൊച്ചി ആസ്ഥാനമായ സൈറിക്‌സ് ഹെല്‍ത്ത്കെയര്‍ ഏറ്റെടുത്തു. 2026 സെപ്റ്റംബര്‍ ഒന്ന് മുതല്‍ ഏറ്റെടുക്കല്‍ പ്രാബല്യത്തിലായതായി കമ്പനി അറിയിച്ചു.

മെഡിക്കല്‍ ഇമേജിംഗ് ഉപകരണങ്ങളുടെ വില്‍പന, ഇന്‍സ്റ്റലേഷന്‍, പരിപാലനം, അറ്റകുറ്റപ്പണി, നവീകരണം, ലൈഫ് സൈക്കിള്‍ മാനേജ്മെന്റ് തുടങ്ങിയ മേഖലകളിലെ സിറിക്‌സിന്റെ ശേഷി വര്‍ധിപ്പിക്കുന്നതാണ് ഏറ്റെടുക്കല്‍. ഇതിലൂടെ കമ്പനിയുടെ ബിസിനസില്‍ 30-40 ശതമാനം വര്‍ധനയാണ് പ്രതീക്ഷിക്കുന്നത്.

ബ്ലൂ സ്റ്റാര്‍ ഇആന്‍ഡ്ഇയുടെ പരിചയസമ്പന്നരായ ജീവനക്കാര്‍, മള്‍ട്ടി-ബ്രാന്‍ഡ് സിടി, എംആര്‍ഐ സംവിധാനങ്ങളിലെ സാങ്കേതിക വൈദഗ്ധ്യം എന്നിവ സൈറിക്‌സിന്റെ 'ടോട്ടല്‍ മെഡ്ടെക് മാനേജ്മെന്റ്' പ്ലാറ്റ്ഫോമിന്റെ ഭാഗമാകും. ബ്ലൂ സ്റ്റാര്‍ ഇആന്‍ഡ്ഇയുടെ നിലവിലുള്ള ഉപഭോക്താക്കള്‍ക്കുള്ള സേവനങ്ങളില്‍ മാറ്റമുണ്ടാകില്ലെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.

സി.ടി, എംആര്‍ഐ മേഖലയില്‍ കരുത്തുകൂടും

250ലധികം സിടി, എംആര്‍ഐ സംവിധാനങ്ങളുടെ ഇന്‍സ്റ്റലേഷനില്‍ പ്രവര്‍ത്തിച്ച പരിചയമാണ് ബ്ലൂ സ്റ്റാര്‍ ഇആന്‍ഡ്ഇയുടെ മെഡ്ടെക് സൊല്യൂഷന്‍സ് ടീമിനുള്ളത്. ഉപകരണ വില്‍പന, ക്ലിനിക്കല്‍ ആപ്ലിക്കേഷന്‍, ഇന്‍സ്റ്റലേഷന്‍, പരിപാലനം, അറ്റകുറ്റപ്പണി, ഉപകരണ മാനേജ്മെന്റ് തുടങ്ങിയ മേഖലകളിലും ടീമിന് വൈദഗ്ധ്യമുണ്ട്.

മെഡിക്കല്‍ ഉപകരണങ്ങള്‍ ലഭ്യമാക്കുന്ന സൈറിക്‌സിന്റെ 'ഓറം' (AURUM) ബിസിനസിനും ഏറ്റെടുക്കല്‍ നേട്ടമാകും. രാജ്യത്തുടനീളമുള്ള സിറിക്‌സിന്റെ വെയര്‍ഹൗസ്, സേവന ശൃംഖല എന്നിവ ഉപയോഗപ്പെടുത്തി നവീകരിച്ച ഉപകരണങ്ങള്‍, സ്‌പെയര്‍ പാര്‍ട്‌സ്, അനുബന്ധ ഉപകരണങ്ങള്‍ എന്നിവയുടെ ലഭ്യത മെച്ചപ്പെടുത്താനും കമ്പനിക്ക് സാധിക്കും.

1,200ലധികം ബയോമെഡിക്കല്‍ എന്‍ജിനീയര്‍മാരും സാങ്കേതിക വിദഗ്ധരും സൈറിക്‌സിനുണ്ട്. 6,000ലധികം മോഡലുകളിലുള്ള മെഡിക്കല്‍ സാങ്കേതികവിദ്യകള്‍ കൈകാര്യം ചെയ്യാനുള്ള വൈദഗ്ധ്യവും കമ്പനിക്കുണ്ട്.

രാജ്യത്തെ 25,000ലധികം ആരോഗ്യസ്ഥാപനങ്ങളിലായി ഏകദേശം 6.5 ലക്ഷം മെഡിക്കല്‍ ഉപകരണങ്ങളുടെ പരിപാലന ചുമതല സൈറിക്‌സ് നിര്‍വഹിക്കുന്നുണ്ട്. സാധാരണ ഇസിജി ഉപകരണങ്ങള്‍ മുതല്‍ സിടി, എംആര്‍ഐ തുടങ്ങിയ ഉയര്‍ന്ന സാങ്കേതികവിദ്യയുള്ള സംവിധാനങ്ങള്‍ വരെ ഇതില്‍ ഉള്‍പ്പെടുന്നു.

കേരളത്തിലെ സര്‍ക്കാര്‍ ആരോഗ്യസ്ഥാപനങ്ങളുടെ എക്‌സ്‌ക്ലൂസീവ് ബയോമെഡിക്കല്‍ മെയിന്റനന്‍സ് പങ്കാളിയായി അഞ്ചുവര്‍ഷത്തോളമായി പ്രവര്‍ത്തിക്കുന്ന സൈറിക്‌സ് ഉത്തര്‍പ്രദേശ്, ആന്ധ്രാപ്രദേശ്, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ സര്‍ക്കാര്‍ ആരോഗ്യസംവിധാനങ്ങളുമായും പങ്കാളിത്തമുണ്ട്. ഇന്ത്യയ്ക്കു പുറമേ മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക എന്നിവിടങ്ങളിലേക്കുംപ്രവര്‍ത്തനം വിപുലീകരിച്ചുവരികയാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT