കൊച്ചിയിലേക്കുള്ള ആഡംബര കപ്പലുകളുടെ വരവില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടയ്ക്ക് വലിയ കുറവുണ്ടായതായി റിപ്പോര്‍ട്ട്. എമിഗ്രേഷന്‍ നടപടികളിലെ നൂലാമാലകളും ഫീസിനത്തിലെ വര്‍ധനയും സുരക്ഷാ പ്രശ്‌നങ്ങളുമാണ് ക്രൂയിസുകളുടെ വരവ് കുറയാന്‍ കാരണമെന്നാണ് ഈ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്.
വിനോദസഞ്ചാര മേഖലയ്ക്ക് വലിയ നേട്ടമുണ്ടാക്കുന്നതായിരുന്നു ഇത്തരം കപ്പലുകളുടെ വരവ്. ട്രാവല്‍ ഏജന്‍സികള്‍ക്കു മുതല്‍ പ്രാദേശിക കച്ചവടക്കാര്‍ക്ക് വരെ ഇത്തരം കപ്പലുകളുടെ വരവ് ഗുണം ചെയ്തിരുന്നു.
ഓരോ വര്‍ഷം ചെല്ലുന്തോറും ക്രൂയിസുകളുടെ വരവ് കുറയുന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ ആറുമാസത്തിനിടെ കൊച്ചിയിലെത്തിയത് വെറും മൂന്നു ക്രൂയിസുകള്‍ മാത്രമാണ്. 4,800 വിനോദ സഞ്ചാരികളുമായെത്തിയ റോയല്‍ കരീബിയന്‍ സെലിബ്രിറ്റി ക്രൂയിസായ ആന്ഥം ഓഫ് ദി സീസ് (Anthem of the Seas) ആണ് കൊച്ചിയില്‍ അവസാനമെത്തിയ വലിയ ക്രൂയിസ്.
കഴിഞ്ഞ ഒക്ടോബറിലായിരുന്നു ഇത്. അന്ന് വിനോദസഞ്ചാര മേഖലയ്ക്ക് ലക്ഷങ്ങളുടെ വരുമാനമാണ് ലഭിച്ചത്. എന്നാല്‍ പിന്നീട് വലിയ ക്രൂയിസുകളൊന്നും കൊച്ചിയില്‍ നങ്കുരമിട്ടില്ല. കേരളത്തിന്റെ ടൂറിസം കുതിപ്പിന് ഇത്തരം ആഡംബര കപ്പലുകളുടെ വരവ് വലിയ പങ്കുവഹിച്ചിരുന്നു.
2017-18ല്‍ 42 ആഡംബര കപ്പലുകളാണ് കൊച്ചിയിലെത്തിയത്. 50,000ത്തോളം പേരായിരുന്നു ഈ കപ്പലുകളില്‍ ഉണ്ടായിരുന്നത്. 2022-23ലും 41 ക്രൂയിസുകളിലായി 35,000ത്തിലധികം വിദേശ സഞ്ചാരികളെത്തി. എന്നാല്‍ ഇതിനുശേഷം ഇത്തരം ക്രൂയിസുകളുടെ മാപ്പില്‍ കൊച്ചിക്ക് കാര്യമായ അടയാളപ്പെടുത്തലുകള്‍ക്ക് സാധിച്ചിട്ടില്ല.
കൊച്ചിയില്‍ ഒരു ക്രൂയിസ് അടുപ്പിക്കുന്നതിന് 10 ലക്ഷം രൂപയോളം തുറമുഖ അതോറിറ്റിക്ക് നല്‌കേണ്ടതുണ്ട്. വെല്ലിംഗ്ടണ്‍ ഐലന്‍ഡിലെ ക്രൂയിസ് ടെര്‍മിനലില്‍ ലോകോത്തര നിലവാരത്തിലുള്ള ലോഞ്ച്, എമിഗ്രേഷന്‍ കൗണ്ടറുകള്‍, ക്രൂലോഞ്ച് തുടങ്ങിയ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ക്രൂയിസുകളുടെ വരവ് കുറയുന്നത് വലിയ പ്രതിസന്ധിക്ക് കാരണമാകും.
Read DhanamOnline in English
Subscribe to Dhanam Magazine