കോവിഡിന് തൊട്ടുപിന്നാലെയാണ് കോട്ടയം സ്വദേശിയായ അലന്‍ (യഥാര്‍ത്ഥ പേരല്ല) കാനഡയ്ക്ക് വിമാനം കയറിയത്. കൂട്ടുകാരെല്ലാം വിദേശ വിദ്യാഭ്യാസത്തിന് പോയതാണ് അലനെയും ഈ വഴി തിരഞ്ഞെടുക്കാന്‍ പ്രേരിപ്പിച്ചത്. കേട്ടറിഞ്ഞ കാനഡയല്ല ഈ കൗമാരക്കാരനെ കാത്തിരുന്നത്. അതിജീവനം അസാധ്യമെന്ന് കണ്ടതോടെ അലന്‍ തിരിച്ചു വിമാനം കയറി. വീട്ടുകാര്‍ സാമ്പത്തികമായി നല്ലനിലയില്‍ ആയിരുന്നതിനാല്‍ വിദേശ വിദ്യാഭ്യാസത്തിനായി എടുത്ത ലോണ്‍ വലിയ പ്രശ്‌നങ്ങളില്ലാതെ അടച്ചുതീര്‍ക്കാനായി.
ഇതൊരു അലന്റെ മാത്രം കാര്യമല്ല. വിദേശ വിദ്യാഭ്യാസം ട്രെന്റായി കത്തിനിന്ന സമയത്ത് വിദേശത്തേക്ക് കുട്ടികളെ അയച്ച പലരും ഇന്ന് വലിയ പ്രതിസന്ധിയിലാണ്. ആരും പുറത്തു പറയുന്നില്ലെന്ന് മാത്രം. വിദേശ വിദ്യാഭ്യാസ ട്രെന്റ് കത്തിനിന്ന സമയത്ത് കേരളത്തില്‍ കൂണുപോലെ മുളച്ചുപൊന്തിയ ഓവര്‍സീസ് എഡ്യുക്കേഷണല്‍ കണ്‍സള്‍ട്ടന്‍സികള്‍ പലതും അടച്ചുപൂട്ടപ്പെട്ടു. ചുരുക്കം ചിലത് ടൂര്‍ ഏജന്‍സികളായോ തൊഴിലാളികളെ ഏര്‍പ്പെടുത്തി കൊടുക്കുന്ന സ്ഥാപനങ്ങളായോ മാറി.
'കോവിഡിനുശേഷം 4,500ലേറെ കണ്‍സള്‍ട്ടന്‍സികള്‍ കേരളത്തില്‍ പ്രവര്‍ത്തിച്ചിരുന്നു. ഇതില്‍ 50 ശതമാനത്തിലധികം ഇപ്പോള്‍ അടച്ചുപൂട്ടി. ഒറ്റയടിക്ക് 30-40 ബ്രാഞ്ചുകള്‍ വരെ തുറന്നവരുണ്ടായിരുന്നു. പലരും നിലനില്‍പ്പ് ഇല്ലാതായതോടെ പ്രവര്‍ത്തനം അവസാനിപ്പിച്ചു. എന്നാല്‍ പണ്ടുമുതല്‍ വിശ്വാസ്യതയോടെ പ്രവര്‍ത്തിച്ചിരുന്ന കണ്‍സള്‍ട്ടന്‍സികള്‍ ഇപ്പോഴും നിലനില്ക്കുന്നുണ്ട്.'ഡോ. എസ് രാജ്, മാനേജിംഗ് ഡയറക്ടര്‍ ഫെയര്‍ഫ്യൂച്ചര്‍ ഓവര്‍സീസ് എഡ്യുക്കേഷന്‍ കണ്‍സള്‍ട്ടന്‍സി
2020 മുതല്‍ 2023 വരെയുള്ള കാലഘട്ടമാണ് ഓവര്‍സീസ് എഡ്യുക്കേഷന്‍ കണ്‍സള്‍ട്ടന്‍സി രംഗത്തെ സുവര്‍ണകാലം. കോവിഡിനുശേഷം കേരളത്തില്‍ നിന്ന് വിദേശത്ത് പഠിക്കാന്‍ പോകുന്നവരുടെ ഒഴുക്കായിരുന്നു. മുപ്പതുകള്‍ പിന്നിട്ടവര്‍ പോലും സ്റ്റുഡന്റ് വീസയില്‍ വിദേശത്തേക്ക് കയറിപ്പോകാന്‍ തിക്കുംതിരക്കും കൂട്ടി. ആദ്യമാദ്യം എത്തിയവര്‍ക്ക് പാര്‍ട്ട്‌ടൈം ജോലികളിലൂടെ നല്ലരീതിയില്‍ സമ്പാദിക്കാന്‍ കഴിഞ്ഞത് വിദേശജീവിതം സ്വപ്‌നം കണ്ടവരെ ആകര്‍ഷിച്ചു.
തുടക്കത്തിലെ തിളക്കം പക്ഷെ പിന്നീട് ഉണ്ടായില്ല. പിന്നാലെ പോയവരില്‍ പലരും വിദേശത്ത് കടുത്ത പ്രതിസന്ധിയാണ് നേരിട്ടത്. വിദേശത്ത് എത്തിപ്പെട്ടവരുടെ കദനകഥകള്‍ സത്യമാണെന്ന് മലയാളികള്‍ വിശ്വസിച്ചു തുടങ്ങിയതോടെയാണ് ഒഴുക്കിന് കുറവുണ്ടായത്.
വിദേശ പഠനത്തിനായി വിദ്യാര്‍ത്ഥികളുടെ തിക്കുംതിരക്കും വര്‍ധിച്ചതോടെ കേരളത്തിന്റെ മുക്കിലും മൂലയിലും ഓഫീസുകള്‍ തുറന്നാണ് ഏജന്‍സികള്‍ മത്സരം കൊഴുപ്പിച്ചത്. നാട്ടിന്‍പുറങ്ങളിലെ ചെറുസിറ്റികളില്‍ പോലും ഓഫീസുകള്‍ തുറന്നു. തുടക്കത്തില്‍ കുട്ടികളെ ആകര്‍ഷിക്കാന്‍ സാധിച്ചെങ്കിലും പിന്നീട് ഇത്തരം ഓഫീസുകള്‍ കമ്പനികള്‍ക്ക് ബാധ്യതയായി. പലതും അടച്ചുപൂട്ടി.
ജീവനക്കാരെ ഒഴിവാക്കിയും പുനര്‍വിന്യസിച്ചും തുടക്കത്തില്‍ അതിജീവിച്ചു. എന്നാല്‍ വിദേശത്തേക്ക് പോകാന്‍ കുട്ടികള്‍ തീര്‍ത്തും ഇല്ലാതായതോടെ കൊച്ചി അടക്കമുള്ള വന്‍കിട നഗരങ്ങളില്‍ തുറന്ന ഓഫീസ് പോലും പൂട്ടേണ്ടിവന്നു. വിദേശ വിദ്യാഭ്യാസ ട്രെന്റിന്റെ തുടക്കത്തില്‍ ആരംഭിച്ച ചില കമ്പനികള്‍ ഓവര്‍സീസ് ടൂര്‍ പോലുള്ള വ്യത്യസ്ത മേഖലകളിലേക്ക് തിരിഞ്ഞു. മറ്റുചില കമ്പനികള്‍ വിദേശത്ത് തൊഴില്‍ നേടാന്‍ സഹായിക്കുന്ന കേന്ദ്രങ്ങളായി മാറി. ഇത്തരത്തില്‍ പരിവര്‍ത്തനം ചെയ്യപ്പെട്ട സെന്ററുകളില്‍ 80 ശതമാനത്തിലേറെയും പിടിച്ചുനില്‍ക്കാതെ പൂട്ടിയെന്നതാണ് വസ്തുത.
വിദേശവിദ്യാഭ്യാസ മേഖലയുടെ തിരിച്ചടിക്ക് പലരും യുദ്ധത്തെയാണ് പഴിക്കുന്നത്. എന്നാല്‍ യുദ്ധമല്ല കാരണമെന്നതാണ് സത്യം. റഷ്യ-യുക്രെയ്ന്‍ യുദ്ധം ആരംഭിക്കുന്നത് 2022ന്റെ തുടക്കത്തിലാണ്. പശ്ചിമേഷ്യയില്‍ ഈ വര്‍ഷവും. 2024 വരെ വിദേശത്തേക്ക് മലയാളി വിദ്യാര്‍ത്ഥികളുടെ ഒഴുക്കായിരുന്നു. അതുകൊണ്ട് യുദ്ധം വില്ലനാണെന്ന വാദം അടിസ്ഥാനരഹിതമാണ്.
ഒട്ടുമിക്ക യൂറോപ്യന്‍ രാജ്യങ്ങളും അത്ര വലിയ സമ്പദ്ഘടനയല്ല. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് എത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കെല്ലാം മികച്ച തൊഴിലവസരങ്ങള്‍ നല്കാനുള്ള ശേഷി അവര്‍ക്കില്ല. യൂറോപ്പിലെയും കാനഡയിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങളും യൂണിവേഴ്‌സിറ്റികളും കോഴ്‌സ് ഫീ ലക്ഷ്യമിട്ടാണ് വിദേശ വിദ്യാര്‍ത്ഥികളെ ആകര്‍ഷിച്ചിരുന്നത്. പഠനശേഷം അതാത് രാജ്യങ്ങള്‍ക്ക് ആവശ്യമുള്ള മേഖലയിലെ മികച്ചവരെ അവിടെ തങ്ങാന്‍ അനുവദിക്കുകയെന്നതായിരുന്നു അവരുടെ നയം.
കേരളത്തിലെ ചില ഏജന്‍സികളെങ്കിലും വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കാന്‍ തെറ്റായ വാഗ്ദാനങ്ങള്‍ നല്കിയിരുന്നു. വിദേശത്ത് എത്തുമ്പോള്‍ തന്നെ പാര്‍ട്ട്‌ടൈം ജോലിയിലൂടെ വലിയൊരു വരുമാനം കണ്ടെത്താമെന്ന പരസ്യത്തിലാണ് പലരും വീണുപോയത്. വിദേശപഠനത്തിനെത്തിയ പലരും നാട്ടില്‍ നിന്നയച്ചു കൊടുക്കുന്ന പണംകൊണ്ടാണ് അതിജീവിച്ചു പോകുന്നതെന്ന് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു.
വിദേശ പഠനം അഭിമാനത്തിന്റെ അടയാളമായി നിന്നിരുന്ന സമയത്ത് കേരളത്തില്‍ നിന്ന് പോയിരുന്നത് 45,000ത്തിലധികം വിദ്യാര്‍ത്ഥികളാണ്. ഇപ്പോഴിത് 3,000-4,000 കുട്ടികളിലേക്ക് ഒതുങ്ങിയെന്ന് ഫെയര്‍ഫ്യൂച്ചര്‍ ഓവര്‍സീസ് എഡ്യുക്കേഷന്‍ കണ്‍സള്‍ട്ടന്‍സി സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ ഡോ. എസ് രാജ് ധനംഓണ്‍ലൈനിനോട് പറഞ്ഞു. വിദേശത്ത് പോയ കുട്ടികളില്‍ പലരും മികച്ച കോഴ്‌സോ ജോലിയോ കിട്ടാത്തതുമൂലം കഷ്ടപ്പെട്ടു. ഇത് പുതുതായി പോകാന്‍ തയാറെടുത്ത കുട്ടികളെയും മാതാപിതാക്കളെയും പിന്നോട്ടു വലിച്ചു.
മുമ്പ് കേരളത്തില്‍ പ്രവര്‍ത്തിച്ചിരുന്ന പല ഏജന്‍സികളും തട്ടിക്കൂട്ട് കോഴ്‌സുകള്‍ പഠിക്കാനായി കുട്ടികളെ കയറ്റി വിട്ടതും പ്രതിസന്ധിക്ക് കാരണമായി. മുമ്പത്തെ അപേക്ഷിച്ച് വിദേശരാജ്യങ്ങള്‍ സ്റ്റുഡന്റ് വീസ നിബന്ധനകള്‍ കര്‍ശനമാക്കിയിട്ടുണ്ട്. മുമ്പ് കുട്ടികളുടെ സാമ്പത്തിക സ്ഥിതി മാത്രമായിരുന്നു നോക്കിയിരുന്നതെങ്കില്‍ ഇപ്പോള്‍ മാതാപിതാക്കളുടെ സാമ്പത്തികസ്ഥിതി കൂടി മികച്ചതാണെങ്കിലെ അഡ്മിഷന്‍ ലഭിക്കൂവെന്ന സ്ഥിതി വന്നിട്ടുണ്ടെന്ന് ഡോ. എസ് രാജ് പറയുന്നു.
വിദേശപഠനം എങ്ങനെയും സ്വന്തമാക്കണമെന്ന ആഗ്രഹവുമായി വരുന്നവര്‍ ഇപ്പോഴും വിമാനം കയറുന്നുണ്ടെന്ന് ഈ രംഗത്തുള്ളവര്‍ പറയുന്നു. പക്ഷെ ഇത്തരം കുട്ടികളുടെ എണ്ണം തീരെ കുറവാണ്. ജോര്‍ജിയ, ക്രൊയേഷ്യ, ലിത്വാനിയ തുടങ്ങിയ രാജ്യങ്ങളാണ് ഇത്തരം വിദ്യാര്‍ത്ഥികളുടെ ലക്ഷ്യകേന്ദ്രം. ഫീസ് കുറവാണെന്നതാണ് കാരണം.
Read DhanamOnline in English
Subscribe to Dhanam Magazine