Image: Canva 
News & Views

പലിശ ഉയര്‍ത്തിയിട്ടും ബാങ്കുകളില്‍ നിക്ഷേപം കൂടുന്നില്ല, കാരണം പലതുണ്ട്

കൂടുതല്‍ നേട്ടം ലഭിക്കുമെന്ന പ്രചാരണമാണ് മ്യൂച്ചല്‍ ഫണ്ട് അടക്കമുള്ള നിക്ഷേപങ്ങള്‍ക്ക് ആകര്‍ഷണം വര്‍ധിക്കുന്നത്

Dhanam News Desk

ബാങ്ക് നിക്ഷേപങ്ങള്‍ ഒരുകാലത്ത് ജനപ്രിയ നിക്ഷേപ മാര്‍ഗങ്ങളായിരുന്നു. എന്നാല്‍ പലിശനിരക്ക് കൂടിയിട്ടും ബാങ്കുകളില്‍ നിക്ഷേപത്തിന്റെ അളവ് കുറഞ്ഞു വരികയാണ്. ഏറ്റവും സുരക്ഷിതമായ രീതിയായിട്ടു പോലും നിക്ഷേപകരുടെ എണ്ണം കുറയുന്നത് ബാങ്കുകളെ ആശങ്കയിലാഴ്ത്തുന്നുണ്ട്.

സ്വകാര്യ, പൊതുമേഖല ബാങ്കുകളുടെ ഏപ്രില്‍-ജൂണ്‍ പാദത്തില്‍ ഈ വ്യത്യാസം കൂടുതല്‍ തെളിഞ്ഞു വരുന്നുണ്ട്. വായ്പകകള്‍ വര്‍ധിക്കുമ്പോഴും വേണ്ടത്ര നിക്ഷേപം ഉയരുന്നില്ലെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. കേരളം ആസ്ഥാനമായ പ്രമുഖ സ്വകാര്യ ബാങ്കായ സൗത്ത് ഇന്ത്യന്‍ ബാങ്കിന് കഴിഞ്ഞ പാദത്തില്‍ വായ്പകളിലുണ്ടായ വര്‍ധന 11.35 ശതമാനമാണ്. നിക്ഷേപങ്ങളിലും ഉയര്‍ച്ചയുണ്ടെങ്കിലും 8.41 ശതമാനം മാത്രമാണ്.

പ്രമുഖ പൊതുമേഖ ബാങ്കായ ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ നിക്ഷേപം ഏപ്രില്‍-ജൂണ്‍ പാദത്തില്‍ 2.67 ലക്ഷം കോടി രൂപയായി കുറഞ്ഞു. മുന്‍ പാദത്തില്‍ ഇത് 2.7 ലക്ഷം കോടിയായിരുന്നു. രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്.ഡി.എഫ്.സി ബാങ്കിന് പോലും നിക്ഷേപത്തില്‍ കാര്യമായ നേട്ടം ഉണ്ടാക്കാനായില്ല. ജൂണ്‍ പാദത്തില്‍ പ്രമുഖ ബാങ്കുകള്‍ക്ക് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഒന്നര ശതമാനത്തോളം നിക്ഷേപക വളര്‍ച്ചയില്‍ ഇടിവുണ്ടായിട്ടുണ്ട്.

ഓഹരിവിപണിയിലേക്ക് ഒഴുക്ക്

ബാങ്ക് നിക്ഷേപങ്ങള്‍ കുറയാനുള്ള കാരണങ്ങളിലൊന്ന് മ്യൂച്ചല്‍ ഫണ്ടുകളിലേക്ക് അടക്കം കൂടുതല്‍ ശ്രദ്ധ പതിയുന്നതാണ്. ബാങ്ക് നിക്ഷേപങ്ങളേക്കാള്‍ കൂടുതല്‍ നേട്ടം ലഭിക്കുമെന്ന പ്രചാരണമാണ് ഓഹരി വിപണിയിലേക്ക് കൂടുതല്‍ പേരെ എത്തിക്കുന്നത്. ബാങ്കുകളിലെ സ്ഥിരനിക്ഷേപങ്ങളില്‍ കൂടുതലും മുതിര്‍ന്ന പൗരന്മാരുടേതാണ്.

കൂടുതല്‍ റിസ്‌ക് എടുക്കാന്‍ താല്പര്യമില്ലാത്തതാണ് മുതിര്‍ന്ന പൗരന്മാര്‍ ബാങ്കുകളെ തന്നെ ആശ്രയിക്കാന്‍ കാരണം. മാസന്തോറും കൃത്യമായ വരുമാനം ലഭിക്കുമെന്നതും സങ്കീര്‍ണമായ നടപടിക്രമങ്ങളില്ലെന്നതും മുതിര്‍ന്ന പൗരന്മാരെ ബാങ്ക് നിക്ഷേപത്തിലേക്ക് നയിക്കുന്നു.

യുവജനതയ്ക്ക് താല്പര്യം കുറയുന്നു

ഓഹരിവിപണിയില്‍ കൂടുതല്‍ താല്പര്യം കാണിക്കുന്ന യുവാക്കളുടെ എണ്ണം വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. വിപണി വലിയ കുതിപ്പു നടത്തുന്നതും പെട്ടെന്ന് കൂടുതല്‍ നേട്ടം നല്‍കുമെന്ന തോന്നലുമാണ് പലരെയും ഓഹരികളില്‍ നിക്ഷേപിക്കാന്‍ പ്രേരിപ്പിക്കുന്നത്. ബാങ്കുകളിലെ നിക്ഷേപം ആനുപാതികമായി വര്‍ധിക്കാത്തതിന് ഇത്തരം ചോര്‍ച്ചകള്‍ പ്രധാന പങ്ക് വഹിക്കുന്നു.

പരമ്പരാഗത നിക്ഷേപക രീതികളോട് യുവജനതയ്ക്ക് താല്പര്യം കുറയുന്നതായി ബാങ്കിംഗ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. മറ്റ് നിക്ഷേപക രീതികള്‍ കൂടുതല്‍ ആകര്‍ഷകമായതും ബാങ്ക് നിക്ഷേപങ്ങളോടുള്ള താല്പര്യം കുറയാന്‍ ഇടയാക്കി. ഓഹരി വിപണിക്കൊപ്പം കടപ്പത്രങ്ങള്‍, സ്വര്‍ണം എന്നിവ മികച്ച വരുമാനം നല്‍കുന്നതും ബാങ്കുകള്‍ക്ക് തിരിച്ചടിയായി.

സമ്പദ്‌വ്യവസ്ഥ കൂടുതല്‍ ശക്തിപ്പെട്ടതോടെ ബാങ്കുകളുടെയെല്ലാം വായ്പ വിതരണം മെച്ചപ്പെട്ടിട്ടുണ്ട്. വായ്പ വിതരണത്തിന് ആനുപാതികമായി നിക്ഷേപം ഉയരാതിരിക്കുന്നത് വരും വര്‍ഷങ്ങളില്‍ ബാങ്കുകള്‍ക്ക് വലിയ തലവേദന സൃഷ്ടിക്കുമെന്ന് ഉറപ്പാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT