News & Views

₹70,000 കോടിയുടെ പടക്കപ്പല്‍ നിര്‍മാണത്തിലേക്ക് ഇന്ത്യ; കൊച്ചിന്‍ ഷിപ്‌യാര്‍ഡ് കളത്തിനു പുറത്ത്

മസഗണ്‍, ഗാര്‍ഡന്‍ റീച്ച് എന്നിവക്ക് കരാര്‍ നല്‍കുമെന്ന് സൂചന

Dhanam News Desk

മുന്തിയ ഇനം പടക്കപ്പലുകള്‍ നിര്‍മിക്കാനുള്ള 70,000 കോടി രൂപയുടെ വന്‍കിട പദ്ധതിയുടെ അനുമതി അന്തിമ ഘട്ടത്തില്‍. പ്രതിരോധ മന്ത്രാലയം പക്ഷേ, ഈ പദ്ധതിയില്‍ കൊച്ചി കപ്പല്‍നിര്‍മാണ ശാലയെ ഉള്‍പ്പെടുത്താന്‍ ഇടയില്ല.

നാവികസേനക്ക് വേണ്ടി ബ്രഹ്‌മോസ് മിസൈല്‍ ഘടിപ്പിക്കുന്നതടക്കം അത്യാധുനിക സൗകര്യങ്ങളോടെ പുതിയ കപ്പലുകള്‍ നിര്‍മിക്കാനുള്ള ഈ പദ്ധതിയുടെ കരാറിന് മസഗണ്‍ ഡോക്‌യാര്‍ഡ്‌സ് ലിമിറ്റഡ്, ഗാര്‍ഡന്‍ റീച്ച് ഷിപ് ബില്‍ഡേഴ്‌സ് ആന്റ് എഞ്ചിനിയേഴ്‌സ് എന്നീ സ്ഥാപനങ്ങളെയാണ് പരിഗണിക്കുന്നത്. നാവികസേനയുടെ 17-ബി പദ്ധതിയായാണ് ഈ നിര്‍മാണ ലക്ഷ്യം അറിയപ്പെടുന്നത്.

മസഗണ്‍ നാലും ഗാര്‍ഡന്‍ റീച്ച് മൂന്നും കപ്പലുകള്‍ നിര്‍മിച്ചു വരുന്നുണ്ട്. പുതിയ കരാര്‍ രണ്ടു കപ്പലുകള്‍ക്കുമായി വീതിച്ചു നല്‍കാനും ഉദ്ദേശമുണ്ട്. ഇതുവഴി കപ്പല്‍ കഴിവതും നേരത്തെ നിര്‍മിച്ച് നേവിക്ക് കൈമാറാന്‍ കഴിയുമെന്നാണ് കണക്കു കൂട്ടല്‍. കപ്പല്‍ നിര്‍മാണ കരാര്‍ നിരവധി ഉപകരാറുകാര്‍ക്കു കൂടി ഗുണം ചെയ്യും.

മസഗണ്‍ ഡോക്കിന് ഇപ്പോള്‍ തന്നെ കപ്പല്‍ നിര്‍മാണത്തിന് വലിയ ഓര്‍ഡറുകളുണ്ട്. കാല്‍വരി ക്ലാസ് അന്തര്‍വാഹിനി ഇപ്പോള്‍ നിര്‍മിച്ചു വരുന്നു. ഈ വര്‍ഷം തന്നെ 35,000 കോടി പദ്ധതി ചെലവു കണക്കാക്കുന്ന മൂന്ന് അന്തര്‍വാഹിനികള്‍ക്കു കൂടി കരാര്‍ ലഭിച്ചേക്കും. ഗാര്‍ഡന്‍ റീച്ച് ഇപ്പോള്‍ അന്തര്‍വാഹിനി വേധ നിരീക്ഷണ കപ്പലുകളുടെ നിര്‍മാണത്തിലാണ്. അതേസമയം, കൊച്ചി ഷിപ്‌യാര്‍ഡിന് ഇപ്പോള്‍ തന്നെ വലിയ നിര്‍മാണ ഓര്‍ഡറുകളുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT