News & Views

അടുത്ത സാമ്പത്തികവര്‍ഷം പ്രതിരോധ ബജറ്റ് 20 ശതമാനം വര്‍ധിച്ചേക്കും; സൂചന നല്കി പ്രതിരോധ സെക്രട്ടറി

ലോകരാജ്യങ്ങളുടെ ആകെ പ്രതിരോധ ബജറ്റിന്റെ വെറും മൂന്ന് ശതമാനം മാത്രമാണ് ഇന്ത്യ രാജ്യസുരക്ഷയ്ക്കായി മാറ്റിവയ്ക്കുന്നത്

Dhanam News Desk

2026-27 സാമ്പത്തികവര്‍ഷം പ്രതിരോധ ബജറ്റില്‍ 20 ശതമാനം വര്‍ധനയ്ക്ക് സാധ്യത. അതിര്‍ത്തിയില്‍ കൂടുതല്‍ നിതാന്ത്ര ജാഗ്രത വേണ്ടതും സായുധ സേനകളുടെ വര്‍ധിച്ചുവരുന്ന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുമായി പ്രതിരോധ ബജറ്റില്‍ 20 ശതമാനം വര്‍ധന ആവശ്യപ്പെടുമെന്ന് പ്രതിരോധ സെക്രട്ടറി രാജേഷ് കുമാര്‍ വ്യക്തമാക്കി. ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി (ഫിക്കി) സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമീപകാലത്ത് അതിര്‍ത്തിക്ക് അപ്പുറത്തു നിന്നുള്ള ഭീഷണികള്‍ ശക്തമായിട്ടുണ്ട്. ഇത് നേരിടാന്‍ കൂടുതല്‍ സൈനിക, ആയുധശേഷി അനിവാര്യമാണ്. സാധാരണഗതിയില്‍ 10 ശതമാനം വര്‍ധനയാണ് പ്രതിരോധ ബജറ്റില്‍ ലഭിക്കുന്നത്. അടുത്ത കുറെ വര്‍ഷത്തേക്ക് ഇത് 20 ശതമാനമെങ്കിലും വേണ്ടിവരുമെന്നാണ് രാജേഷ്‌കുമാര്‍ വ്യക്തമാക്കിയത്.

മെയ് ഇന്‍ ഇന്ത്യയ്ക്ക് ഊന്നല്‍

2025-26 ബജറ്റില്‍ പ്രതിരോധ മേഖലയ്ക്ക് അനുവദിച്ചത് 6.8 ലക്ഷം കോടി രൂപയായിരുന്നു. ഇതില്‍ 1.8 ലക്ഷം കോടി രൂപ സൈന്യത്തിന്റെ ആധുനികവല്‍ക്കരണത്തിനു വേണ്ടിയാണ്. മുന്‍വര്‍ഷത്തെ 6.23 ലക്ഷം കോടി രൂപയില്‍ നിന്ന് 9 ശതമാനമാണ് വര്‍ധന.

ജിഡിപിയുടെ 1.9 ശതമാനമാണ് 2025-26 സാമ്പത്തികവര്‍ഷം പ്രതിരോധത്തിനായി വകയിരുത്തിയത്. ലോകരാജ്യങ്ങളുടെ ആകെ പ്രതിരോധ ബജറ്റിന്റെ വെറും മൂന്ന് ശതമാനം മാത്രമാണ് ഇന്ത്യ രാജ്യസുരക്ഷയ്ക്കായി മാറ്റിവയ്ക്കുന്നത്. ചൈനയുടെ 12 ശതമാനവുമായി തട്ടിച്ചുനോക്കുമ്പോള്‍ തീരെ കുറവാണിത്.

മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി പ്രതിരോധ ഉപകരണങ്ങളുടെ വാങ്ങലില്‍ വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്നത് ഇന്ത്യ കുറച്ചുകൊണ്ട് വരികയാണ്. മെയ്ക്ക് ഇന്‍ ഇന്ത്യ ഉത്പന്നങ്ങള്‍ കൂടുതലായി സൈന്യത്തിന്റെ ഭാഗമാകുന്നത് സമ്പദ് വ്യവസ്ഥയ്ക്കും ഗുണം ചെയ്യുന്നുവെന്ന് രാജേഷ്‌കുമാര്‍ വ്യക്തമാക്കി.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT