മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹി ജന്തർ മന്തറിൽ കോക്രോച്ച് ജനതാ പാർട്ടിയുടെ (CJP) നേതൃത്വത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ നടത്തുന്ന പ്രതിഷേധത്തെ തുടര്‍ന്ന് തലസ്ഥാനം കനത്ത സുരക്ഷാ വലയത്തില്‍. പ്രതിഷേധത്തിലെ മുൻനിര നേതാക്കളെ ഡല്‍ഹി പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുകയാണ്. 25,000-ത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചും മെട്രോ സ്റ്റേഷനുകൾ അടച്ചും ട്രെയിൻ സർവീസുകൾ റദ്ദാക്കിയും ഡൽഹിയിൽ കടുത്ത യാത്രാ നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ജനാധിപത്യം സംരക്ഷിക്കാനുള്ള പോരാട്ടമാണിതെന്ന് പ്രഖ്യാപിച്ച് പ്രതിഷേധക്കാര്‍ മുന്നോട്ട് പോകുമ്പോൾ, തലസ്ഥാനം കനത്ത ജാഗ്രതയിലാണ്. പ്രതിഷേധം നടക്കുന്ന ജൻപഥ്-കർതവ്യ പാത ഇന്റർസെക്ഷന്റെ 4 കിലോമീറ്റർ ചുറ്റളവിൽ മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ വിച്ഛേദിച്ചിരിക്കുയാണ്.
നേതാക്കളുടെ അറസ്റ്റും കസ്റ്റഡിയും: സി.ജെ.പി സ്ഥാപകൻ അഭിജിത് ദിപ്കെ (Abhijeet Dipke), സൗരവ് ദാസ്, അശുതോഷ് റങ്ക തുടങ്ങിയ നേതാക്കളെ ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ (IGI Airport) വെച്ച് പോലീസ് കസ്റ്റഡിയിലെടുത്തു. വിമാനത്തിനുള്ളിൽ വെച്ചുതന്നെ അഭിജിത് ദിപ്കെയെ പോലീസ് തടഞ്ഞുവെച്ചിരുന്നു.
പ്രമുഖരുടെ കരുതൽ തടങ്കൽ: കേരള മുൻ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുളള പ്രമുഖ രാഷ്ട്രീയ നേതാക്കളെയും പ്രതിഷേധത്തിൽ പങ്കെടുക്കാനെത്തിയതിന്റെ പേരിൽ ഡൽഹി പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
വ്യാപകമായ കസ്റ്റഡിയും അറസ്റ്റും: ജന്തർമന്തറിലേക്കും ഡൽഹിയുടെ വിവിധ ഭാഗങ്ങളിലേക്കും പ്രകടനം നടത്താൻ ശ്രമിച്ച നിരവധി പ്രവർത്തകരെയും വിദ്യാർത്ഥികളെയും പോലീസ് ബസുകളിൽ കയറ്റി നീക്കം ചെയ്യുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഡൽഹിയിലേക്ക് വരാൻ ശ്രമിച്ച CJP പ്രവർത്തകരെ വിവിധ സംസ്ഥാനങ്ങളിൽ വെച്ചും പോലീസ് തടഞ്ഞിട്ടുണ്ട്.
കോടതിയിലെ നടപടികൾ: ഡൽഹിയിലെ വലിയ യാത്രാവിലക്കുകൾക്കും ഗതാഗത തടസങ്ങൾക്കും എതിരെ സുപ്രീം കോടതിയിൽ ഹർജികൾ ഫയൽ ചെയ്യപ്പെട്ടിട്ടുണ്ട്.
പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷ ഉറപ്പാക്കാൻ ഡൽഹിയിലും പരിസരപ്രദേശങ്ങളിലും കടുത്ത യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്:
1. വിമാന സർവീസുകൾക്കുള്ള നിയന്ത്രണങ്ങൾ
സർവീസുകളിൽ മാറ്റമില്ല, പക്ഷെ യാത്രാ തടസം ഉണ്ടാകും: വിമാന സർവീസുകൾ റദ്ദാക്കിയിട്ടില്ലെങ്കിലും വിമാനത്താവളത്തിലേക്ക് (IGI Airport) പോകുന്ന യാത്രക്കാർക്കായി ഡൽഹി ട്രാഫിക് പോലീസ് പ്രത്യേക മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
റോഡുകളിൽ കടുത്ത സുരക്ഷാ പരിശോധനയും ഗതാഗത വഴി തിരിച്ചുവിടലും (diversions) ഉള്ളതിനാൽ വിമാനത്താവളത്തിലേക്ക് പോകുന്നവർ കൂടുതൽ സമയം മുൻകൂട്ടി കണ്ട് യാത്ര തിരിക്കണം.
2. ട്രെയിൻ സർവീസുകൾക്കുള്ള നിയന്ത്രണങ്ങൾ
ട്രെയിനുകൾ റദ്ദാക്കി: പ്രതിഷേധം കണക്കിലെടുത്ത് ന്യൂഡൽഹി (NDLS), ഹസ്രത് നിസാമുദ്ദീൻ സ്റ്റേഷനുകളിലേക്ക് വരേണ്ട നിരവധി ട്രെയിൻ സർവീസുകൾ റദ്ദാക്കുകയും നിയന്ത്രിക്കുകയും ചെയ്തിട്ടുണ്ട്. പുലർച്ചെ 4 നും ഉച്ചയ്ക്ക് 2 നും ഇടയിൽ എത്തേണ്ടിയിരുന്ന 245 ട്രെയിനുകളാണ് ഇന്ത്യൻ റെയിൽവേ റദ്ദാക്കിയിട്ടുളളത്. റദ്ദാക്കിയ ട്രെയിനുകളിൽ 75 എണ്ണം മെയിൽ, എക്സ്പ്രസ് സർവീസുകളാണ്, 170 എണ്ണം പാസഞ്ചർ ട്രെയിനുകളാണ്.
റെയിൽവേ സ്റ്റേഷനുകളിലേക്ക് പോകുന്ന യാത്രക്കാർ റോഡ് ഗതാഗത തടസം മുൻകൂട്ടി കണ്ട് നേരത്തെ ഇറങ്ങണമെന്ന് പോലീസ് നിർദ്ദേശിച്ചിട്ടുണ്ട്.
3. മറ്റ് പ്രധാന യാത്രാ/ഗതാഗത നിയന്ത്രണങ്ങൾ
മെട്രോ നിയന്ത്രണം: ഡൽഹി സെൻട്രൽ, രാജീവ് ചൗക്ക്, ന്യൂഡൽഹി, മാണ്ഡി ഹൗസ്, പട്ടേൽ ചൗക്ക് ഉൾപ്പെടെ 57-ലധികം പ്രധാന മെട്രോ സ്റ്റേഷനുകളിലെ പ്രവേശന-പാതകൾ (Entry/Exit) അടച്ചു. (മറ്റ് ലൈനുകളിലേക്ക് മാറാനുള്ള ഇന്റർചേഞ്ച് സൗകര്യം ലഭ്യമാണ്).
റോഡ് ഗതാഗതം: സെൻട്രൽ ഡൽഹി, ന്യൂഡൽഹി ഏരിയ, കണോട്ട് പ്ലേസ്, ജന്തർ മന്തർ എന്നിവടങ്ങളിലേക്ക് പോകുന്ന പ്രധാന പാതകളിൽ പോലീസ് ബാരിക്കേഡുകൾ വച്ച് ഗതാഗതം തിരിച്ചുവിട്ടിരിക്കുകയാണ്.
ക്യാബ് / ഓട്ടോ സേവനങ്ങൾ: ഓല, യൂബർ (Uber/Ola) പോലുള്ള ടാക്സികൾക്ക് ജന്തർ മന്തറിന് സമീപത്തേക്ക് സർവീസ് നടത്തുന്നതിന് നിയന്ത്രണമുണ്ട്.
വോട്ടർ പട്ടിക പരിഷ്കരണത്തിൽ (എസ്‌ഐആർ) ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്ന് ആരോപിച്ചാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധക്കാരുടെ സമരം.
Read DhanamOnline in English
Subscribe to Dhanam Magazine