Image courtesy: Patanjali/fb 
News & Views

കോവിഡ് മരണങ്ങള്‍ക്ക് ഡോക്ടര്‍മാരെ കുറ്റപ്പെടുത്തിയ ട്വീറ്റ് രാംദേവും സംഘവും പിന്‍വലിക്കണം; കാരണം ഇതാണ്

പതഞ്ജലി മരുന്നുകളെക്കുറിച്ച പരസ്യത്തിന് സുപ്രീംകോടതി കുടഞ്ഞത് അടുത്തയടെയാണ്

Dhanam News Desk

കോവിഡ് മരണങ്ങള്‍ക്ക് അലോപ്പതി ഡോക്ടര്‍മാരുടെ മേല്‍ കുറ്റം ചാര്‍ത്തുന്ന ട്വീറ്റുകള്‍ പിന്‍വലിക്കാന്‍ പതഞ്ജലി ആയുര്‍വേദ പ്രമോട്ടര്‍ ബാബ രാംദേവ്, മാനേജിങ് ഡയറക്ടര്‍ ബാലകൃഷ്ണ, പതഞ്ജലി കമ്പനി എന്നിവരോട് ഡല്‍ഹി ഹൈക്കോടതി ആവശ്യപ്പെട്ടു.

മേലില്‍ ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കരുതെന്ന് വിലക്കിയിട്ടുമുണ്ട്. രാംദേവും മറ്റും സ്വമേധയാ ട്വീറ്റ് പിന്‍വലിച്ചില്ലെങ്കില്‍ സമൂഹ മാധ്യമമായ എക്‌സ് അതു നീക്കം ചെയ്യാനും നിര്‍ദേശിച്ചു.

ഡോക്ടര്‍മാരുടെ പരാതിയിലാണ് ഉത്തരവ്

ഋഷികേശിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) റസിഡന്റ് ഡോക്ടര്‍മാരും മറ്റു വിവിധ സ്ഥാപനങ്ങളിലെ ഡോക്ടര്‍മാരും നല്‍കിയ അപകീര്‍ത്തി കേസിലാണ് നടപടി. പൊതുജന മനസില്‍ സംശയങ്ങള്‍ സൃഷ്ടിക്കാനാണ് കോവിഡ് മരണങ്ങളുടെ പേരില്‍ രാംദേവും മറ്റൂം ശ്രമിക്കുന്നതെന്ന് ഹരജിയില്‍ പരാതിപ്പെട്ടു.

പതഞ്ജലിയുടെ 'കൊറോണില്‍' കോവിഡ് സുഖപ്പെടുത്തുമെന്ന വിധത്തിലുള്ള എല്ലാ അവകാശ വാദങ്ങളില്‍ നിന്നും രാംദേവും സംഘവും മൂന്നു ദിവസത്തിനകം പിന്മാറണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

പതഞ്ജലി മരുന്നുകളെക്കുറിച്ച തെറ്റായ പരസ്യം നല്‍കിയതിന് രാംദേവിനും മറ്റുമെതിരെ സുപ്രീംകോടതി നടപടി സ്വീകരിച്ചത് അടുത്തയിടെയാണ്. മരുന്നുകളെക്കുറിച്ച പരസ്യം നല്‍കുന്നതുമായി ബന്ധപ്പെട്ടുള്ള നിയമത്തിനു വിരുദ്ധമായ പരസ്യം നല്‍കിയതിന് രാംദേവിന് കോടതിയില്‍ മാപ്പു പറയേണ്ടി വന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT