വിവാദങ്ങളും കോടതിയില്‍ നിന്നുള്ള തിരിച്ചടികളും പുത്തരിയല്ല യോഗഗുരു ബാബാ രാംദേവിനും അദ്ദേഹത്തിന്റെ കമ്പനിയായ പതഞ്ജലി ആയുര്‍വേദയ്ക്കും. എതിരാളികളെ കളിയാക്കുന്ന പരസ്യങ്ങള്‍ ചെയ്തതിന്റെ പേരില്‍ മുമ്പേ വിവാദത്തിലായ കമ്പനിയാണ് പതഞ്ജലി. ഇപ്പോഴിതാ മറ്റൊരു വിവാദത്തില്‍ കൂടി ഉള്‍പ്പെട്ടിരിക്കുകയാണ് രാംദേവിന്റെ കമ്പനി.
പതഞ്ജലി ആയുര്‍വേദ പുറത്തിറക്കിയ ച്യവനപ്രാശമാണ് ഇപ്പോള്‍ കോടതി കയറിയിരിക്കുന്നത്. 2024 ഡിസംബറിലാണ് പ്രശ്‌നങ്ങളുടെ തുടക്കം. പതഞ്ജലി ച്യവനപ്രാശത്തിനായി ഇറക്കിയ പരസ്യം മറ്റൊരു ച്യവനപ്രാശ കമ്പനിയായ ഡാബറിന്റെ ഉത്പന്നങ്ങളെ പരോക്ഷമായി കളിയാക്കി കൊണ്ടുള്ളതായിരുന്നു.
മറ്റ് കമ്പനികള്‍ ഇറക്കുന്ന ച്യവനപ്രാശത്തില്‍ മെര്‍ക്കുറിയുടെ അംശങ്ങളുണ്ടെന്നും ഇത് കുട്ടികള്‍ക്ക് ദോഷകരമാണെന്നും പത്രങ്ങളില്‍ നല്കിയ പരസ്യത്തില്‍ പതഞ്ജലി ആരോപിച്ചിരുന്നു. മാത്രമല്ല ഡാബര്‍ പോലുള്ള കമ്പനികളുടെ ച്യവനപ്രാശത്തില്‍ 40 ആയുര്‍വേദ കൂട്ടുകള്‍ മാത്രമാണുള്ളത്.
തങ്ങളാകട്ടെ 51 അപൂര്‍വ ആയുര്‍വേദ കൂട്ടുകള്‍ ചേര്‍ത്താണ് ഉത്പന്നം വിപണിയിലെത്തിക്കുന്നതെന്നും പരസ്യത്തില്‍ പറയുന്നു. ഇത്തരം അവകാശവാദങ്ങളും വ്യാജ വിവരങ്ങളും തങ്ങളുടെ വിശ്വാസ്യത തകര്‍ക്കുന്നുവെന്ന് കാണിച്ച് ഡാബര്‍ ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി നല്കി.
2025 ജൂലൈ മൂന്നിന്, ജസ്റ്റിസ് മിനി പുഷ്‌കര്‍ണ ഡാബറിന്റെ ഹര്‍ജിയില്‍ ഒരു ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. ആയുര്‍വേദത്തിലും വേദത്തിലും അറിവില്ലാത്തവര്‍, ചരകന്‍, സുശ്രുതന്‍, ധന്വന്തരിയും തുടങ്ങിയവര്‍ പിന്തുടരുന്ന 'ഒറിജിനല്‍' ച്യവനപ്രാശം എങ്ങനെ ഉണ്ടാക്കും? എന്ന വാചകം അച്ചടി പരസ്യങ്ങളില്‍ നിന്ന് ഒഴിവാക്കാന്‍ അവര്‍ പതഞ്ജലിയോട് നിര്‍ദ്ദേശിച്ചു.
ഈ മാറ്റങ്ങള്‍ നടപ്പിലാക്കിയാല്‍ പതഞ്ജലിക്ക് അതിന്റെ പ്രചാരണം തുടരാന്‍ സ്വാതന്ത്ര്യമുണ്ടെന്ന് ജഡ്ജി ഇടക്കാല ഉത്തരവ് ഇറക്കിയിരുന്നു.
ഇതിനെ ചോദ്യം ചെയ്ത് പതഞ്ജലി ഡല്‍ഹി ഹൈക്കോടതിയുടെ കൊമേഴ്സ്യല്‍ അപ്പലേറ്റ് ഡിവിഷനില്‍ സമീപിച്ചു. തങ്ങളുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്ന ഉത്തരവാണ് ഹൈക്കോടതിയില്‍ നിന്നുണ്ടായതെന്നാണ് അവരുടെ വാദം. ഈ കേസ് ജസ്റ്റിസ് സി. ഹരിശങ്കറിന്റെയും ജസ്റ്റിസ് ഓംപ്രകാശ് ശുക്ലയുടെയും ബെഞ്ചിലെത്തിയപ്പോള്‍ പതഞ്ജലി ഗ്രൂപ്പിനെ നിശിതമായി വിമര്‍ശിച്ചത്. അപ്പീല്‍ പിന്‍വലിച്ചില്ലെങ്കില്‍ നടപടിയെടുക്കുമെന്നാണ് കോടതിയുടെ മുന്നറിയിപ്പ്.
പരസ്യം പൂര്‍ണമായും പിന്‍വലിക്കണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നില്ലെന്നും ചെറിയ മാറ്റങ്ങളാണ് നിര്‍ദ്ദേശിച്ചതെന്നും ബെഞ്ച് നിരീക്ഷിച്ചു. അതുപോലെ ചെയ്യാതെ കോടതിയെ വെല്ലുവിളിക്കാന്‍ വന്നാല്‍ നടപടി നേരിടേണ്ടി വരുമെന്നാണ് ബെഞ്ചിന്റെ മുന്നറിയിപ്പ്.
Read DhanamOnline in English
Subscribe to Dhanam Magazine