Image courtesy: canva 
News & Views

മൈക്രോസോഫ്റ്റ് തകരാര്‍: വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനം സാധാരണ നിലയിലേക്ക് നീങ്ങുന്നു

തകരാര്‍ ഇന്നത്തോടെ പരിഹരിക്കപ്പെടുമെന്ന് അധികൃതര്‍

Dhanam News Desk

ഇന്നലെ ഉണ്ടായ കമ്പ്യൂട്ടറുകളിലെ വ്യാപകമായ മൈക്രോസോഫ്റ്റ് തകരാർ മൂലം വിമാനത്താവളങ്ങളില്‍ വെള്ളിയാഴ്ചത്തെ അത്ര സ്ഥിതി ഗുരുതരമല്ലെങ്കിലും നേരിയ തോതില്‍ പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുന്നതായി യാത്രക്കാര്‍ അറിയിച്ചു. ഇന്നലെ പ്രവർത്തനങ്ങള്‍ വൈകിയതിനാല്‍ മിക്ക വിമാനത്താവളങ്ങളിലും ഇന്ന് ചെറിയ തിരക്ക് രൂപപ്പെട്ടിട്ടുണ്ട്. തിരക്ക് ഒഴിയാൻ മണിക്കൂറുകളെടുക്കുമെന്നാണ് കരുതുന്നത്.

കമ്പ്യൂട്ടര്‍ സംവിധാനം പൂർണ്ണമായി വീണ്ടെടുത്തിട്ടില്ല

ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അന്താരാഷ്ട്ര യാത്രക്കാർക്ക് ബോർഡിംഗ് പാസ് ലഭിക്കുന്നതില്‍ പ്രശ്നങ്ങളുണ്ട്. വിമാനത്താവളത്തിനുള്ളിൽ മാനുവൽ പാസുകൾ നൽകിയാണ് പ്രശ്നം പരിഹരിക്കുന്നത്. ഇന്നലെ പ്രവർത്തനരഹിതമായ കാത്തിരിപ്പ് സമയം, ഫ്ലൈറ്റ് ഷെഡ്യൂളുകൾ, മറ്റ് നിർണായക വിവരങ്ങൾ എന്നിവ കാണിക്കുന്ന ഡിസ്പ്ലേ ബോർഡുകൾ ഇപ്പോൾ പ്രവർത്തനക്ഷമമാണ്. എന്നിരുന്നാലും മൊത്തത്തിലുള്ള കമ്പ്യൂട്ടര്‍ സംവിധാനം ഇതുവരെ പൂർണ്ണമായി വീണ്ടെടുത്തിട്ടില്ലെന്ന് എയർപോർട്ട് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സ്ഥിതി ഇന്നലത്തേക്കാള്‍ മെച്ചമാണ്. അന്താരാഷ്ട്ര വിമാനങ്ങളുടെ ഷെഡ്യൂൾ പുനഃക്രമീകരിച്ചിട്ടുണ്ട്. ബംഗളൂരു വിമാനത്താവളത്തിലെ സാങ്കേതിക തകരാർ പൂർണമായും പരിഹരിച്ചിട്ടുണ്ട്.

തകര്‍ച്ചയ്ക്ക് കാരണം സോഫ്റ്റ് വെയര്‍ അപ്‌ഡേറ്റ്

സൈബർ സുരക്ഷാ സ്ഥാപനമായ ക്രൗഡ്‌സ്ട്രൈക്കിന്റെ സോഫ്റ്റ് വെയര്‍ അപ്‌ഡേറ്റാണ് ലോകമെമ്പാടുമുള്ള മൈക്രോസോഫ്റ്റിന്റെ വിൻഡോസ് കമ്പ്യൂട്ടറുകളുടെ തകരാറിന് കാരണമായത്. ധനകാര്യ സ്ഥാപനങ്ങൾ, എയർലൈനുകൾ, ആശുപത്രികൾ, സ്റ്റോക്ക് എക്സ്ചേഞ്ചുകള്‍, മറ്റ് ബിസിനസ് സ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ പ്രവര്‍ത്തനങ്ങളില്‍ തടസ്സം നേരിട്ടിരുന്നു. ഇൻഡിഗോ, ആകാശ എയർ, വിസ്താര, എയർ ഇന്ത്യ, സ്‌പൈസ് ജെറ്റ്, എയർ ഇന്ത്യ എക്‌സ്പ്രസ് തുടങ്ങിയ വിമാനകമ്പനികള്‍ പ്രശ്‌നങ്ങൾ നേരിട്ടതായി സമൂഹമാധ്യമങ്ങളിലൂടെ ഇന്നലെ അറിയിച്ചിരുന്നു.

ഇന്നത്തോടെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുമെന്ന് വ്യോമയാന മന്ത്രാലയം

എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ തടസ്സങ്ങൾ കുറയ്ക്കുന്നതിന് മാനുവൽ രീതികൾ ഉപയോഗിച്ച് സ്ഥിതിഗതികൾ കൈകാര്യം ചെയ്യുന്നുണ്ടെന്ന് കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രി രാംമോഹൻ നായിഡു പറഞ്ഞു. ഇന്ന് ഉച്ചയോടെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായി വ്യോമയാന മന്ത്രാലയം വ്യക്തമാക്കി. മൈക്രോസോഫ്റ്റ് തകരാറിന്റെ കാരണം തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പ്രശ്‌നം പരിഹരിക്കുന്നതിനുള്ള സോഫ്റ്റ് വെയര്‍ അപ്‌ഡേറ്റുകൾ പുറത്തിറക്കിയിട്ടുണ്ടെന്നും ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT