Image courtesy: Canva
News & Views

കടകളില്‍ സ്ത്രീകൾക്ക് രാത്രി ഷിഫ്റ്റിൽ ജോലി ചെയ്യാം, 24x7 ബിസിനസ് ഹബ്ബാക്കി മാറ്റുന്നതിനുള്ള സുപ്രധാന തീരുമാനവുമായി ഡല്‍ഹി സര്‍ക്കാര്‍

രാത്രി സമയങ്ങളിൽ ജോലി ചെയ്യുന്ന സ്ത്രീ ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് കർശനമായ സംവിധാനങ്ങളും നടപ്പാക്കണം

Dhanam News Desk

കടകളിലും വാണിജ്യ സ്ഥാപനങ്ങളിലും ഡല്‍ഹിയില്‍ സ്ത്രീകൾക്ക് രാത്രി ഷിഫ്റ്റിൽ ജോലി ചെയ്യാൻ അനുവദിക്കുന്നതിനുള്ള നിർദ്ദേശത്തിന് മുഖ്യമന്ത്രി രേഖ ഗുപ്ത അംഗീകാരം നൽകി. ഡൽഹിയെ 24x7 ബിസിനസ് ഹബ്ബാക്കി മാറ്റുന്നതിനുള്ള ഒരു സുപ്രധാന ചുവടുവയ്പ്പാണിതെന്ന് രേഖ ഗുപ്ത പറഞ്ഞു. ഹരിയാന, തെലങ്കാന, മധ്യപ്രദേശ്, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങൾ ഇതിനകം തന്നെ സ്ത്രീകൾക്ക് രാത്രി ഷിഫ്റ്റുകൾ അനുവദിച്ചിട്ടുണ്ട്.

ഇതിന്റെ ഭാഗമായി 1954 ലെ ഡൽഹി ഷോപ്പ്സ് ആൻഡ് എസ്റ്റാബ്ലിഷ്മെന്റ്സ് ആക്ടിലെ പ്രധാന വ്യവസ്ഥകൾ ഭേദഗതി ചെയ്യും. വേനൽക്കാലത്ത് രാത്രി 9 മുതൽ രാവിലെ 7 വരെയും ശൈത്യകാലത്ത് രാത്രി 8 മുതൽ രാവിലെ 8 വരെയും സ്ത്രീകള്‍ ജോലി ചെയ്യുന്നതിന് നിലവില്‍ ഈ ചട്ടം അനുസരിച്ച് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ച നിര്‍ദേശം ലെഫ്റ്റനന്റ് ഗവർണർ വി.കെ. സക്‌സേനയുടെ അംഗീകാരത്തിനായി അയച്ചിരിക്കുകയാണ്.

രാത്രി സമയങ്ങളിൽ ജോലി ചെയ്യുന്ന സ്ത്രീ ജീവനക്കാരുടെ സുരക്ഷയും അന്തസും ഉറപ്പാക്കുന്നതിന് കർശനമായ സുരക്ഷാ സംവിധാനങ്ങളും മറ്റു മാറ്റങ്ങളും നടപ്പിലാക്കുന്നതിനുളള നിര്‍ദേശങ്ങളും സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിക്കും. എല്ലാ വ്യാപാര സ്ഥാപനങ്ങളിലും സിസിടിവി നിരീക്ഷണം, സുരക്ഷാ ഗാർഡുകളുടെ വിന്യാസം, രാത്രി ഷിഫ്റ്റിൽ ജോലി ചെയ്യുന്ന സ്ത്രീകൾക്ക് നിർബന്ധിത ഗതാഗത ക്രമീകരണങ്ങൾ തുടങ്ങിയവ ഏര്‍പ്പെടുത്തേണ്ടതുണ്ട്.

രാത്രി ജോലികൾക്ക് നിയമിക്കുന്നതിന് മുമ്പ് വനിതാ ജീവനക്കാരുടെ രേഖാമൂലമുള്ള സമ്മതം, സ്ത്രീകൾക്കുള്ള ടോയ്‌ലറ്റുകൾ, വിശ്രമമുറികൾ, ലോക്കറുകൾ തുടങ്ങിയ അവശ്യ സൗകര്യങ്ങൾ, ജോലിസ്ഥലത്ത് സ്ത്രീകൾക്കെതിരായ ലൈംഗിക പീഡനം തടയൽ നിയമത്തിന് കീഴിലുള്ള ആന്തരിക കമ്മിറ്റികൾ തുടങ്ങിയവയും നടപ്പാക്കേണ്ടതുണ്ട്.

Delhi to allow women to work night shifts in shops to transform the city into a 24x7 business hub.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT