Canva
News & Views

ഈ ബിരിയാണി സ്വാദിനു മുന്നില്‍ കെ.എഫ്.സിയുടെ നാവില്‍ വെള്ളമൂറി! വരുമാനം ₹ 300 കോടി കവിഞ്ഞ ബിരിയാണി കമ്പനി ഏറ്റെടുക്കാന്‍ ഇന്ത്യയിലെ കെ.എഫ്.സി വിതരണക്കാര്‍

34,000 കോടി രൂപ വരെ മൂല്യമുള്ള ബിരിയാണി വിപണിയാണ് രാജ്യത്തുള്ളതെന്നാണ് വിലയിരുത്തല്‍

Dhanam News Desk

പ്രമുഖ ബിരിയാണി റെസ്‌റ്റോറന്റ് ശൃംഖലയായ ബിരിയാണി ബൈ കിലോ (ബി.ബി.കെ)യെ ഏറ്റെടുക്കാന്‍ ഒരുങ്ങി ദേവയാനി ഇന്റര്‍നാഷണല്‍. കെന്റക്കി ഫ്രൈഡ് ചിക്കന്‍ (കെ.എഫ്.സി), പിസ ഹട്ട് തുടങ്ങിയ അന്താരാഷ്ട്ര ബ്രാന്റുകളുടെ ഇന്ത്യയിലെ വിതരണക്കാരാണ് ദേവയാനി ഇന്റര്‍നാഷണല്‍. നടത്തിപ്പുകാരായ സ്‌കൈ ഗേറ്റ് ഹോസ്പിറ്റാലിറ്റിയില്‍ നിന്നും ബി.ബി.കെയുടെ നിയന്ത്രണ അധികാരം ഏറ്റെടുക്കാനുള്ള ചര്‍ച്ചകള്‍ നടത്തുകയാണെന്ന് കഴിഞ്ഞ ദിവസമാണ് കമ്പനി ബി.എസ്.ഇയെ അറിയിച്ചത്. ബി.ബി.കെക്ക് പുറമെ, ഗോയ്‌ല ബട്ടര്‍ ചിക്കന്‍, ദി ഭോജന്‍, ഗെറ്റ് എ വേ (Get-A-Way) തുടങ്ങിയ ബ്രാന്‍ഡുകളും സ്‌കൈ ഗേറ്റില്‍ നിന്നും ദേവയാനി ഏറ്റെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

എന്താണ് ബി.ബി.കെ

2016ല്‍ ഡല്‍ഹിയില്‍ തുടക്കമിട്ട ബിരിയാണി ബൈ കിലോക്ക് നിലവില്‍ 45 നഗരങ്ങളിലായി നൂറിലധികം റീട്ടെയില്‍ സ്‌റ്റോറുകളും എഴുപതോളം ക്ലൗഡ് കിച്ചനുകളുമുണ്ട്. വിശാല്‍ ജിന്‍ഡാല്‍, കൗശിക് റോയ് എന്നിവര്‍ ചേര്‍ന്നാണ് കമ്പനി ആരംഭിച്ചത്. അടുത്തിടെ ദുബായിലും കമ്പനി ഔട്ട്‌ലെറ്റ് ആരംഭിച്ചിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം മാത്രം 300 കോടി രൂപയുടെ വരുമാനമാണ് ബി.ബി.കെ നേടിയത്. 2018-19 സാമ്പത്തിക വര്‍ഷം മുതല്‍ 2023-24 വര്‍ഷം വരെ 55 ശതമാനം വാര്‍ഷിക വളര്‍ച്ചാ നിരക്കും കമ്പനി നേടി. എന്നാല്‍ മികച്ച വരുമാനം ലഭിച്ചിരുന്നെങ്കിലും കമ്പനി നഷ്ടത്തിലായിരുന്നു.

ബിരിയാണി വിപണി

ഇന്ത്യയിലെ ബിരിയാണി വിപണി 2-4 ബില്യന്‍ ഡോളര്‍ (ഏകദേശം 17,000 കോടി രൂപ മുതല്‍ 34,000 കോടി രൂപ വരെ) മൂല്യമുള്ള വിപണിയാണെന്ന് ബ്രോക്കറേജ് സ്ഥാപനമായ എംകേ ഗ്ലോബലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. മാത്രവുമല്ല ഓണ്‍ലൈന്‍ വിതരണ പ്ലാറ്റ്‌ഫോമുകളില്‍ ഏറ്റവും കൂടുതല്‍ ഓര്‍ഡര്‍ ചെയ്യപ്പെടുന്ന വിഭവങ്ങളിലൊന്നും ബിരിയാണിയാണ്. പ്രമുഖ ഓണ്‍ലൈന്‍ ഭക്ഷണ വിതരണ ആപ്പായ സൊമാറ്റോ വഴി 2024ല്‍ 9.1 കോടി ബിരിയാണികളാണ് ഓര്‍ഡര്‍ ചെയ്യപ്പെട്ടതെന്നും കണക്കുകള്‍ പറയുന്നു. എതിരാളിയായ സ്വിഗിയിലാകട്ടെ കഴിഞ്ഞ ഒമ്പത് വര്‍ഷമായി ടോപ് ലിസ്റ്റിലുള്ളത് ബിരിയാണി തന്നെ. കഴിഞ്ഞ വര്‍ഷം 8.3 കോടി ബിരിയാണിയാണ് ആളുകള്‍ ഓര്‍ഡര്‍ ചെയ്തത്. അതായത് ഓരോ മിനിറ്റിലും 158 ബിരിയാണികള്‍ക്ക് ഓര്‍ഡര്‍ ലഭിക്കുന്നു.

മികച്ച സാധ്യത

രാജ്യത്തെ അസംഘടിത ബിരിയാണി വിപണിയിലേക്കുള്ള ദേവയാനി ഇന്റര്‍നാഷണലിന്റെ രംഗപ്രവേശനം മികച്ച വളര്‍ച്ചാ സാധ്യതയുള്ളതാണെന്നാണ് പല ബ്രോക്കറേജുകളുടെയും വിലയിരുത്തല്‍. ഇതിന് പിന്നാലെ കഴിഞ്ഞ ദിവസം ഓഹരി വില കുതിച്ചെങ്കിലും ഇന്ന് കാര്യമായ നേട്ടമുണ്ടാക്കാന്‍ ദേവയാനി ഇന്റര്‍നാഷണലിന്റെ ഓഹരികള്‍ക്ക് കഴിഞ്ഞിട്ടില്ല.

KFC operator Devyani International is set to acquire Biryani By Kilo, expanding its presence in the Indian food delivery and QSR segment

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT